01 March Monday
കർഷകപ്രക്ഷോഭം നീളുന്നതിൽ ആർഎസ്‌എസിനും‌ ആശങ്ക

കാർഷികനിയമങ്ങൾ നടപ്പാക്കുന്നത്‌ രണ്ട്‌ വർഷത്തേ‌ക്ക്‌ മാറ്റിവയ്‌ക്കാമെന്ന്‌ കേന്ദ്രം; 22ന്‌ വീണ്ടും ചർച്ച ;

സാജൻ എവുജിൻUpdated: Thursday Jan 21, 2021



ന്യൂഡൽഹി
അതിശക്തമായ കർഷകപ്രക്ഷോഭത്തിനുമുന്നിൽ കേന്ദ്രസർക്കാർ കടുംപിടിത്തം ഉപേക്ഷിക്കുന്നു. കാർഷികനിയമങ്ങൾ നടപ്പാക്കുന്നത്‌ രണ്ട്‌ വർഷത്തേ‌ക്ക്‌ മാറ്റിവയ്‌ക്കാമെന്ന്‌ കർഷകസംഘടന നേതാക്കളുമായി നടത്തിയ ചർച്ചയിൽ കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ അറിയിച്ചു.

ഈ കാലയളവിൽ സമിതി രൂപീകരിച്ച്‌ പഠനം നടത്താമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു. എന്നാൽ, ആദായകരമായ താങ്ങുവില(എംഎസ്‌പി)യുടെ വിഷയത്തിൽ മന്ത്രി വ്യക്തമായ ഉറപ്പ്‌ നൽകിയില്ല. 22ന്‌ വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ കൂടിക്കാഴ്‌ച പിരിഞ്ഞു.

നിയമങ്ങൾ രണ്ട്‌ വർഷത്തേ‌ക്ക്‌ മരവിപ്പിക്കാമെന്ന്‌ സുപ്രീംകോടതിയിൽ രേഖാമൂലം ഉറപ്പ്‌ നൽകാമെന്ന്‌ മന്ത്രി അറിയിച്ചതായി ചർച്ചയ്‌ക്കുശേഷം അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു. സമരം ചെയ്യുന്ന 500ൽപരം സംഘടനകൾ കൂടിയാലോചന നടത്തിയശേഷം മറുപടി നൽകാമെന്ന്‌ സമരസമിതി പ്രതിനിധികൾ ചർച്ചയിൽ പ്രതികരിച്ചു.

എൻഐഎ അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച്‌ സമരം നേരിടാൻ സർക്കാർ ശ്രമിക്കുന്നതിൽ നേതാക്കൾ മന്ത്രിമാരെ പ്രതിഷേധം അറിയിച്ചു. നോട്ടീസ്‌ ലഭിച്ച കർഷകരുടെ പേരുകൾ നൽകിയാൽ പരിശോധിക്കാമെന്ന്‌ മന്ത്രിമാർ പറഞ്ഞു. വിജ്ഞാൻ ഭവനിൽ നടന്ന ചർച്ച അഞ്ച്‌ മണിക്കൂർ നീണ്ടു. ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ്‌ ‌തോമറും പൊതുവിതരണമന്ത്രി പിയൂഷ്‌ ഗോയലും ചർച്ചയ്‌ക്ക്‌ എത്തിയത്‌.

കർഷകപ്രക്ഷോഭം നീളുന്നതിൽ ആർഎസ്‌എസിനും‌ ആശങ്ക
കർഷകപ്രക്ഷോഭം നീണ്ടുപോകുന്നതിൽ ആശങ്കയെന്ന്‌‌ ആർഎസ്‌എസ്‌. ആർഎസ്‌എസ്‌ ജനറൽസെക്രട്ടറി സുരേഷ്‌ ജോഷി ഒരു സമരവും നീണ്ടുപോകുന്നത്‌ ഗുണകരമല്ലെന്നും ഉടൻ പരിഹാരം കാണമെന്നും ദേശീയപത്രത്തിലെ അഭിമുഖത്തില്‍ പറഞ്ഞു. ചർച്ചയിലൂടെ എന്തൊക്കെ നേടാൻ കഴിയുമെന്ന്‌ സമരം ചെയ്യുന്നവരും എന്തൊക്കെ  അനുവദിക്കാൻ കഴിയുമെന്ന്‌ സർക്കാരും പരിശോധിക്കണം. രണ്ടുഭാഗവും യോജിക്കാനും പ്രക്ഷോഭം അവസാനിപ്പിക്കാനുമുള്ള ഇടം കണ്ടെത്തണം.

പ്രക്ഷോഭകരെ ഖാലിസ്ഥാൻ തീവ്രവാദികളെന്നും മാവോയിസ്‌റ്റുകളെന്നും‌ സർക്കാർ വിളിച്ചിട്ടില്ലെന്നും‌ ജോഷി അവകാശപ്പെട്ടു. ഖാലിസ്ഥാൻ തീവ്രവാദികളും വിഘടനവാദികളും സമരത്തിനിടയ്‌ക്ക്‌ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന്‌ കേന്ദ്രം സുപ്രീംകോടതിയിൽ നിലപാടെടുത്തിരുന്നു.

ട്രാക്ടർറാലി തടയില്ലെന്ന്‌ സുപ്രീംകോടതി
റിപ്പബ്ലിക്‌ ദിനത്തിൽ കർഷകർ നടത്തുമെന്ന്‌ അറിയിച്ച ട്രാക്ടർറാലി വിലക്കി ഉത്തരവിറക്കില്ലെന്ന്‌ സുപ്രീംകോടതി. റാലിക്ക്‌ അനുമതി നൽകണോ വേണ്ടയോ എന്നതിൽ പൊലീസാണ്‌ തീരുമാനമെടുക്കേണ്ടത്‌. അതാണ്‌ കീഴ്‌വഴക്കം. നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കാനുള്ള അധികാരം പൊലീസിനുണ്ട്‌. കോടതിക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഹർജി പിൻവലിക്കുന്നതാണ്‌ ഉചിതമെന്നും- ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ പൊലീസിനോട്‌ നിർദേശിച്ചു.  ഹർജി പിന്നീട്‌ പരിഗണിക്കണമെന്ന്‌ ഡൽഹി പൊലീസിന്‌ വേണ്ടി അറ്റോണിജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും കോടതി അതും‌ അംഗീകരിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top