22 October Thursday

അണയാതെ കർഷകരോഷം ;കർണാടകയിലും പ്രക്ഷോഭത്തീ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


ന്യൂഡൽഹി
ജനദ്രോഹ കാർഷികനിയമങ്ങൾക്കെതിരായ പ്രക്ഷോഭം രാജ്യമെമ്പാടും തുടരുന്നു. ഇന്ത്യാഗേറ്റിന്‌ സമീപം യുവാക്കൾ ട്രാക്ടർ കത്തിച്ച്‌ പ്രതിഷേധിച്ചു. രക്തസാക്ഷി ഭഗത്‌സിങ്ങിന്റെ 113–-ാം ജന്മവാർഷികമായ തിങ്കളാഴ്‌ച അഖിലേന്ത്യ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ബഹുരാഷ്ട്ര കോർപറേറ്റുകൾക്കും കേന്ദ്രസർക്കാർ നയങ്ങൾക്കും‌ എതിരായ പ്രതിഷേധദിനമായി ആചരിച്ചു. കർണാടകത്തിൽ ബന്ദ്‌ ആചരിച്ചു.

രാവിലെ ഏഴേകാലോടെയാണ്‌ ഇന്ത്യാഗേറ്റിന്‌ സമീപം വാഹനത്തിൽ കൊണ്ടുവന്ന ട്രാക്ടർ കത്തിച്ചത്‌. ഫയർഫോഴ്‌സ്‌ എത്തിയാണ്‌ തീകെടുത്തിയത്‌. പഞ്ചാബുകാരായ അഞ്ച്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തു.  ഭഗത്‌സിങ്ങിന്റെ ജന്മഗ്രാമമായ ഖത്‌കർ കലാനിൽ പഞ്ചാബ്‌ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർസിങ്ങും മന്ത്രിമാരും‌ സത്യഗ്രഹം അനുഷ്‌ഠിച്ചു. രാജ്യം കൊള്ളയടിക്കാൻ കാർഷികബിസിനസുകാർക്ക് മോഡിസർക്കാർ അവസരം ഒരുക്കിയിരിക്കയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

കേന്ദ്രനിയമങ്ങൾ മറികടക്കാൻ ആവശ്യമായ നിയമനിർമാണം നടത്താനുള്ള സാധ്യത പരിശോധിക്കാൻ കോൺഗ്രസ്‌ ഭരണത്തിലുള്ള സംസ്ഥാനങ്ങളോട്‌ പാർടി അധ്യക്ഷ  സോണിയ ഗാന്ധി നിർദേശിച്ചു.

കർണാടകയിലും പ്രക്ഷോഭത്തീ
കർഷകദ്രോഹ നിയമങ്ങൾക്കെതിരെ കർണാടകത്തിൽ കർഷക  ബന്ദ്‌ പൂർണം. കർഷക സംഘടനകൾ ആഹ്വാനംചെയ്‌ത ബന്ദ്‌ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക്‌ താക്കീതായി. കേന്ദ്രസർക്കാർ പാസാക്കിയ കോർപറേറ്റ്‌ അനുകൂല കാർഷിക ബില്ലുകൾക്കും കർണാടക സർക്കാർ പാസാക്കിയ കർഷക വിരുദ്ധ നിയമത്തിനുമെതിരെയാണ്‌ വിവിധ കർഷക സംഘടനകൾ  ‘റെയ്ത്ത, കാർമിക, ദളിത് ഐക്യ ഹൊരാട്ട’ ഫോറത്തിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ ബന്ദ്‌ നടത്തിയത്‌. പലയിടത്തും കർഷകരെ പൊലീസ്‌ കായികമായി നേരിട്ടു. സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്തിയ കർഷകരെ തല്ലിച്ചതച്ചു. നിരവധി കർഷകരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. 

കർഷക ഐക്യമുന്നണിക്കു പുറമെ ഇടതുപാർടികൾ, കോണ്‍ഗ്രസ്, ജെഡിഎസ്, തൊഴിലാളി സംഘടനകൾ അടക്കം 108ൽ അധികം പാര്‍ടികൾ പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടും ജനങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി. പ്രതിഷേധത്തിൽ ബംഗളൂരു നഗരം നിശ്‌ചലമായി. വിവിധയിടങ്ങളിൽ പ്രതിഷേധറാലിയും കുത്തിയിരുപ്പ്‌ സമരവും നടന്നു. ദേശീയപാതകളിലെല്ലാം പ്രതിഷേധക്കാർ രാവിലെ തടിച്ചുകൂടി. അഖിലേന്ത്യാ കിസാൻ സഭയും മറ്റ് ഇടത്‌ സംഘടനകളും ഹാസ്സനിലെ ഹേമാവതി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബൈക്ക് റാലിയും നടത്തി. പതിനായിരക്കണക്കിനു കർഷകരാണ്‌ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ അണിചേർന്നത്‌‌.

കർഷകരല്ലാത്തവർക്ക്‌ കാർഷിക ഭൂമി വാങ്ങുന്നതിനുള്ള നടപടി ക്രമം ലളിതമാക്കുന്ന യദ്യൂരപ്പ സർക്കാരിന്റെ ഓർഡിനൻസും‌ കാർഷിക മേഖലയെ കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാനുള്ള കേന്ദ്രസർക്കാരിന്റെ കാർഷിക പരിഷ്‌കരണ നിയമവും ഉപേക്ഷിക്കുന്നതുവരെ പ്രക്ഷോഭത്തിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ കർഷക സംഘടനകൾ അറിയിച്ചു.

വേണ്ടിവന്നാൽ കോടതിയിൽ പോകും: സ്റ്റാലിൻ
കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലിനെതിരെ ഡിഎം‌കെയുടെയും ഇടതു പാർടികളുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള സഖ്യം തമിഴ്‌നാട്ടിൽ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്രത്തിന്റെ വിവാദ തീരുമാനത്തിനെതിരെ വേണ്ടിവന്നാൽ കോടതിയെ സമീപിക്കാൻ തയ്യാറാണെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൽ വ്യക്തമാക്കി. കാഞ്ചീപുരത്ത്‌ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം തയ്യാറാകുമ്പോൾ തമിഴ്‌നാട്‌ സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.‌ തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രത്തിലായി ആയിരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top