27 June Thursday

വിള ഇൻഷുറൻസ‌ിൽ വൻ വെട്ടിപ്പ‌് ; നിഷേധിച്ചത്‌ 5171 കോടി

സ്വന്തം ലേഖകൻUpdated: Thursday Jun 13, 2019

ന്യൂഡൽഹി
മോഡി സർക്കാർ കൊട്ടിഘോഷിച്ച‌് നടപ്പാക്കിയ വിള ഇൻഷുറൻസ‌് പദ്ധതിയിലൂടെ സ്വകാര്യ ഇൻഷുറൻസ‌് കമ്പനികൾ കൈക്കലാക്കിയത‌് ശതകോടികൾ. പ്രധാനമന്ത്രി ഫസൽ ബീമയോജന പ്രകാരം ഖാരിഫ‌് കാലത്തെ കൃഷിനാശത്തിന‌് കർഷകർക്ക‌് കിട്ടേണ്ട അയ്യായിരം കോടിയിൽപ്പരം രൂപയാണ‌്  ഇൻഷുറൻസ‌് കമ്പനികൾ നിഷേധിച്ചത‌്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ‌്ക്ക‌് കൃഷിമന്ത്രാലയം നൽകിയ മറുപടിയിലാണ‌് വൻ കൊള്ളയുടെ വിവരങ്ങൾ.
2018 ഡിസംബറിൽ അവസാനിച്ച ഖാരിഫ‌് കാലത്തെ വിളനാശത്തിനുള്ള നഷ്ടപരിഹാരം ഈവർഷം ഫെബ്രുവരി 28നകം വിതരണം ചെയ്യേണ്ടതായിരുന്നു. എന്നാൽ, മെയ‌് 10 ആയിട്ടും 5171 കോടി രൂപയ‌്ക്കുള്ള ഇൻഷുറൻസ‌് തുക വിതരണം ചെയ്യാനുണ്ടെന്ന‌് രേഖകൾ വ്യക്തമാക്കുന്നു.

ആകെ 12,867 കോടി രൂപയുടെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളാണ‌് വിളനശിച്ച കർഷകർ ഫസൽ ബീമയോജന പ്രകാരം നൽകിയത‌്. എന്നാൽ, വിതരണം ചെയ‌്തത‌് 7696 കോടി രൂപമാത്രം. 40 ശതമാനം നഷ്ടപരിഹാരം വിതരണം ചെയ‌്തിട്ടില്ല. ഈ പദ്ധതിയുടെ പ്രീമിയം ഇനത്തിൽ ഇൻഷുറൻസ‌് കമ്പനികൾക്ക‌് കിട്ടിയത‌് 20,747 കോടി രൂപയാണ‌്.  പ്രീമിയവും ഇൻഷൂറൻസ‌് തുക നിഷേധവും ഉൾപ്പെടെ കമ്പനികൾക്ക‌് മൊത്തം ലാഭം 13,051 കോടി രൂപ.

മഹാരാഷ്ട്രയിലാണ‌് വിള ഇൻഷുറൻസ‌് തുക ഏറ്റവും കൂടുതൽ വിതരണം ചെയ്യാനുള്ളത‌്. ആകെ 3893 കോടി രൂപയുടെ നഷ്ടപരിഹാരത്തിന‌് അപേക്ഷ ലഭിച്ചപ്പോൾ 1416 കോടി രൂപ ഇനിയും കുടിശികയാണ‌്. മധ്യപ്രദേശിൽനിന്ന‌് 3892 കോടി രൂപയാണ‌് പ്രീമിയം ഇനത്തിൽ കമ്പനികൾ സമാഹരിച്ചത‌്. മൊത്തം 656 കോടി രൂപയുടെ അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഒരു രൂപപോലും വിതരണം ചെയ‌്തിട്ടില്ല. 20 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ച കർണാടകത്തിൽ 95 ശതമാനം അപേക്ഷകളിലും തീരുമാനമായിട്ടില്ല. ജാർഖണ്ഡ‌്, തെലങ്കാന, ഗുജറാത്ത‌്, ആന്ധ്രപ്രദേശ‌്, ഒഡിഷ സംസ്ഥാനങ്ങളിലും നൂറു ശതമാനം അപേക്ഷകളും കെട്ടിക്കിടക്കുന്നു.

2017–-18 റാബി കാലത്തെ നഷ്ടപരിഹാര അപേക്ഷകൾ പ്രകാരമുള്ള 509 കോടി രൂപയും ഇൻഷുറൻസ‌് കമ്പനികൾ വിതരണം ചെയ‌്തിട്ടില്ല. വിളനാശം നേരിടുന്ന കർഷകർക്ക‌് ആശ്വാസം നൽകാനെന്ന പേരിൽ മോഡി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ‌് പ്രധാനമന്ത്രി ഫസൽബീമ യോജന. പ്രീമിയം വിഹിതത്തിൽ 350 ശതമാനം വർധനയും വരുത്തി. കർഷകരാണ‌് ഇതിന്റെ ഭാരം പേറുന്നത‌്. പദ്ധതിയിൽ ബഹുഭൂരിപക്ഷവും സ്വകാര്യ  ഇൻഷുറൻസ‌് കമ്പനികളാണ‌്. അടുത്ത കൃഷി തുടങ്ങുന്നതിനുമുമ്പ‌് നഷ്ടപരിഹാരത്തുക ലഭിച്ചില്ലെങ്കിൽ കർഷകർക്ക‌് പ്രയോജനമില്ല. 

രാജ്യം കടുത്ത വരച്ച നേരിടുകയും ചെയ്യുമ്പോഴാണ‌് വിളനാശത്തിനുള്ള നഷ്ടപരിഹാരം തടഞ്ഞുവച്ച‌് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത‌്. ഖാരിഫ‌് കാലത്തെ വിളനാശത്തിന‌് പ്രധാന കാരണമായതും മഴക്കുറവാണ‌്. ഏഴ‌് സംസ്ഥാനത്തായി 1.5 കോടി ഹെക്ടർ കൃഷിയാണ‌് നശിച്ചത‌്. മഹാരാഷ്ട്രയിൽ 26, കർണാടകത്തിൽ 24, ജാർഖണ്ഡിൽ 18, ഗുജറാത്തിൽ 11, രാജസ്ഥാൻ, ഒഡിഷ, ആന്ധ്രപ്രദേശ‌് എന്നിവിടങ്ങളിൽ ഒമ്പത‌ുവീതം ജില്ലകൾ വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുമുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top