15 July Wednesday

താങ്ങുവില കൃഷിച്ചെലവിന് തികയില്ല

സ്വന്തം ലേഖകൻUpdated: Wednesday Jun 3, 2020

ന്യൂഡൽഹി
നെല്ലിന്റെയടക്കം ഖാരിഫ് വിളകളുടെ താങ്ങുവിലയിൽ കേന്ദ്രം പ്രഖ്യാപിച്ച വർധന അപര്യാപ്തം.  കൃഷിച്ചെലവിനുപോലും താങ്ങുവില തികയില്ല. നെല്ലിന്റെ താങ്ങുവില മുന്‍വർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനംപോലും കൂട്ടിയില്ല. ഉൽപ്പാദനച്ചെലവാകട്ടെ കുതിച്ചുയര്‍ന്നു. 14 വിളകളുടെ താങ്ങുവില കൃഷിച്ചെലവിന്റെ  50 മുതൽ 83 ശതമാനംവരെ വർധിപ്പിച്ചെന്ന അവകാശവാദം അടിസ്ഥാനരഹിതമാണ്‌. സിഎസിപി (കാർഷികോൽപ്പാദന ചെലവ്, വില കമീഷൻ) അശാസ്ത്രീയമായാണ് ഉൽപ്പാദനച്ചെലവ് കണക്കാക്കിയത്.

2020–-21ൽ നെല്ലിന്റെ ഉൽപ്പാദനച്ചെലവ് കണക്കാക്കിയത് ക്വിന്റലിന്‌ 1245 രൂപമാത്രം. 2019–-20ലെ ഖാരിഫ് വില റിപ്പോർട്ടിൽ നെല്ലിന്റെ സി2 ഉൽപ്പാദനച്ചെലവ് (കൃഷിഭൂമിക്കായി ചെലവിടുന്നത് അടക്കം മൊത്തം ചെലവ്) 11,619 രൂപയാണ്‌. ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനം കൂട്ടിച്ചേർത്തുള്ള താങ്ങുവില നിശ്ചയിക്കണമെന്ന ശുപാർശ പരിഗണിച്ചാൽ ക്വിന്റലിന്‌ 2428.50 രൂപയാണ് നിശ്ചയിക്കേണ്ടത്. ഒരു വർഷത്തിനുശേഷം പ്രഖ്യാപിച്ചത് 1868 രൂപമാത്രം.

കേരളത്തിൽ നെല്ല് സംഭരിക്കുന്നത് 2690 രൂപയ്ക്കാണ്.പഞ്ചാബ് കൃഷിവകുപ്പ് 2019–-20ൽ നിർണയിച്ച ഉൽപ്പാദനച്ചെലവ് ക്വിന്റലിന്‌ 2744 രൂപയാണ്. സിഎസിപി നിഗമനം 1204 രൂപ മാത്രം. നെല്ല്‌ ക്വിന്റലിന്‌  ഇപ്പോൾ പ്രഖ്യാപിച്ചതിനേക്കാൾ 560  രൂപയെങ്കിലും  അധികം ലഭിക്കേണ്ടതാണ്.
സി2 ഉൽപാദനച്ചെലവ് രീതിയിൽ താരതമ്യംചെയ്താൽ  ഇപ്പോൾ പ്രഖ്യാപിച്ച താങ്ങുവില എല്ലാ വിളകളുടെ കാര്യത്തിലും 30 ശതമാനം കുറവാണ്.
ജോവർ–- 866 രൂപ, ബജ്റ–44.50, ചോളം–- 505, തുവരപരിപ്പ്– 2125.50, ഉഴുന്ന്–-2190, നിലക്കടല– 983, സോയാബീൻ–- 1253, സൂര്യകാന്തി–- 1550.50, പരുത്തി–- 1502, പരിപ്പ്–- 3247, റാഗി– -713 രൂപ എന്ന ക്രമത്തിൽ താങ്ങുവില ഉൽപ്പാദനച്ചെലവിനേക്കാൾ കുറവാണ്.

കർഷകരോടുള്ള ക്രൂരമായ പരിഹാസം:

കിസാൻസഭ
കർഷകരോടുള്ള ക്രൂരമായ പരിഹാസമാണ് മോഡിസർക്കാരിന്റെ താങ്ങുവില പ്രഖ്യാപനമെന്ന് കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പറഞ്ഞു. മഹാമാരിയുടെ കാലത്തും സർക്കാർ കർഷകരെ വഞ്ചിക്കുന്നു. ഇതിൽ പ്രതിഷേധിക്കാൻ എല്ലാ ഘടകങ്ങളോടും കിസാന്‍സഭ ആഹ്വാനം ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top