ഡിഎൻഎയെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ആദിത്യനാഥും ഡിഎൻഎ പരിശോധിക്കണമെന്ന് അഖിലേഷ് യാദവ്
കാൺപൂർ > ബാബറിന്റെ കാലത്ത് അയോധ്യയിലും ഇപ്പോൾ സംഭാലിലും ബംഗ്ലാദേശിലും സംഭവിച്ചതിന്റെ സ്വഭാവവും ഡിഎൻഎയും ഒന്നുതന്നെയാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് മറുപടിയുമായി സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്.
മുഖ്യമന്ത്രിക്ക് എത്ര ശാസ്ത്രം അറിയാമെന്നും അദ്ദേഹം എത്ര ബയോളജി പഠിച്ചിട്ടുണ്ടെന്നും തനിക്കറിയില്ലെന്നും എന്നാൽ ഡിഎൻഎയെക്കുറിച്ച് സംസാരിക്കരുതെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കാൻ ആഗ്രഹിക്കുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. "നിങ്ങൾ (മാധ്യമങ്ങൾ) മുഖേന, ഞാൻ ഇത് പൂർണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്, അദ്ദേഹം ഡിഎൻഎയെക്കുറിച്ച് സംസാരിക്കരുത്. കൂടാതെ ഡിഎൻഎയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഞങ്ങൾ എല്ലാവരും ഡിഎൻഎ പരിശോധിക്കാൻ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഡിഎൻഎ പരിശോധിക്കണം. അഖിലേഷ് പറഞ്ഞു.
"ഡിഎൻഎയെക്കുറിച്ചുള്ള ഈ സംസാരം ആദിത്യനാഥിന് ചേരുന്നതല്ല. കാവി വസ്ത്രം ധരിച്ച അദ്ദേഹം ഈ ഭാഷ ഉപയോഗിക്കരുത്”എന്നും അഖിലേഷ് യാദവ് പറഞ്ഞു. കാൺപൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അഖിലേഷ്.
0 comments