Deshabhimani

യുപി കർഷക സമരം ; ജയിലിൽ നിരാഹാരം തുടങ്ങി കർഷകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 02:53 AM | 0 min read


ന്യൂഡൽഹി
വൻകിട പദ്ധതികൾക്ക് ഏറ്റെടുത്ത ഭൂമിക്ക്‌ മതിയായ നഷ്‌ടപരിഹാരം നൽകാത്ത ആദിത്യനാഥ് സര്‍ക്കാരിനെതിരെ ജയിലിൽ നിരാഹാരം തുടങ്ങി കര്‍ഷകര്‍. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ യുപി ഗ്രേറ്റർ നോയിഡയിൽ സമരം ചെയ്ത നൂറ്റമ്പതോളം കർഷകരെയാണ്‌ പൊലീസ് അറസ്റ്റുചെയ്തത്‌. ഇവർ ശനി രാത്രി മുതലാണ്‌ ഗൗതം ബുദ്ധനഗർ ജില്ലാ ജയിലിൽ നിരാഹാരം തുടങ്ങിയത്‌. പരിക്കേറ്റവരടക്കം നിരാഹാരമിരിക്കുന്നുണ്ട്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന്‌ സംയുക്ത കിസാൻമോർച്ച പറഞ്ഞു.

അഖിലേന്ത്യ കിസാൻ സഭ നേതാവ്‌ രൂപേഷ്‌ വർമ, ഭാരതീയ കിസാൻ പരിഷത്ത്‌ നേതാവ്‌ സുഖ്‌ബീർ ഖലീഫ എന്നിവരെ രണ്ട്‌ വ്യത്യസ്‌ത സെല്ലുകളിലാണ്‌ അടച്ചിരിക്കുന്നത്‌. തിങ്കളാഴ്‌ച സിപിഐ എം എംപി അമ്രറാം ജയിലിലെത്തി കർഷകരെ കാണും. തുടർന്ന്‌ ജില്ല മജിസ്‌ട്രേറ്റുമായി കൂടിക്കാഴ്‌ചയും നടത്തും. കർഷകർക്കെതിരെ നടത്തുന്ന ബലപ്രയോഗത്തെ എസ്‌കെഎം അപലപിച്ചു. ഞായറാഴ്‌ചയും നൂറോളം കർഷകർ യമുന എക്‌സപ്രസ്‌വേയിലെ സീറോ പോയിന്റിൽ അറസ്‌റ്റുവരിച്ചു. അവകാശങ്ങൾ അംഗീകരിക്കുംവരെ പിന്നോട്ടില്ലന്ന്‌ എസ്‌കെഎം ആവർത്തിച്ചു.

സമരം ശക്തിപ്പെട്ടതിന്‌ പിന്നാലെ ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. നഷ്‌ടപരിഹാരം നൽകുന്നതിന്റെ ഭാഗമായി 1997 മുതൽ വിവിധ വൻകിട പദ്ധതികൾക്കായി ഭൂമിവിട്ടുകൊടുത്തവരുടെ പട്ടിക തയ്യാറാക്കാൻ ചീഫ്‌ സെക്രട്ടറി നിർദേശം നൽകി. അതേസമയം, യോഗത്തിലേക്ക്‌ സംയുക്ത കിസാൻ മോർച്ച നേതാക്കളെ ക്ഷണിച്ചില്ല. തീരുമാനങ്ങൾ രേഖാമൂലം അറിയിച്ചിട്ടില്ല.



deshabhimani section

Related News

0 comments
Sort by

Home