04 June Sunday
പോരാട്ടം രാജ്യമാകെ 
പടരും: വിജൂ കൃഷ്‌ണൻ

കലപ്പകൾ ഗർജിക്കും ; രണ്ടാം പ്രക്ഷോഭത്തിന്‌ 
 ആഹ്വാനം

റിതിൻ പൗലോസ്‌Updated: Monday Mar 20, 2023

കർഷക മഹാപഞ്ചായത്തിൽ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി 
വിജു കൃഷ്ണൻ സംസാരിക്കുന്നു ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി
കർഷകദ്രോഹവും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ മോദി സർക്കാരിനെതിരെ രണ്ടാം ഐതിഹാസിക പ്രക്ഷോഭത്തിന്‌ ആഹ്വാനംചെയ്‌ത്‌ കർഷക മഹാപഞ്ചായത്ത്‌. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനത്ത്‌ പതിനായിരങ്ങൾ അണിനിരന്ന സമ്മേളനം തുടർ പ്രക്ഷോഭം ഏറ്റെടുക്കുമെന്ന്‌ പ്രഖ്യാപിച്ചു. ആഹ്വാനം കർഷക ജനസഞ്ചയം കൈയുയർത്തി പാസാക്കി. അഞ്ഞൂറോളം സംഘടനാ നേതാക്കളും രാജ്യതലസ്ഥാനത്ത്‌ ഒത്തുകൂടി.

രണ്ടാംപ്രക്ഷോഭത്തിന്‌ നാന്ദി കുറിച്ച്‌ രാജ്യമാകെ കര്‍ഷകര്‍ സമരമുഖത്തെത്തും. എല്ലാ സംസ്ഥാനത്തും കൺവൻഷന്‍ ചേരും; മഹാറാലികൾ സംഘടിപ്പിക്കും. ഏപ്രിൽ മുപ്പതിന്‌ കിസാൻ മോർച്ച ജനറൽ ബോഡി  ഭാവി പോരാട്ടത്തിന്റെ രൂപരേഖ തയ്യാറാക്കും. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ്‌ പ്രീണന നയങ്ങൾ കർഷകരെ നിലയില്ലാക്കയത്തിലേക്ക്‌ എടുത്തെറിഞ്ഞിരിക്കുകയാണ്‌. എന്നാൽ, ആത്മഹത്യയല്ല നിരന്തര പോരാട്ടമാണ്‌ പോംവഴിയെന്ന്‌ മഹാപഞ്ചായത്ത്‌ പ്രഖ്യാപിച്ചു. കർഷക നേതാക്കളായ രാകേഷ്‌ ടിക്കായത്ത്‌, വിജൂ കൃഷ്‌ണൻ, ദർശൻ പാൽ, അവിക്‌ സാഹ, റുൾഡു സിങ് മാൻസ, തജീന്ദർ സിങ് വിർക്ക്, ജൊഗീന്ദർ സിങ് തുടങ്ങി അമ്പതോളം നേതാക്കൾ സംസാരിച്ചു. അയ്യായിരത്തോളം സുരക്ഷാ സേനാംഗങ്ങളെയാണ്‌ രാംലീല മൈതാനത്തും പരിസരത്തും കേന്ദ്രസർക്കാർ വിന്യസിച്ചത്‌.

കര്‍ഷകരുടെ ആവശ്യം
മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരിരക്ഷ, താങ്ങുവില നിർണയിക്കുന്നതിൽ കേന്ദ്രം ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ട്‌ കർഷകനേതാക്കളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റിയുണ്ടാക്കുക, കാർഷിക വായ്‌പകള്‍ എഴുതിത്തള്ളുക, കര്‍ഷകവിരുദ്ധ വൈദ്യുതി ബിൽ പിൻവലിക്കുക, ലഖിംപുർഖേരി കർഷക കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ്‌ മിശ്രയെ ക്യാബിനറ്റിൽനിന്ന്‌ പുറത്താക്കി അറസ്റ്റ്‌ ചെയ്യുക

ചർച്ചയ്‌ക്ക്‌ തയ്യാറെന്ന്‌ 
കേന്ദ്രം
അഖിലേന്ത്യ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ ഹന്നൻ മൊള്ളയുടെ നേതൃത്വത്തിലുള്ള കിസാൻ മോർച്ച പ്രതിനിധിസംഘം കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറിനെ സന്ദർശിച്ച്‌ നിവേദനം നൽകി. വിവാദ വൈദ്യുതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന്‌ മുമ്പ്‌ കൂടിയാലോചന നടത്തുമെന്ന വാഗ്‌ദാനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. കർഷകർക്കുള്ള വൈദ്യുതി സബ്‌സിഡി തുടരുമെന്ന്‌ മാത്രമായിരുന്നു മന്ത്രിയുടെ മറുപടി. ഒന്നാം കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കി കേന്ദ്രസർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക്‌ രാജ്യം സാക്ഷ്യം വഹിക്കുമെന്ന്‌ പതിനഞ്ചംഗ പ്രതിനിധി സംഘം മുന്നറിയിപ്പ്‌ നൽകി. കേന്ദ്രസർക്കാരിന്റെ നിലപാട്‌ നേതാക്കൾ മഹാപഞ്ചായത്ത്‌ വേദിയിലെത്തി അറിയിച്ചു.

ഖലിസ്ഥാൻ അനുകൂലി അമൃത്‌പാൽ സിങ്ങിനെ പിടികൂടാനായി നിരോധനാജ്ഞ ഏർപ്പെടുത്തിയതിനാൽ പഞ്ചാബിൽ നിന്നുള്ള കർഷകർക്ക്‌ മഹാ പഞ്ചായത്തിൽ പങ്കെടുക്കാനായില്ല. കർഷകരുടെ ബസുകൾ പഞ്ചാബ്‌ പൊലീസ്‌ തടഞ്ഞതായും റിപ്പോർട്ടുണ്ട്‌.

പോരാട്ടം രാജ്യമാകെ 
പടരും: വിജൂ കൃഷ്‌ണൻ
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കും കോർപറേറ്റ്‌ കൊള്ളയ്‌ക്കുമെതിരെ തുടങ്ങുന്ന രണ്ടാം കർഷക പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും പടരുമെന്ന്‌ അഖിലേന്ത്യ കിസാൻ സഭാ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ പറഞ്ഞു. ഡൽഹിയിൽ കർഷക മഹാ പഞ്ചായത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരെയും രാജ്യത്തെയും രക്ഷിച്ച്‌ കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ അറുതിവരുത്തുകയെന്ന മുദ്രാവാക്യമുയർത്തിയാകും പോരാട്ടം. മഹാരാഷ്‌ട്രയിലെ കർഷകർ കിസാൻ സഭയുടെ നേതൃത്വത്തിൽ വിജയകരമായി നടത്തിയ ലോങ് മാർച്ച്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോൾ വൻ കരഘോഷമാണുയർന്നത്‌. കർഷകർ സംഘടിച്ച്‌ പ്രതിരോധിച്ചിടത്തെല്ലാം സർക്കാർ മുട്ട്‌ മടക്കിയിട്ടുണ്ട്‌. ബദൽനയങ്ങൾ ഉയർത്തിയുള്ള സുശക്തമായ പോരാട്ടത്തിന്‌ വരുംനാളുകളിൽ രാജ്യം സാക്ഷ്യം വഹിക്കുമെന്നും വിജൂ കൃഷ്‌ണൻ പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top