ശംഭുവിൽ വീണ്ടും കർഷകവേട്ട ; കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം, ജലപീരങ്കി
ന്യൂഡൽഹി
പഞ്ചാബ് –ഹരിയാന അതിർത്തിയിൽ ഡൽഹി ചലോ മാർച്ച് പുനരാരംഭിച്ച കർഷകർക്കുനേരെ ഞായറാഴ്‌ചയും ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റ വേട്ട.
സമാധാനപരമായി ഡൽഹിയിലേക്ക് പദയാത്രയായി നീങ്ങിയ 101 കർഷകരുടെ സംഘത്തിനുനേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഗ്രനേഡ് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. 10 കര്‍ഷകര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ ഗുരുതരം. വനിതാ മാധ്യമപ്രവർത്തകയ്‌ക്കും പരിക്കേറ്റു. പൊലീസ് അതിക്രമം തുടരുന്നതിനാൽ ‘ഡൽഹി ചലോ’ നിർത്തിവയ്‌ക്കുന്നതായും തിങ്കളാഴ്‌ച ചേരുന്ന യോഗത്തിൽ പുതിയ സമരതന്ത്രം തീരുമാനിക്കുമെന്നും കർഷകനേതാവ് സർവൻ സിങ് പന്ഥർ അറിയിച്ചു. മിനിമം താങ്ങുവിലയ്‌ക്ക് നിയമപ്രാബല്യം, കടാശ്വാസം, വിള ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്‌കെഎം (രാഷ്‌ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച സംഘടനകളാണ് മാർച്ച് നടത്തുന്നത്. വെള്ളിയാഴ്‌ചയും മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമമുണ്ടായി. ശനിയാഴ്‌ച കേന്ദ്രസർക്കാർ ചർച്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകാതെ വന്നതോടെയാണ് ഞായറാഴ്‌ച മാർച്ച് തുടങ്ങിയത്.
പൊലീസ് പ്രയോഗിച്ച ഷെല്ലുകൾ അടക്കം ശേഖരിച്ച് മനുഷ്യാവകാശ കമീഷനെ സമീപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. അതിനിടെ അമൃത്‌സറിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി എന്നിവർ പങ്കെടുത്ത സഹകാർ ഭാരതി കൺവൻഷൻ വേദിക്ക് മുന്നിൽ കർഷകർ പ്രതിഷേധിച്ചു. കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് സജ്ജമാണെന്നും സമരം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ജിതൻറാം മാഞ്ചി ആവശ്യപ്പെട്ടു. അതിനിടെ, കർഷകർ അതിർത്തി അടച്ച് സമരം ചെയ്യുന്നതിനെതിരെ പഞ്ചാബ് സ്വദേശി ഗൗരവ് ലൂത്ര സുപ്രീംകോടതിയിൽ ഹർജി നൽകി.ശംഭുവിൽ സമരം നടത്തുന്ന കർഷകർക്കെതിരെ ഹരിയാന പൊലീസ് നടത്തിയ നരനായാട്ടിനെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു.
0 comments