15 August Monday

പിന്നോട്ടില്ല ; ഇന്ന് ലഖ്‌നൗവിൽ കിസാൻ മഹാപഞ്ചായത്ത്‌ ; 26ന്‌ സിൻഘു, ടിക്രി സമരകേന്ദ്രങ്ങളിലേക്ക്‌ മാർച്ച്‌

എം പ്രശാന്ത്‌Updated: Sunday Nov 21, 2021


ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരായി നിശ്ചയിച്ചിട്ടുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ഞായറാഴ്‌ച സിൻഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗം തീരുമാനിച്ചു. മിനിമം താങ്ങുവില ഉറപ്പുവരുത്തിയുള്ള കേന്ദ്രനിയമം കൊണ്ടുവരുന്നതടക്കം ഇനിയും പരിഹരിക്കപ്പെടാനുള്ള ആറ്‌ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ തുറന്ന കത്തയച്ചു. ഈ വിഷയങ്ങളിൽ ചർച്ചയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ കത്തിൽ ആവശ്യപ്പെട്ടു. സർക്കാർ സമീപനത്തിലെ പുരോഗതി വിലയിരുത്താൻ ശനിയാഴ്‌ച വീണ്ടും യോഗം ചേരും.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചശേഷം കിസാൻ മോർച്ചയുടെ ആദ്യ പൂർണ യോഗമാണ്‌ ഞായർ പകൽ സിൻഘുവിലെ കിസാൻ ആന്ദോളൻ ഓഫീസിൽ ചേർന്നത്‌. കിസാൻസഭയെ പ്രതിനിധാനംചെയ്‌ത്‌ അശോക്‌ ധാവ്‌ളെയും പി കൃഷ്‌ണപ്രസാദും പങ്കെടുത്തു. എംഎസ്‌പി അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രം ഇനിയും തീരുമാനം പ്രഖ്യാപിക്കാത്തതിനാൽ സമരപരിപാടികൾ പദ്ധതിപ്രകാരം തുടരും. തിങ്കൾ ലഖ്‌നൗവിൽ കിസാൻ മഹാപഞ്ചായത്ത്‌ ചേരും. ഹന്നൻ മൊള്ള, അശോക്‌ ധാവ്‌ളെ, പി കൃഷ്‌ണപ്രസാദ്‌ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. കർഷക നേതാവായിരുന്ന സർ ഛോട്ടുറാമിന്റെ ജന്മവാർഷികം മുൻനിർത്തി ബുധൻ കർഷക–- തൊഴിലാളി പ്രക്ഷോഭ ദിവസം ആചരിക്കും. ഡൽഹി കേന്ദ്രീകരിച്ചുള്ള സമരം ഒരു വർഷം പിന്നിടുന്നത്‌ മുൻനിർത്തി 26ന്‌ സിൻഘു, ടിക്രി തുടങ്ങിയ അതിർത്തി സമരകേന്ദ്രങ്ങളിലേക്ക്‌ കർഷകർ മാർച്ച്‌ ചെയ്യും. 28ന്‌ മുംബൈ ആസാദ്‌ മൈതാനിയിൽ തൊഴിലാളി–- കർഷക മഹാപഞ്ചായത്ത്‌ ചേരും. 29ന്‌ ശീതകാല സമ്മേളനം ആരംഭിക്കുന്ന ദിവസം പാർലമെന്റിലേക്ക്‌ ട്രാക്ടർ മാർച്ച്‌ നടത്തും. പാർലമെന്റ്‌ ചേരുന്ന എല്ലാ ദിവസങ്ങളിലും 500 കർഷകർ വീതം മാർച്ച്‌ നടത്താൻ തീരുമാനിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിൽ അടുത്ത യോഗം തീരുമാനമെടുക്കും.

