27 May Monday

കാണാതായ ബോട്ട‌് നാവികസേനയുടെ കപ്പലിടിച്ച‌് തകർന്നതായി സംശയം ; വിവരം മറച്ചുവയ‌്ക്കുന്നതായി ആക്ഷേപം

അനീഷ‌് ബാലൻUpdated: Thursday Jan 24, 2019

മംഗളൂരു
ഏഴ‌് തൊഴിലാളികളുമായി ഉഡുപ്പിയിൽനിന്ന‌് മീൻപിടിക്കാൻ പോയ ബോട്ട‌് നാവികസേനയുടെ കപ്പലിടിച്ച‌് തകർന്നതാണെന്ന സംശയം ബലപ്പെടുന്നു. ഒരു മാസംമുമ്പാണ‌് സുവർണ ത്രിബുജ എന്ന മീൻപിടിത്ത ബോട്ട‌് ദുരൂഹ സാഹചര്യത്തിൽ കാണാതായത‌്.   മഹാരാഷ‌്ട്ര ഭാഗത്തെ അടിക്കടലിൽനിന്ന‌് കണ്ടെടുത്ത‌ത‌്  ഈ ബോട്ടിന്റെ അവശിഷ്ടങ്ങളാണെന്ന‌് അന്വേഷകസംഘം കരുതുന്നു.

കഴിഞ്ഞ ദിവസമാണ‌് മഹാരാഷ‌്ട്രയിലെ മാൽവാനിലെ അടിക്കടലിൽനിന്ന‌് 23 മീറ്റർ നീളമുള്ള ബോട്ടിന്റെ ഭാഗം കണ്ടെത്തിയത‌്. തീരദേശ പൊലീസ‌്, കോസ‌്റ്റ‌് ഗാർഡ‌്, നാവികസേന എന്നിവരുടെ സംയുക്തസംഘം കണ്ടെത്തിയ ഈ അവശിഷ്ടത്തെക്കുറിച്ച‌്  സ്ഥിരീകരിക്കാൻ ഒരാഴ‌്ചയെടുക്കും. ഗോവയിൽനിന്നുള്ള പ്രത്യേക കപ്പൽ കണ്ടെത്തിയ അവിശിഷ്ടത്തിന്റെ 3ഡി മാപ്പിങ‌് നടത്തി  പരിശോധിച്ചുവരികയാണ‌്. ഇതേ ഭാഗത്തുനിന്നാണ‌് ഏതാനും ദിവസംമുമ്പ‌് എസ‌്ടി എന്നെഴുതിയ മീൻപ്പെട്ടികളും കാറ്റുനിറച്ച റബർ ട്യൂബുകളും കണ്ടെത്തിയത‌്. ഇത‌് സുവർണ ത്രിബുജയുടേതുതന്നെയാണെന്ന‌് അന്വേഷകസംഘം സ്ഥിരീകരിച്ചിരുന്നു. ബോട്ട‌് തീവ്രവാദികളോ കടൽകൊള്ളക്കാരോ തട്ടിക്കൊണ്ടുപോകാനുള്ള  സാധ്യതകളും അന്വേഷകസംഘം തള്ളിക്കളയുന്നു.  ബോട്ട‌് സമുദ്രാതിർത്തി ലംഘിച്ചിട്ടില്ലെന്നാണ‌് ഇവരുടെ നിഗമനം.

അതിനിടെ പശ്ചിമ നാവിക ആസ്ഥാനമായ മുംബൈയിൽനിന്നുള്ള ഐഎൻഎസ‌് കൊച്ചിയെന്ന കപ്പൽ ബോട്ടിലിടിച്ചതായുള്ള സംശയവും ബലപ്പെട്ടുവരികയാണ‌്. ഉഡുപ്പി, കാർവാർ ഉന്നത പൊലീസ‌് ഉദ്യോഗസ്ഥർ  ചൊവ്വാഴ‌്ച കാർവാറിൽ നാവിക സേനയുമായി നടത്തിയ മീറ്റിങ്ങിൽ ഡിസംബർ 16 ന‌് കപ്പൽ ഏതോ കനമുള്ള വസ‌്തുവിൽ ഇടിച്ചിരുന്നതായി സമ്മതിച്ചിരുന്നു.  ഏതെങ്കിലും മീൻപിടിത്തബോട്ടിനായിരുന്നോ ഇടിച്ചതെന്ന‌് പരിശോധിക്കാൻ കോസ‌്റ്റ‌് ഗാർഡിനോട‌് ആവശ്യപ്പെട്ടിരുന്നതായും നാവിക സേന വ്യക്തമാക്കി. അതിനിടെയാണ‌് ഉഡുപ്പിയിൽനിന്ന‌് പോയ സുവർണ ത്രിബുജ ബോട്ട‌് കാണാതായ വിവരം പുറത്തുവരുന്നത‌്.

ബോട്ട‌് കാണാതായി 38 ദിവസമായിട്ടും വിവരങ്ങളൊന്നും ഇല്ലാത്തതിൽ ദുരൂഹതയുള്ളതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഗോവയുടെയോ മഹാരാഷ‌്ട്രയുടെയോ പരിധിയിലാണ‌് അപകടമെന്നാണ‌് നിഗമനം. ബോട്ടിൽ നാവികസേനയുടെ കപ്പലിടിച്ചിത‌് മറച്ചുവയ‌്ക്കാൻ ശ്രമിക്കുന്നത‌് കേന്ദ്രത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമുയരുമെന്ന   ഭീതിയിലാണെന്നും ആക്ഷേപമുണ്ട‌്. കഴിഞ്ഞ ദിവസം തീരദേശജില്ലകളിലെ  മീൻപിടിത്തം  നിർത്തിവച്ച‌് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ ശക്തമായ സമരത്തിന‌് തയ്യാറെടുക്കുകയാണ‌്. തെരഞ്ഞെടുപ്പ‌് ബഹിഷ‌്കരണമടക്കം ആലോചിക്കുന്നതായി അവർ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top