16 January Saturday

രോഷത്തോടെ രാജ്യം; അഞ്ചാംവട്ട ചര്‍ച്ചയും പരാജയം

സ്വന്തം ലേഖകൻUpdated: Sunday Dec 6, 2020

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇടത്പാര്‍ടികള്‍ തമിഴ്‌നാട്ടില്‍ നടത്തിയ പ്രതിഷേധം

ന്യൂഡൽഹി > കോർപറേറ്റുകൾക്ക്‌ വഴങ്ങി കർഷകരെ ദ്രോഹിക്കുന്ന മോഡി സർക്കാരിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരവെ, കൃഷി മന്ത്രി നരേന്ദ്രസിങ്‌ തോമർ വിളിച്ച യോഗം വീണ്ടും പരാജയം. കാർഷികനിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന ആവശ്യത്തിന്‌ വ്യക്തമായ മറുപടി നൽകാൻ സർക്കാരിനു കഴിഞ്ഞില്ലെന്ന്‌ അഖിലേന്ത്യാ കിസാൻസഭാ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള ചർച്ചയ്‌ക്കുശേഷം പറഞ്ഞു. അഞ്ചാം വട്ടം നടന്ന ചർച്ചയിൽ വാണിജ്യ മന്ത്രി പിയൂഷ്‌ ഗോയലും പങ്കെടുത്തു.

നിയമങ്ങൾ പിൻവലിക്കാതെ മറ്റു വിഷയങ്ങൾ ചർച്ച ചെയ്‌തിട്ട്‌ കാര്യമില്ലെന്നും കർഷക പ്രതിനിധികൾ ഏകകണ്‌ഠമായ നിലപാട്‌ സ്വീകരിച്ചു. ചർച്ച അഞ്ചു ‌മണിക്കൂറിലേറെ നീണ്ടതോടെ ഇനിയും സംസാരിക്കേണ്ട ആവശ്യമില്ലെന്നു പറഞ്ഞ്‌‌ നേതാക്കൾ ‘മൗനം’പാലിച്ച്‌ പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ കടുംപിടിത്തത്തിനു പിന്നിൽ കോർപറേറ്റ് സമ്മർദമാണെന്ന്‌ നേതാക്കൾ ചൂണ്ടിക്കാട്ടി. ഒടുവിൽ, സർക്കാരിന്‌ ഉന്നതതലത്തിൽ ആലോചിക്കാൻ കൂടുതൽ സമയം വേണമെന്നും ഡിസംബർ ഒമ്പതിനു വീണ്ടും ചർച്ച നടത്താമെന്നും കൃഷി മന്ത്രി പറഞ്ഞു. ശനിയാഴ്‌ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിയാലോചനാ യോഗം ചേർന്നു.

പത്തുദിനം പിന്നിട്ട് പ്രക്ഷോഭം

ഡൽഹിയിലും അതിർത്തികളിലും നടക്കുന്ന കർഷകപ്രക്ഷോഭം പത്തു ദിവസം പിന്നിട്ടു. രാജ്യമെമ്പാടുനിന്നും കർഷകർ സമരകേന്ദ്രങ്ങളിൽ എത്തുന്നു. കാർഷികനിയമങ്ങൾ കൊണ്ടുവന്നതിന്റെ ശരിയായ യുക്തി ചർച്ചകളിൽ കർഷകരെ ബോധ്യപ്പെടുത്താൻ സർക്കാരിനു കഴിഞ്ഞില്ലെന്ന് ‌അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.

കർഷക ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നു. ഉത്തർപ്രദേശ്‌, ബിഹാർ, അസം, തെലങ്കാന, കർണാടക, ഹിമാചൽപ്രദേശ്‌, ഒഡിഷ, തമിഴ്‌നാട്‌, ഹിമാചൽപ്രദേശ്‌, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ വിപുലമായ  ഐക്യദാർഢ്യ പരിപാടികൾ നടന്നു. അഞ്ച്‌ ഇടതുപാർടിയും 10  കേന്ദ്ര ട്രേഡ്‌ യൂണിയന്റെ സംയുക്തവേദിയും ചൊവ്വാഴ്‌ച നടക്കുന്ന ഭാരത്‌ ഹർത്താലിന്‌ പൂർണപിന്തുണ പ്രഖ്യാപിച്ചു.

നടനും ഗായകനുമായ ദിൽജിത്‌ സിങ്‌ ദോസാഝ്‌‌ സിൻഘു അതിർത്തിയിൽ എത്തി  ശൈത്യകാല വസ്‌ത്രങ്ങൾ വാങ്ങാൻ  കർഷകർക്ക്‌ ഒരു കോടി രൂപ നൽകി. പത്മ ബഹുമതികളും അർജുന അവാർഡുകളും തിരിച്ചുനൽകാൻ രാഷ്ട്രപതിയെ കാണാൻ പഞ്ചാബ് കായികതാരങ്ങൾ സമയം ചോദിച്ചു. അഖിലേന്ത്യാ കിസാൻസഭാ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ സിൻഘുവിൽ കർഷകരെ അഭിവാദ്യം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top