20 October Sunday

ഇതാ ഡൽഹിയിൽ നിന്ന്‌ സ്‌നേഹവണ്ടി ; 30 ലക്ഷത്തിന്റെ അവശ്യവസ്‌തുക്കൾ കേരളത്തിലേക്ക്‌

പി ആർ ചന്തുകിരൺUpdated: Saturday Aug 31, 2019


ന്യൂഡൽഹി 
പ്രളയദുരിതത്തിൽപ്പെട്ട കേരളത്തിന്‌ ഡൽഹിയിലെ മലയാളികളുടെ കരുതൽ. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്കായി 30 ലക്ഷം രൂപയുടെ ഒരു വാഗൺ സാധന സാമഗ്രികൾ ശനിയാഴ്‌ച രാവിലെ പുറപ്പെടും. വീട്ടുപകരണം, വസ്‌ത്രം തുടങ്ങിയ അവശ്യവസ്‌തുക്കളാണ്‌ മംഗള എക്‌സ്‌പ്രസിൽ തിരൂരിലെത്തുക. കേരള ഹൗസിന്റെയും വിവിധ മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ രണ്ടാഴ്‌ചകൊണ്ടാണ്‌ സമാഹരിച്ചത്‌. മുമ്പ്‌ കേരള ഹൗസിന്റെ നേതൃത്വത്തിൽ 22.45 ടൺ മരുന്നും കേരളത്തിനായി എത്തിച്ചിരുന്നു.

കാനിങ്‌ റോഡിലെ കേരള സ്‌കൂളിൽ പ്രവർത്തിച്ച  കേന്ദ്രത്തിൽ,  രാപകലില്ലാതെ ഡൽഹി സർവകലാശാലാ വിദ്യാർഥികളടക്കം സംഭരണത്തിൽ പങ്കാളികളായി. ഇവിടെനിന്ന്‌ ലോഹ്‌റി റോഡിലെ റെയിൽവേ യാർഡിലേക്ക്‌ ആറ്‌ ലോറികളിലും മൂന്ന്‌ കാറുകളിലുമായാണ്‌ സാധനങ്ങൾ  എത്തിച്ചത്‌.

സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത്‌, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സുപ്രീംകോടതി റിട്ട. ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്‌ ദുരിതാശ്വാസ സാമഗ്രികൾ സംഭരിക്കാൻ തീരുമാനിച്ചത്‌. വിവിധ മലയാളി സംഘടനകൾ നേതൃത്വം നൽകി.

ഡൽഹി മലയാളികൾ സമാഹരിച്ച പ്രളയദുരിതാശ്വാസ സാമഗ്രികൾ മംഗള  എക്‌സ്‌പ്രസിൽ കയറ്റാനായി എത്തിച്ച സന്നദ്ധ പ്രവർത്തകർ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്തിനൊപ്പം

ഡൽഹി മലയാളികൾ സമാഹരിച്ച പ്രളയദുരിതാശ്വാസ സാമഗ്രികൾ മംഗള എക്‌സ്‌പ്രസിൽ കയറ്റാനായി എത്തിച്ച സന്നദ്ധ പ്രവർത്തകർ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്തിനൊപ്പം


 

ജസ്‌റ്റിസ്‌ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ ലീഗൽ സർവീസ്‌ അതോറിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആദർശ്‌ പബ്ലിക്‌ സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാർഥി കാശ്‌വി എത്തിച്ച അരി മുതൽ വലുതും ചെറുതുമായ നിരവധി സംഭാവനകൾ ലഭിച്ചു.

ഇത്തവണ ഏറെ ദുരിതം അനുഭവിച്ച മലപ്പുറത്തേക്ക്‌  കലക്ടറുടെ പേരിലാണ്‌ സാധനങ്ങൾ എത്തിക്കുകയെന്ന്‌ സംഘാടകർ പറഞ്ഞു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്കായും ഡിഡിയായുമുള്ള സംഭാവനകൾ സ്വീകരിക്കാൻ കേരള ഹൗസിൽ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top