28 February Sunday

ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്; പഞ്ചാബില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു

സ്വന്തം ലേഖകൻUpdated: Sunday Jan 10, 2021

ന്യൂഡൽഹി > കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങളെ പിന്തുണച്ച്‌ ബിജെപി സംഘടിപ്പിച്ച പരിപാടികളെ തുടർന്ന്‌ ഹരിയാനയിലും പഞ്ചാബിലും സംഘർഷം. ഹരിയാനയിൽ പൊലീസും പഞ്ചാബിൽ ബിജെപിക്കാരും കർഷകരെ ആക്രമിച്ചു.  കർഷകരുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തെതുടർന്ന്‌ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുടെ കർണാൽ സന്ദർശനം റദ്ദാക്കി.

റോഡ്‌ ഉപരോധിച്ച കർഷകരെ പിരിച്ചുവിടാൻ പൊലീസ്‌ മണിക്കൂറുകൾ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. ഖട്ടർക്ക്‌ വന്നിറങ്ങാൻ സ്ഥാപിച്ച ഹെലിപ്പാഡ്‌ ചിലർ കുത്തിയിളക്കി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ്‌ ഹരിയാന മുഖ്യമന്ത്രിക്ക്‌ കർഷകരോഷം കാരണം കർണാൽ സന്ദർശനം റദ്ദാക്കേണ്ടിവന്നത്‌.

നിയമങ്ങളുടെ ‘ഗുണഫലം’ കർഷകരെ ബോധവൽക്കരിക്കാൻ എന്ന പേരിൽ കർണാലിലെ കൈമ്‌ല ഗ്രാമത്തിലാണ്‌ ബിജെപി എംഎൽഎയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ പരിപാടി നിശ്‌ചയിച്ചത്‌.   മുഖ്യമന്ത്രിയെ തടയുമെന്ന്‌ കർഷകർ പ്രഖ്യാപിച്ചതോടെ പ്രദേശത്ത്‌ വൻപൊലീസ്‌ സന്നാഹം ഒരുക്കി. സമാന്തരമാർഗം എന്ന നിലയിൽ ഹെലികോപ്‌ടർ വന്നിറങ്ങാനും സംവിധാനമുണ്ടാക്കി. ഞായറാഴ്‌ച ഗ്രാമത്തിലേ‌ക്കുള്ള എല്ലാ റോഡുകളും കർഷകർ ഉപരോധിച്ചു. കരിങ്കൊടികൾ വീശി മുദ്രാവാക്യങ്ങളുമായി അവർ നിലകൊണ്ടു. വെടിവയ്‌പ്‌ ഒഴികെ എല്ലാ മാർഗവും പൊലീസ്‌ സ്വീകരിച്ചെങ്കിലും കർഷകർ പിന്തിരിഞ്ഞില്ല. ഇതിനിടെയാണ്‌ താൽക്കാലിക ഹെലിപ്പാഡ്‌ നശിപ്പിക്കപ്പെട്ടത്‌. മുഖ്യമന്ത്രിയുടെ യോഗവേദിയും ഒരുസംഘം ഭാഗിമായി നശിപ്പിച്ചു. ഇതോടെ പരിപാടി റദ്ദാക്കിയെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ഏതു വിധേനെയും പരിപാടിയിൽ പങ്കെടുക്കുമെന്ന്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

പഞ്ചാബിലെ ജലന്ധറിൽ നിയമങ്ങളെ അനുകൂലിച്ച്‌ ബിജെപിയും എതിർത്ത്‌ കർഷകരും നടത്തിയ റാലികൾക്കിടെയാണ്‌ ആക്രമണം ഉണ്ടായത്‌. ബിജെപിക്കാർ സംഘടിതരായി  കർഷകരെ ആക്രമിച്ചു. ഇതിനിടെ ജമ്മു–-കശ്‌മീരിൽനിന്നുള്ള കർഷകർ ഹരിയാന അതിർത്തിയായ ഷാജഹാൻപുർ സമരകേന്ദ്രത്തിൽ എത്തി. അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ അമ്രാറാമിന്റെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. ജമ്മു–-കശ്‌മീർ കിസാൻസഭ നേതാവ്‌ കിഷോർകുമാർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top