23 April Friday

ബിജെപിയെ തോൽപ്പിക്കാനൊരുങ്ങി കർഷകസംഘടനകൾ ; ബംഗാളിലും അസമിലും കൂടുതൽ ശ്രദ്ധ

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021



ബംഗാൾ, അസം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക്‌ കനത്ത തിരിച്ചടിയേകാൻ ഒരുങ്ങി കർഷകസംഘടനകൾ. കേരളമടക്കം അഞ്ച്‌ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുണ്ടെങ്കിലും ബിജെപി വിജയം പ്രതീക്ഷിക്കുന്ന അസമിലും ബംഗാളിലുമാകും കർഷകസംഘടനകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിജെപിക്കെതിരായ കർഷകസംഘടനകളുടെ പ്രചാരണപരിപാടികൾക്ക്‌ 12ന്‌ കൊൽക്കത്തയിൽ തുടക്കമാകും. ഹന്നൻ മൊള്ള, യോഗേന്ദ്ര യാദവ്‌, ഗുർണാംസിങ്‌ ചഡൂണി തുടങ്ങിയ കർഷകനേതാക്കൾ പങ്കെടുക്കും.

കർഷകദ്രോഹ പാർടിയായ ബിജെപിക്ക്‌ വോട്ടുചെയ്യരുതെന്ന അഭ്യർഥനയാണ്‌ കർഷക നേതാക്കൾ വോട്ടർമാർക്ക്‌ മുമ്പാകെ വയ്‌ക്കുക. ഡൽഹി കേന്ദ്രീകരിച്ച്‌ നൂറുദിവസത്തോളമായി സമരം നടത്തിയിട്ടും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മോഡി സർക്കാർ വിസമ്മതിക്കുന്നതിന്‌ പിന്നിലെ കോർപറേറ്റ്‌ പ്രീണനം വോട്ടർമാരെ കർഷകനേതാക്കൾ ബോധ്യപ്പെടുത്തും. പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമവും തുറന്നുകാട്ടും. തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിച്ച്‌‌ കർഷകസമരത്തിന്റെ കരുത്ത്‌ കേന്ദ്രത്തെ ബോധ്യപ്പെടുത്തും.

ബംഗാളിൽ കർഷകസംഘടനകളുടെ സമരപരിപാടികളെല്ലാം വിജയമായിരുന്നു. കിസാൻ പരേഡിലും റോഡ്‌–- റെയിൽ ഉപരോധങ്ങളിലും പതിനായിരങ്ങൾ പങ്കാളികളായി. ഗ്രാമീണ മേഖലകളിൽ ആയിരങ്ങളുടെ റാലികൾ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായി പരസ്യമായ പ്രചാരണത്തിലേക്ക്‌ നീങ്ങാനും‌ കർഷകസംഘടനകൾ അഭ്യർഥിക്കും.  നിലവിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ അസമിലും പ്രചാരണപ്രവർത്തനങ്ങൾ തീവ്രമാക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ പണമൊഴുക്കിയും വർഗീയത പ്രചരിപ്പിച്ചും നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി‌. ഈ സാഹചര്യത്തിലാണ്‌ അസമും ബംഗാളും കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാൻ കർഷകസംഘടനകൾ തീരുമാനിച്ചത്‌. കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക്‌ കൂടുതൽ വോട്ടുനേടാൻ സാധ്യതയുള്ള മണ്ഡലങ്ങളിലും കർഷക നേതാക്കൾ ശ്രദ്ധകേന്ദ്രീകരിക്കും.

സമരം നാളെ 100–-ാംനാൾ
കർഷകസമരം 100–-ാം ദിവസത്തിലേക്ക്‌ കടക്കുന്ന ശനിയാഴ്‌ച ഡൽഹിക്കു ചുറ്റുമുള്ള കെഎംപി എക്‌സ്‌പ്രസ്‌ പാത കർഷകർ ഉപരോധിക്കും. വിവിധ കേന്ദ്രങ്ങളിലായാണ്‌ ഉപരോധം. കുണ്ട്‌ലിയിൽനിന്ന്‌ ആരംഭിച്ച്‌ മനേസർ വഴി പൽവൽവരെയാണ്‌ കെഎംപി എക്‌സ്‌പ്രസ്‌ പാത. ഹരിയാന, യുപി സംസ്ഥാനങ്ങളിലാണ്‌ ഇത്‌. പ്രധാന കേന്ദ്രങ്ങളായ കുണ്ട്‌ലിയിലും മനേസറിലും പൽവലിലും ഉപരോധമുണ്ടാകും. സിൻഘു അതിർത്തിയിലും തിക്രിയിലും സമരത്തിലുള്ള കർഷകരും ഉപരോധത്തിൽ പങ്കാളികളാകും. ദേശീയ തലത്തിൽ ശനിയാഴ്‌ച കരിദിനവും ആചരിക്കും

ഹരിയാനയിലും ലോങ്‌ മാർച്ച്‌
മഹാരാഷ്ട്രയിലേതിനു സമാനമായി കിസാൻസഭ ഹരിയാനയിലും കർഷകരുടെ ലോങ്‌ മാർച്ച്‌ സംഘടിപ്പിക്കുന്നു. ഹരിയാനയിലെ ഹിസാറിൽനിന്ന്‌ ഡൽഹിയിലേക്കാണ്‌ മാർച്ച്‌. അഞ്ചുദിവസംകൊണ്ട്‌ 100 കിലോമീറ്റർ താണ്ടാനാണ്‌ പദ്ധതി. ഭഗത്‌സിങ്‌ ദിനമായ 23നു മാർച്ച്‌ ഡൽഹിയിൽ എത്തും.

വ്യാഴാഴ്‌ച ചേർന്ന കിസാൻസഭ സംസ്ഥാന കമ്മിറ്റിയുടേതാണ്‌‌ തീരുമാനം‌. കർഷകപ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുന്ന സംയുക്ത കിസാൻമോർച്ച മുമ്പാകെ ലോങ്‌മാർച്ച്‌ നിർദേശം കിസാൻസഭ വയ്‌ക്കും. കിസാൻമോർച്ചയുടെ ബാനറിൽ നടക്കുന്ന ലോങ്‌മാർച്ചിൽ ആയിരത്തോളം സ്ഥിരം ജാഥാംഗങ്ങളുണ്ടാകും. മാർച്ച്‌ കടന്നുപോകുന്ന ഗ്രാമങ്ങളിലെ കിസാൻസഭാ പ്രവർത്തകരും പങ്കാളികളാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top