17 January Sunday

സ്‌നേഹം വിളമ്പി സമരവേദികളിലെ അടുക്കളകൾ

സ്വന്തം ലേഖകൻUpdated: Sunday Dec 6, 2020

വിജ്ഞാൻ ഭവനിൽ ചർച്ചയ്ക്ക്‌ എത്തിയ കർഷകനേതാക്കൾക്ക്‌ വാഹനത്തിൽ ഭക്ഷണവുമായെത്തിയ വളന്റിയർമാർ ഫോട്ടോ: പിടിഐ


ന്യൂഡൽഹി > ഡൽഹി അതിർത്തിയിലെ പ്രക്ഷോഭവേദികളിൽ കർഷകർക്കായി രാപ്പകല്‍ അടുക്കളകള്‍ എരിയുന്നു. പ്രക്ഷോഭവേദികളിൽ എത്തുന്ന ആരും വെറുംവയറോടെ മടങ്ങാൻ കർഷകർ അനുവദിക്കില്ല. ഡൽഹി–-എൻസിആർ–-ഗാസിപ്പുർ, സിൻഘു, ടിക്രി അതിർത്തികളിലെ സമരമുഖങ്ങളിലെ അടുക്കളകളെ സജീവമാക്കുന്നത് രാജ്യത്തെ അന്നമൂട്ടിക്കുന്ന കര്‍ഷകരോടുള്ള സാധാരണക്കാരുടെ കരുതല്‍.

ഉച്ചയ്‌ക്കും രാത്രിയും‌ ചോറ്, കടലക്കറി, ആലുഗോബി, പായസം. രാവിലെയും വൈകിട്ടും ചായയും ഉരുളക്കിഴങ്ങ്‌ വറുത്തതും ജിലേബിയും. പ്രക്ഷോഭവേദികൾക്കു സമീപം 100 ലിറ്റർ പാത്രത്തിൽ പകൽ മുഴുവൻ ചായ തിളയ്‌ക്കും. പാചകവും വിളമ്പലുമെല്ലാം കര്‍ഷകര്‍തന്നെ‌. ‘‘ബഹാദുർഘട്ടിൽ നിന്നാണ്‌  പാചകം ചെയ്യാനുള്ള വലിയ പാത്രങ്ങൾ എത്തിച്ചത്‌. കഴിഞ്ഞദിവസം‌ ‌ ഒരാൾ 100 കന്നാസ്‌ ശുദ്ധജലം എത്തിച്ചു. പുലർച്ചെ അഞ്ചിന്‌ ആദ്യ ചായ. ഉച്ചയ്‌ക്കും വൈകിട്ടും രാത്രിയും ഭക്ഷണമുണ്ട്‌. ’’–- ടിക്രിയിലെ അടുക്കളയുടെ ചുമതലയുള്ള റോഹ്‌തക്കിലെ കർഷകൻ രാംകേശ്‌സിങ് പറഞ്ഞു.

ഗാസിപ്പുരിലെ  താൽക്കാലിക അടുക്കളകൾക്ക്‌ ഡൽഹി ഗുരുദ്വാര മാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ സഹായമുണ്ട്‌. കഴിഞ്ഞദിവസം 125 കിലോ അരിയും 2.5 ക്വിന്റൽ പരിപ്പും രണ്ട്‌ ക്വിന്റൽ പച്ചക്കറിയും എത്തിച്ചു. കൂടുതൽ കർഷകർ അണിനിരന്ന സിൻഘുവിലെ അടുക്കളകൾക്ക്‌ പഞ്ചാബിലെ ഹോഷിയാർപുർ ഗുരുദ്വാര കമ്മിറ്റിയാണ്‌ നേതൃത്വം നൽകുന്നത്‌. ദിവസവും പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പുന്നു‌. മഹാരാഷ്ട്രയിലെ കരിമ്പുകർഷകരുടെ വകയായി പലഹാരങ്ങൾ എത്തുന്നു. മിക്ക അടുക്കളയിലും ആറു മാസംവരെ പിടിച്ചുനിൽക്കാൻ വേണ്ട അവശ്യസാധനങ്ങളുണ്ടെന്ന് കർഷകർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top