ന്യൂഡല്‍ഹി > എല്ലാ കര്‍ഷക സംഘടനകളെയും ക്ഷണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍. അഞ്ഞൂറിലധികം സംഘനകളാണ് സമരം നടത്തുന്നത്. എന്നാല്‍ പഞ്ചാബുമായി ബന്ധപ്പെട്ട് നില്ക്കുന്ന 32 സംഘടനകളെ മാത്രമാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. അതുകൊണ്ട് മുഴുവന്‍ സംഘടനകളും പങ്കെടുക്കുന്ന ചര്‍ച്ചയിലേ തങ്ങള്‍ വരൂ എന്ന് കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. ചര്‍ച്ച ബഹിഷ്കരിക്കുകയാണെന്ന് പഞ്ചാബ് കിസാന്‍ സഭയും അറിയിച്ചു. പഞ്ചാബിലെ മാത്രം കര്‍ഷകരുടെ പ്രശ്നമാക്കി ചുരുക്കിക്കാട്ടി, കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ കുതന്ത്രത്തിനാണ് ഇതോടെ തിരിച്ചടി ഏറ്റത്.
കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമായ മുഴുവന്‍ സംഘടനകളുമായും കേന്ദ്രം ചര്‍ച്ച നടത്തണമെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു. കര്‍ഷക ദ്രോഹ ഓര്‍ഡിനന്‍സ് വന്ന ജൂണ്‍ 5 മുതല്‍ കിസാന്‍ കോഓര്‍ഡിനേഷന്റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. രാജ്യവ്യാപകമായ സമരത്തെ പഞ്ചാബിലെ മാത്രമാക്കി ചുരുക്കി സമരത്തെ ഭിന്നിപ്പിച്ച് ഇല്ലാതാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും രാഗേഷ് പറഞ്ഞു.
പഞ്ചാബ് കിസാന്സഭയുടേത് ഉചിതമായ തീരുമാനമാണെന്ന് ഓള് ഇന്ത്യ കിസാന്‍സഭ അറിയിച്ചു. പതിറ്റാണ്ടുകളായി പടുത്തുയര്‍ത്തിയ തൊഴിലാളി ഐക്യത്തെ തകര്‍ക്കാനാണ് ആര്‍എസ്എസ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഒന്നാം തീയതി മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ത്താന്‍ കിസാന്‍സഭ എല്ലാ കര്‍ഷകരോടും ആഹ്വാനം ചെയ്തു.
അതേസമയം രണ്ട് ദിവസത്തിനകം കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കാര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..