13 August Thursday

സാമ്പത്തിക മാന്ദ്യം; ‘പ്രഖ്യാപനങ്ങൾ’ ഫലിക്കില്ല

സാജൻ എവുജിൻUpdated: Saturday Aug 24, 2019

ന്യൂഡൽഹി > മാന്ദ്യം പരിഹരിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നടപടി സ്ഥിതി വഷളാക്കും. ഓഹരിവിപണിക്ക്‌ താൽക്കാലിക ഉത്തേജനം പകരുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍ സാധാരണക്കാർക്കും ചരക്കു–-സേവന വിപണിക്കും ഗുണകരമല്ല. ഇപ്പോൾ വേണ്ടത്‌ 2009ലേത്‌ പോലുള്ള ഉത്തേജന പാക്കേജാണെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പ്രതികരിച്ചു. രാജ്യത്തെ വ്യാപാര സംഘടനകളുടെ പരമോന്നത സമിതിയായ അസോചം പോലും ആവശ്യപ്പെട്ടത്‌ ലക്ഷം കോടി രൂപയുടെ ഉത്തേജനപാക്കേജാണ്‌. തൊഴിലുറപ്പു ദിനങ്ങൾ 150 ആക്കി ജനങ്ങളുടെ കൈയിൽ പണമെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
 കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചാലേ ആഭ്യന്തരവിപണി  ശക്തമാകൂവെന്ന് സാമ്പത്തികവിദഗ്‌ധരും വിപണിനിരീക്ഷകരും ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലുള്ള തൊഴിലുകൾപോലും ഇല്ലാതാക്കാനാണ് കേന്ദ്രം തുനിയുന്നതെന്ന് ട്രേഡ്‌ യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. തൊഴിൽ നഷ്ടപ്പെടുത്തുന്ന സാമ്പത്തികനയങ്ങളാണ്‌ കേന്ദ്രത്തിന്റേതെന്ന് ബിഎംഎസിനും പരാതിയുണ്ട്. വാർത്താതലക്കെട്ടുകൾ നേടാനുള്ള ശ്രമംമാത്രമാണ്‌ കേന്ദ്രധനമന്ത്രി നടത്തിയതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. സാമ്പത്തികമാന്ദ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ സർക്കാരിന്‌ വ്യക്തതയില്ലെന്ന്‌ കോൺഗ്രസ്‌ പ്രതികരിച്ചു.

 നാൽപ്പത്തഞ്ച്‌ വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്‌മ നിരക്ക്‌, രാജ്യത്ത് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകാത്ത അവസ്ഥ, സ്വകാര്യനിക്ഷേപത്തിലെ വൻ ഇടിവ്‌ എന്നിവയാണ്‌ രാജ്യം നേരിടുന്ന പ്രധാന സാമ്പത്തികപ്രശ്‌നങ്ങൾ. 2007–-09 കാലത്തെ ആ​ഗോളമാന്ദ്യത്തില്‍നിന്ന് രാജ്യത്തെ രക്ഷിച്ചത് ശക്തമായ പൊതുമേഖലയായിരുന്നു. എന്നാൽ,  ബാങ്കുകൾ അടക്കം പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള ശക്തമായ നീക്കമാണ് മോഡിസര്‍ക്കാരിന്റേത്. ഇപ്പോൾ ഭവന, വാഹന പലിശനിരക്കുകൾ കുറയ്‌ക്കാൻ ബാങ്കുകളോട്‌ ആവശ്യപ്പെടുകയാണ്‌ കേന്ദ്രം. കിട്ടാക്കടത്താൽ വലയുന്ന ബാങ്കുകൾക്ക്‌ പുതിയ ബാധ്യതയായി ഇതുമാറും. ഈ സാമ്പത്തികവർഷം ആദ്യ മൂന്നു മാസത്തിൽ ഇഎസ്‌ഐ പദ്ധതിയിൽ പുതിയ അംഗങ്ങളായി ചേർന്നത്‌  36.3 ലക്ഷം തൊഴിലാളികള്‍മാത്രമെന്ന് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018–-19ലെ  ഇതേകാലയളവിൽ ഇത് 1.49 കോടി ആയിരുന്നു.

 ഇന്ത്യയിലെ സാമ്പത്തിക വളർച്ചനിരക്ക്‌ അമേരിക്കയിലെയും ചൈനയിലെയും നിരക്കിനേക്കാൾ ഉയർന്നതാണെന്ന ധനമന്ത്രിയുടെ  വാദത്തിലും കഴമ്പില്ല. 20 ലക്ഷം കോടി ഡോളറാണ്‌ അമേരിക്കൻ സമ്പദ്‌ഘടനയുടെ മൊത്തം മൂല്യം.  ചൈനയുടേത്‌ 13 ലക്ഷം കോടി ഡോളറും. 2.7 ലക്ഷം കോടി ഡോളർമാത്രമാണ്‌ ഇന്ത്യൻ സമ്പദ്‌ഘടന. അതിനാൽ, വളർച്ചാനിരക്കിനെ താരതമ്യം ചെയ്യുന്നതിൽ അർഥമില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top