11 December Wednesday

ഫെയ്ന്‍ജല്‍: ചെന്നൈ നഗരത്തില്‍ മാത്രം 300 ദുരിതാശ്വാസ ക്യാമ്പ്; റെയില്‍വേ ഗതാഗതവും വെള്ളത്തില്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

ചെന്നൈ> ചെന്നൈ നഗരത്തില്‍ മാത്രമുള്ള 300 ദുരിതാശ്വാസ ക്യാമ്പില്‍ 2,32,200 പേരാണ് കഴിയുന്നതെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അവര്‍ക്ക് വേണ്ട ഭക്ഷണമടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

 നിലവില്‍ ചെന്നൈ കോര്‍പറേഷനകത്ത് നിന്നും മാത്രം മാറ്റിപാര്‍പ്പിച്ച ആളുകളുടെ കണക്കാണിത്. കടലോര മേഖലയില്‍ നിന്നുമുള്ളവരെയാണ് പരമാവധി മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.   വെള്ളക്കെട്ട് രൂക്ഷമാകുന്ന വടപളനി,ഗുമ്മിടിപ്പോണ്ടി തുടങ്ങിയ താഴ്ന്ന മേഖലയില്‍ നിന്നുള്ളവരെയാണ് മാറ്റിയിരിക്കുന്നത്.

 നിരവധി ചെറുതടാകങ്ങള്‍ ഉള്ള പ്രദേശമായതിനാല്‍ പെട്ടെന്ന് വെള്ളം കയറുന്ന സ്ഥിതിയാണിവിടങ്ങളിലൊക്കെ. അതേസമയം, വെള്ളക്കെട്ട് പരിഹരിക്കാന്‍ ഡ്രെയിനേജ് സംവിധാനം ചെന്നൈ നഗരത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വെള്ളക്കെട്ട് പലയിടത്തും രൂക്ഷമായി തന്നെ തുടരുന്നു.

ബേസിന്‍ ബ്രിഡ്ജ് അടക്കമുള്ള മേഖലകളില്‍ വെള്ളം കയറിയത് റെയില്‍ ഗതാഗതത്തേയും ബാധിച്ചു. ട്രാക്കുകളിലാകെ വെള്ളം കയറിയിരിക്കുകയാണ്. ഇതോടെ  ചെന്നൈ സെന്‍ട്രലിലേക്ക് വരേണ്ട ട്രെയിനുകള്‍ മറ്റ് സ്‌റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്. കാലാവസ്ഥ അനുകൂലമാകുന്നത് വരെ വിമാനങ്ങള്‍ സര്‍വീസ് നടത്തേണ്ടതില്ല എന്ന തീരുമാനത്തില്‍  ചെന്നൈ വിമാനത്താവളവും എത്തിച്ചേര്‍ന്നിരിക്കുകയാണ്. കാലാവസ്ഥാ വകുപ്പില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.  

ചെന്നെയില്‍ മറീന ബീച്ച് ,പട്ടണപ്പാക്കം, റായ്പുരം, ബസന്ത് നഗര്‍ എന്നീ മേഖലകളില്‍ ധാരാളം ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളാണ്. ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top