02 December Monday

നവംബർ 26ന്‌ ജില്ലാകേന്ദ്രങ്ങളിൽ തൊഴിലാളി കർഷക പ്രതിഷേധം

പ്രത്യേക ലേഖകൻUpdated: Friday Oct 18, 2024



ന്യൂഡൽഹി
ബിജെപി നേതൃത്വം നൽകുന്ന കോർപറേറ്റ്‌ വർഗീയ ചങ്ങാത്ത ഭരണത്തിനെതിരെ സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ചേർന്ന്‌ നവംബർ 26ന്‌ രാജ്യവ്യാപകമായി ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. ഐതിഹാസിക കർഷകപ്രക്ഷോഭത്തിന്‌ തുടക്കം കുറിച്ചതിന്റെയും  ലോക്‌ഡൗൺ കാലത്ത്‌  കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പൊതുപണിമുടക്കിന്റെയും നാലാം വാർഷികത്തോട്‌ അനുബന്ധിച്ചാണിത്‌. കർഷകത്തൊഴിലാളികളും വിദ്യാർഥികളും യുവജനങ്ങളും സ്‌ത്രീകളും പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. 500ഓളം കേന്ദ്രങ്ങളിൽ റാലികളും ധർണയും സംഘടിപ്പിക്കും.

കൃഷിയുടെ കോർപറേറ്റുവൽക്കരണം അവസാനിപ്പിക്കുക, വിളകൾക്ക്‌ ഉൽപാദനച്ചെലവും 50 ശതമാനവും ചേർത്ത്‌ ന്യായവില ലഭ്യമാക്കുക, കാർഷിക കടാശ്വാസ പദ്ധതി ഫലപ്രദമായി നടപ്പാക്കുക, വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണം നിർത്തിവയ്‌ക്കുക, സമ്പൂർണ വിള ഇൻഷുറൻസ്‌ പൊതുമേഖല വഴി നടപ്പാക്കുക, നാല്‌ തൊഴിൽ കോഡുകൾ പിൻവലിക്കുക, പ്രതിമാസ മിനിമം വേതനം  26,000 രൂപയായി ഉയർത്തുക, തൊഴിലുറപ്പ്‌ പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക  തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ പ്രക്ഷോഭം. ആവശ്യങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാരിന്‌ മൂന്ന്‌ മാസം സമയം നൽകുമെന്ന്‌ നേതാക്കൾ അറിയിച്ചു. അല്ലാത്തപക്ഷം അനിശ്‌ചിതകാല സമരം തുടങ്ങും.

കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും കർഷകസംഘടന നേതാക്കളുടെയും സംയുക്ത യോഗം ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിൽ യോഗം ചേർന്നാണ്‌ പ്രക്ഷാേഭം തീരുമാനമെടുത്തത്‌. അശോക്‌ ധാവ്‌ളെ, ദർശൻപാൽ, ഹനൻ മൊള്ള, രാജാറാം സിങ്‌, രാജൻ ഖ്രിസഗർ(എസ്‌കെഎം), തപൻ സെൻ(സിഐടിയു), അശോക്‌ സിങ്‌(ഐഎൻടിയുസി), അമർജീത്‌ കൗർ(എഐടിയുസി), ഹർബജൻ സിദ്ദു(എച്ച്‌എംഎസ്‌), ആർ കെ ശർമ(എഐയുടിയുസി), രാജീവ്‌ ദിമ്രി(എഐസിസിടിയു), സോണിയ ജോർജ്‌(സേവ), രാകേഷ്‌ മിശ്ര(ടിയുസിസി), ശത്രുജിത്‌(യുടിയുസി) എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top