23 April Friday

കര്‍ഷകര്‍ മൂന്നാംഘട്ട പ്രക്ഷോഭത്തിലേക്ക്‌; പ്രഖ്യാപനം 28ന്‌

സ്വന്തം ലേഖകൻUpdated: Monday Feb 22, 2021

ന്യൂഡൽഹി > കാർഷികനിയമങ്ങൾക്കെതിരായ രാജ്യവ്യാപക കർഷകപ്രക്ഷോഭത്തിന്റെ മൂന്നാം ഘട്ടം 28ന്‌ പ്രഖ്യാപിക്കുമെന്ന്‌ സംയുക്ത കിസാൻ മോർച്ച. അഞ്ഞൂറിലേറെ കർഷകസംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ച 28ന് ഇതിനായി‌ സമരകേന്ദ്രമായ സിൻഘുവില്‍ യോഗം ചേർന്ന് മൂന്നാംഘട്ട പ്രക്ഷോഭം പ്രഖ്യാപിക്കും.

കോർപറേറ്റ്‌ അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം കൂട്ടാക്കാത്ത സാഹചര്യത്തിലാണ്‌ പ്രക്ഷോഭം തീവ്രമാക്കാൻ കർഷകസംഘടനകൾ തീരുമാനിച്ചത്‌. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി‌ക്കേറ്റ കനത്ത തിരിച്ചടിയും കർഷകസംഘടനകൾക്ക്‌ ആവേശമായി‌. ബംഗാളും അസമും തമിഴ്‌നാടും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ തിരിച്ചടിയേകാനുളള ഒരുക്കത്തിലാണ്‌ കർഷകസംഘടനകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൈവരിച്ച പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും കർഷകപ്രക്ഷോഭത്തെതുടർന്ന്‌ ബിജെപിക്കെതിരായി വലിയ ജനരോഷമുയർന്നെന്ന വിലയിരുത്തലാണ്‌ സംഘപരിവാർ സംഘടനകൾക്ക്‌ തന്നെയുള്ളത്‌. ഈ വിഷയം ചർച്ച ചെയ്യാൻ പടിഞ്ഞാറൻ യുപിയിൽനിന്നുള്ള നേതാക്കളുടെ പ്രത്യേക യോഗം ബിജെപി കേന്ദ്രനേതൃത്വം വിളിച്ചുചേർത്തിരുന്നു.

കർഷകസംഘടനകളുമായി ഇതുവരെ 12 റൗണ്ട്‌ ചർച്ച സർക്കാർ നടത്തിയിരുന്നു.  റിപ്പബ്ലിക്‌ ദിനത്തിലെ കിസാൻപരേഡിനുശേഷം കർഷകസംഘടനകളുമായി ഇതുവരെ ചർച്ചയ്‌ക്ക്‌ കേന്ദ്രം കൂട്ടാക്കിയിട്ടില്ല. സമരം അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചെങ്കിലും വഴിതടയലും ട്രെയിൻ തടയലുമൊക്കെയായി പ്രക്ഷോഭം ശക്തിപ്പെടുകയാണ്.

ഇനി പഗ്‌ഡി സംഭാലും ദമൻ വിരോധി ദിവസും

ന്യൂഡൽഹി > കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ചമുതൽ 28വരെയുള്ള സമരപരിപാടി പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച ചാച്ചാ അജിത്ത്‌ സിങ്‌, സ്വാമി സഹജാനന്ദ്‌ സരസ്വതി എന്നിവർക്ക്‌ സ്‌മരണാഞ്ജലിയായി ‘പഗ്‌ഡി സംഭാൽ ദിവസ്‌’ ആചരിക്കും. വിവിധ വർണ  തലപ്പാവുകൾ ധരിച്ച്‌ കർഷകർ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കും. ഓരോ പ്രദേശത്തെയും സംസ്കാരത്തിന്‌ അനുസൃതമായ തലപ്പാവുകളാകും കർഷകർ ധരിക്കുകയെന്ന്‌ സംയുക്ത കിസാൻ മോർച്ച നേതാവ്‌ ഡോ. ദർശൻ പാൽ അറിയിച്ചു.

കർഷകപ്രസ്ഥാനത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളിൽ പ്രതിഷേധിച്ച്‌ ബുധനാഴ്‌ച ‘ദമൻ വിരോധി’ ദിവസം ആചരിക്കും. ഈ ദിവസം താലൂക്ക്‌–- ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്‌ രാഷ്ട്രപതിക്ക്‌ കർഷകർ നിവേദനം നൽകും. കർഷകസമരത്തിന്‌ യുവാക്കൾ നൽകുന്ന സംഭാവനകൾ മാനിച്ച്‌ 26ന്‌ യുവകിസാൻ ദിവസ് ആചരിക്കും. ഗുരു രവിദാസ്‌ ജയന്തിയും ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷി ദിനവുമായ 27ന്‌ കർഷകരുടെയും തൊഴിലാളികളുടെയും ഐക്യദിനമായി ആചരിക്കും.

സ്വന്തം പാടം നശിപ്പിച്ച് യുപി കർഷകൻ

ലഖ്‌നൗ > കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച്‌ കർഷകൻ സ്വന്തം ​ഗോതമ്പ് പാടം നശിപ്പിച്ചു. ബിജ്‌നോർ ജില്ലയിലെ കുൽച്നെ ഗ്രാമത്തിൽ ശനിയാഴ്‌ചയാണ്‌ സംഭവം.

27കാരനായ സോഹിത്‌ അഹലാവത്ത് വിളഞ്ഞു നിൽക്കുന്ന ഗോതമ്പ്‌ ചെടികൾ ട്രാക്‌ടർ ഓടിച്ചുകയറ്റി നശിപ്പിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നു. രണ്ട്‌ ദിവസം മുമ്പ്‌ കിസാൻ മഹാപഞ്ചായത്തിൽ ‌ പ്രക്ഷോഭത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ സ്വന്തം വിള നശിപ്പിക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ്‌ രാകേഷ്‌ ടികായത്ത് ആഹ്വാനം ചെയ്‌തിരുന്നു.

അഹലാവത്ത് വിള നശിപ്പിക്കുന്ന ദൃശ്യം വളരെ വേദനിപ്പിച്ചുവെന്നും എന്നാൽ, സർക്കാർ തങ്ങളെ കേൾക്കാൻ തയ്യാറല്ലെങ്കിൽ കൂടുതൽ കർഷകർ ഇത്തരത്തിൽ തന്നെ ചെയ്യേണ്ടി വരുമെന്നും ടികായത്ത്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top