രക്തസാക്ഷികളായ കർഷകർക്ക്‌ ധനസഹായം നൽകുമെന്ന തെലങ്കാന സർക്കാരിന്റെ പ്രഖ്യാപനത്തെ കിസാൻ മോർച്ച സ്വാഗതം ചെയ്‌തു. മരിച്ച കർഷകരുടെ പട്ടിക തെലങ്കാന സർക്കാരിന്‌ കൈമാറും


 

കർഷകരുടെ ജീവത്യാ​ഗം :
 നഷ്ടപരിഹാരം നൽകണം
പ്രധാനമന്ത്രിക്കുള്ള തുറന്നകത്തിൽ  ഇനി പരിഹരിക്കപ്പെടേണ്ട ആറ് ആവശ്യം അക്കമിട്ട് നിരത്തി കർഷകർ

കുറഞ്ഞ താങ്ങുവില (എംഎസ്‌പി )നിയമപരമാക്കുക

● വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക

● കർഷക സമരത്തിനിടെ ജീവത്യാഗം ചെയ്‌ത കർഷകരെ അംഗീകരിക്കുക, ധനസഹായം നൽകുക

● കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക

● ലഖിംപുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയതിൽ ഉൾപ്പെട്ട കേന്ദ്ര മന്ത്രിയെ പുറത്താക്കുക

● ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നിയമത്തിലെ കർഷകദ്രോഹ വ്യവസ്ഥകൾ പിൻവലിക്കുക

കാർഷികനിയമങ്ങൾ പിൻവലിക്കുന്ന ബിൽ അടുത്ത മന്ത്രിസഭായോഗത്തില്‍
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന്‌ കർഷകദ്രോഹ നിയമം പിൻവലിച്ചുള്ള ബില്ലിന്‌ ബുധനാഴ്‌ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയേക്കും. നവംബർ 29ന്‌ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മൂന്ന്‌ നിയമവും പിൻവലിച്ചുള്ള ബിൽ അവതരിപ്പിക്കും.

ബുധനാഴ്‌ച മന്ത്രിസഭായോഗം ബിൽ പരിഗണിക്കുമെന്ന്‌ കേന്ദ്ര ക്യാബിനറ്റ്‌ വൃത്തങ്ങൾ പറഞ്ഞു. 2020ലെ വർഷകാല സമ്മേളനത്തിലാണ്‌ പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച്‌ ഇടതുപക്ഷ പാർടികളുടെ എതിർപ്പ്‌ അവഗണിച്ച്‌ മോദി സർക്കാർ മൂന്ന്‌ നിയമവും ഏകപക്ഷീയമായി പാസാക്കിയത്‌. കാർഷികോൽപ്പന്ന വാണിജ്യ–- വ്യാപാര നിയമം, കാർഷിക സേവന–- വില ഉറപ്പാക്കൽ ധാരണ നിയമം, അവശ്യവസ്‌തു ഭേദഗതി നിയമം എന്നീ നിയമപരിഷ്‌കാരങ്ങളാണ്‌ ഒരു കൂടിയാലോചനയും കൂടാതെ നടപ്പാക്കിയത്‌. കൃഷിഭൂമിയടക്കം ഏറ്റെടുക്കുംവിധം കാർഷിക മേഖലയിലേക്കുകൂടി കോർപറേറ്റുകളുടെ കടന്നുവരവ്‌ അനുവദിക്കുന്നതും എപിഎംസി സംവിധാനം ഇല്ലാതാക്കുന്നതും പൊതുവിതരണ സംവിധാനത്തെ തകർക്കുന്നതുമായ പരിഷ്‌കാരങ്ങൾക്കെതിരായി കർഷകസമൂഹം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെയാണ്‌ മോദി സർക്കാരിന്‌ പിന്തിരിയേണ്ടി വന്നത്‌.

അഞ്ച്‌ സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ മൂന്ന്‌ നിയമവും പിൻവലിച്ചുള്ള ബിൽ എത്രയും വേഗം പാസാക്കാനാകും സർക്കാർ ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top