18 September Wednesday

വയനാട്‌ ദുരന്തം: കൂലിയെഴുത്തുകാരെ തേടി കേന്ദ്രം

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2024

ന്യൂഡൽഹി
വയനാട് ദുരന്തത്തിന്റെ  കാരണം കേരള സർക്കാരിന്റെ തെറ്റായനയങ്ങളാണെന്ന്‌ സ്ഥാപിക്കുന്ന ലേഖനങ്ങളും റിപ്പോർട്ടുകളും കെട്ടിച്ചമയ്‌ക്കാൻ സന്നദ്ധരായ വിദഗ്‌ധർക്കായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ശ്രമം തുടങ്ങി. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വഴി പരിസ്ഥിതി മന്ത്രാലയം നടത്തിയ ഇടപെടലുകൾ സംബന്ധിച്ച റിപ്പോർട്ട്‌ ഓൺലൈൻ മാധ്യമമായ  ‘ദി ന്യൂസ് മിനിറ്റ്’ പുറത്തുവിട്ടു.

പരിസ്ഥിതിമന്ത്രാലയത്തിന്റെ നിർദേശാനുസരണം കേരളത്തിനെതിരെ റിപ്പോർട്ടുകൾ ചമയ്ക്കാൻ പിഐബി ശാസ്‌ത്രജ്ഞരെയും ഗവേഷകരെയും മാധ്യമപ്രവർത്തകരെയും സമീപിച്ചെന്നാണ് റിപ്പോർട്ട്‌. കേരളത്തിൽ അനിയന്ത്രിതമായി പ്രവർത്തിക്കുന്ന ക്വാറികളാണ്‌  ദുരന്തത്തിന്‌ കാരണമെന്ന മട്ടിൽ ലേഖനങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കാനാണ്‌  വിദഗ്‌ധരോട്‌ പിഐബി ആവശ്യപ്പെട്ടത്‌.  വിദഗ്‌ധർക്ക്‌ അതിന്‌ സഹായകമായ വിവരങ്ങളടങ്ങിയ ഫയലുകൾ പിഐബി കൈമാറുകയും ചെയ്‌തു.

റിപ്പോർട്ടുകൾ കെട്ടിച്ചമയ്‌ക്കാൻ പിഐബി സമീപിച്ച മൂന്ന്‌ വിദഗ്‌ധരുമായി ‘ദി ന്യൂസ്‌മിനിറ്റ്‌’ വാർത്താസംഘം സംസാരിച്ചു. കേരളത്തിന്‌ എതിരായ കേന്ദ്രസർക്കാരിന്റെ ‘നിഴൽയുദ്ധത്തിൽ’ പങ്കാളിയാകാൻ താൽപര്യമില്ലെന്നാണ്‌ ഒരു വിദഗ്‌ധൻ പ്രതികരിച്ചത്‌. കേരളത്തിന്റെ വീഴ്‌ചകൾ വ്യക്തമാക്കുന്ന ആധികാരികരേഖകളുണ്ടെങ്കിൽ അത്‌ പുറത്തുവിടാൻ കേന്ദ്രം തയ്യാറാകണം. അതിന്‌ തയ്യാറാകാതെ നിഴൽയുദ്ധത്തിലൂടെ കേരള വിരുദ്ധ വികാരമുണ്ടാക്കാൻ നോക്കുന്നത്‌ ശരിയല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

 കേന്ദ്രം നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ്‌ ദുരന്തത്തിന്‌ കാരണമായതെന്ന്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാ    ആരോപിച്ചിരുന്നു. എന്നാൽ, കേന്ദ്രം റെഡ്‌ അലർട്ട്‌ നൽകിയിരുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ തെളിവ്‌ പുറത്തുവിട്ടതോടെ അമിത്‌ഷായുടെ ആരോപണം വസ്‌തുതാവിരുദ്ധമാണെന്ന്‌ തെളിഞ്ഞു.  ദുരന്തത്തിന്‌ കാരണം അനധികൃത ഖനനവും കുടിയേറ്റവുമാണെന്ന്‌  കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് ആരോപിച്ചിരുന്നു. വയനാട്‌ ദുരന്തത്തിൽനിന്ന്‌ കരകയറാൻ കേരളം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നതിനിടെയാണ്‌ രാഷ്‌ട്രീയവൈരം തീർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top