03 March Wednesday

ഡൽഹിയിൽ കര്‍ഷകത്തിരമാല; നാലുദിശയിലൂടെയും ട്രാക്ടറുകള്‍

സ്വന്തം ലേഖകൻUpdated: Monday Jan 25, 2021

ന്യൂഡൽഹി > ഡൽഹിയിൽ പോരാടുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്രയിൽ വൻ കർഷകമാർച്ച്‌. അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ 15,000ത്തിൽപരം കർഷകർ നാസിക്കിൽനിന്ന്‌ മുംബൈയിലേക്ക്‌ മുന്നേറുന്നു. നാസിക്കിലെ ഗോൾഫ്‌ക്ലബ് മൈതാനത്തുനിന്ന്‌ ശനിയാഴ്‌ചയാണ്‌ മാർച്ച്‌ തുടങ്ങിയത്‌. രാത്രി ഇഗത്ത്‌പുരിക്ക്‌ അടുത്തുള്ള ഘാട്ടൻദേവിയിൽ തങ്ങിയ കർഷകർ ഞായറാഴ്‌ച രാവിലെ കസാറാഘാട്ടിലേക്ക്‌ കാൽനടയായി സഞ്ചരിച്ച്‌ അവിടെനിന്നും മുംബൈയിലേക്കുള്ള വാഹനമാർച്ച്‌ പുനരാരംഭിച്ചു.

നൂറുകണക്കിന്‌ ടെമ്പോകളിലും പിക്ക്‌അപ്പുകളിലും മറ്റുമാണ് യാത്ര.  റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നായി അരലക്ഷത്തിലേറെ കർഷകർ മുംബൈയിൽ അണിനിരക്കും. തിങ്കളാഴ്‌ച രാജ്‌ഭവനിലേക്ക്‌ മാർച്ച്‌ ചെയ്‌ത്‌ ഗവർണർക്ക്‌ നിവേദനം കൈമാറും. തുടർന്ന്‌ ആസാദ്‌ മൈതാനത്തേക്ക്‌ നീങ്ങി ദേശീയപതാക ഉയർത്തും.

പൊതുസമ്മേളനത്തില്‍ ദേശീയ ജനറൽസെക്രട്ടറി ഹനൻമൊള്ള, എൻസിപി ദേശീയപ്രസിഡന്റ്‌ ശരദ്‌പവാർ, കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ബാലാസാഹേബ്‌ തൊറാട്ട്‌, ശിവസേന നേതാവും മന്ത്രിയുമായ ആദിത്യതാക്കറേ തുടങ്ങിയവർ സംസാരിക്കും. നേതാജിയുടെ 125–-ാം ജന്മവാർഷികത്തിൽ കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം അറിയിച്ച്‌ രാജ്‌ഭവനുകൾക്ക്‌ മുന്നിൽ ധർണ സംഘടിപ്പിക്കാൻ അഖിലേന്ത്യാ കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും സിഐടിയുവും ആഹ്വാനം ചെയ്‌തിരുന്നു. ആന്ധ്രപ്രദേശ്‌, തെലങ്കാന, തമിഴ്‌നാട്‌, ഒഡിഷ, ജമ്മു കശ്‌മീർ, അസം എന്നിവിടങ്ങളിൽ മാർച്ചും ധർണയും നടന്നു.

നാലുദിശയിലൂടെയും ട്രാക്ടറുകള്‍ ഡൽഹിയിലേക്ക്

ന്യൂഡൽഹി > കിസാൻ പരേഡിനായി റിപ്പബ്ലിക് ദിനത്തിൽ നാല്‌ അതിർത്തിയിലൂടെ ട്രാക്ടറുകളുമായി കർഷകർ ഡൽഹി നഗരത്തിൽ‌ പ്രവേശിക്കും. സിൻഘു, ടിക്രി, ഗാസിപുർ, ചില്ല എന്നീ അതിർത്തികളിലൂടെയാകും കർഷകർ നഗരത്തിലെത്തുക. പരേഡിന്‌ റൂട്ട്‌ നിശ്ചയിച്ച്‌‌ കർഷകസംഘടനകൾക്ക്‌ പൊലീസ്‌ അനുമതി നൽകി. ചർച്ചയിലൂടെ തീരുമാനിക്കപ്പെട്ട റൂട്ടുകളിലൂടെ നീങ്ങുന്ന നാല്‌ പരേഡും പിന്നീട്‌ അതിർത്തിക്ക്‌ പുറത്തേക്ക്‌ നീങ്ങും.

സിൻഘുവിൽനിന്ന്‌ പ്രവേശിക്കുന്ന പരേഡ്‌ ഡൽഹിക്കുള്ളിലൂടെ 63 കിലോമീറ്റർ സഞ്ചരിച്ച്‌ ഔച്ചണ്ടി അതിർത്തി വഴി പുറത്തുകടക്കും. ടിക്രിയിൽനിന്നുള്ള പരേഡ്‌ ഡൽഹിക്കുള്ളിലൂടെ 62.5 കിലോമീറ്റർ പിന്നിട്ട്‌ ജരോഡ അതിർത്തിവഴി പുറത്തു‌ കടക്കും. ഗാസിപുർ, ചില്ല അതിർത്തികളിലൂടെ പ്രവേശിക്കുന്ന പരേഡുകളുടെ കാര്യത്തിൽ പൊലീസും കർഷകരും ചർച്ച തുടരുന്നു‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top