19 July Friday

വണ്ടര്‍ലായിൽ റൈഡ് നിയന്ത്രണംവിട്ട‌് താഴേക്ക് പതിച്ച് അപകടം: നാലുപേര്‍ക്ക് ഗുരുതര പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

ന്യൂഡൽഹി> ബെംഗലൂരു വണ്ടര്‍ലാ അമ്യൂസ്‍മെന്‍റ്‍ പാര്‍ക്കില്‍ റൈഡ് നിയന്ത്രണംവിട്ട‌് താഴേക്ക് പതിച്ച് അപകടം. അപകടത്തിൽ നാലുപേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട‌്. ജൂണ്‍ പതിനെട്ടിനാണ് അപകടം നടന്നതെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ‌് സോഷ്യല്‍ മീ‍ഡിയയില്‍ വൈറലായത‌്. കൊച്ചി വണ്ടർലായിൽ അപകടം പറ്റിയ ചെറുപ്പക്കാരന് നഷ്ടപരിഹാരം നൽകാത്തതിനെത്തുടർന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടി വന്നതിനുപിന്നാലെയാണ് ബെംഗളൂരു വണ്ടർലായിലെ അപകടം.

സാങ്കേതിക തകരാറുമൂലം ദി ഹരിക്കെയ്‍ന്‍ എന്ന റൈഡറിന്റെ നിയന്ത്രണം നഷ്ടമായാണ് ആളുകളുമായി നിലത്തേക്ക് പതിച്ച‌് അപകടമുണ്ടായത്. ഇതേതുടർന്ന‌് റൈഡിനും മണ്ണിനും ഇടയിലായി ആളുകളുടെ കാലുകള്‍ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ ജീവനക്കാരും കൂടിനിന്നവരും ഓടിയെത്തി റൈഡ് ഉയർത്തിയാണ് ആളുകളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ബെംഗലൂരു ബിജിഎസ്‍ ഹോസ്‍പിറ്റലില്‍ ആണ് പ്രവേശിപ്പിച്ചത്. പാര്‍ക്കിലെത്തിയ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ അപകടദൃശ്യം പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

22 പേർക്ക് ഒരേസമയം കയറാവുന്ന റൈഡിൽ വൈദ്യുതി നിലച്ചതാണ് റൈഡ് താഴേക്ക് പതിക്കാൻ കരണമായതെന്ന് പൊലിസ് പറയുന്നത്. എന്നാൽ അപകട വിവരം അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. അപകടം പറ്റിയവരിൽ ആരും ആദ്യം പൊലീസില്‍ പരാതി നല്‍കാൻ തയ്യാറായില്ല. പിന്നീട‌ാണ‌് ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയതെന്ന‌് ബിദാദി എസ് പി ഹരീഷ് പറഞ്ഞു. അതേസമയം ചെറിയ അപകടമാണ് ഉണ്ടായതെന്നാണ് വണ്ടര്‍ലാ മാനേജ്‍മെന്റ‌് നല്‍കുന്ന വിശദീകരണം.

2002 ഡിസംബര്‍ 22നാണ് കൊച്ചി വീഗാലാന്‍ഡില്‍ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ വീണു പരിക്കുപറ്റിയത്. പക്ഷെ ചിറ്റിലപ്പിള്ളി നഷ്ടപരിഹാരം നൽകാൻ തയ്യാറായില്ല.  ഇതേതുടർന്ന് നഷ്ടപരിഹാരം തേടി വിജേഷ്  2007ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപകടം നടന്നിട്ട് വർഷങ്ങളായിട്ടും നഷ്ടപരിഹാരം നൽകാത്ത കേസ‌് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

സംഭവത്തിൽ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് ചീഫ‌്‌ ജസ‌്റ്റിസിന‌്‌ എഴുതിയ കത്തിന്റെ കോപ്പി  മാധ്യമങ്ങൾക്ക് നൽകിയതിന‌് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ചൊവ്വാഴ്ച അഡ്വക്കേറ്റ് ജനറൽ അനുമതി നൽകിയിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top