23 April Friday

കർഷകർക്കൊപ്പം 
തൊഴിലാളികൾ ; പ്രക്ഷോഭം തീവ്രമാക്കാൻ കർഷകസംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021


ന്യൂഡൽഹി
കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും ശനിയാഴ്‌ച രാജ്യവ്യാപകമായി കർഷക–- തൊഴിലാളി ഏകതാ ദിവസ്‌ ആചരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സംയുക്തപ്രകടനം സംഘടിപ്പിച്ചു. ആൻഡമാൻ–- നിക്കോബാർ ദ്വീപ സമൂഹത്തിലും ഏകതാ ദിവസ്‌ ആചരണമുണ്ടായി. സ്‌ത്രീകളടക്കം നൂറുകണക്കിനാളുകൾ റാലികളിലും പ്രകടനങ്ങളിലും പങ്കാളികളായി.
ഉത്തരേന്ത്യയിൽ ശൈത്യം മാറി താപനില ഉയർന്നുതുടങ്ങിയതോടെ ഡൽഹി അതിർത്തി സമരകേന്ദ്രങ്ങളിൽ വെയിലിനെ ചെറുക്കാനായി ടെന്റുകൾ സ്ഥാപിച്ചു. കൂളറുകൾ, വെള്ളത്തിനായി കുഴൽകിണറുകൾ, വാട്ടർ ഫിൽറ്ററുകൾ, കൂടുതൽ ശൗചാലയങ്ങൾ എന്നിവ തയ്യാറാക്കി‌. ടിക്രിയിൽ മാത്രം നാലായിരം എയർ കൂളർ സ്ഥാപിച്ചു.

ബിജെപിക്ക് വോട്ടില്ല
നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍, രാജ്യത്തെ തൊഴിലാളികളുമായി കൈകോര്‍ത്ത് പ്രക്ഷോഭം തീവ്രമാക്കാൻ കർഷകസംഘടനകൾ. മോഡി സർക്കാരിനെതിരായ മൂന്നാംഘട്ട സമരപ്രഖ്യാപനം ചൊവ്വാഴ്‌ച സംയുക്ത കിസാൻ മോർച്ച നടത്തും. തിങ്കളാഴ്‌ച കേന്ദ്ര ട്രേഡ്‌യൂണിയൻ പ്രതിനിധികളും സംയുക്ത കിസാൻമോർച്ച നേതാക്കളും യോഗം ചേരും.

കിസാൻസഭ നേതാക്കളായ ഹനൻ മൊള്ള, അശോക്‌ ധാവ്‌ളെ, വിജൂ കൃഷ്‌ണൻ, പി കൃഷ്‌ണപ്രസാദ്‌ എന്നിവർ സിൻഘു സമരകേന്ദ്രത്തിലെത്തി മറ്റ്‌ കർഷക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. ബംഗാൾ അടക്കം തെരഞ്ഞെടുപ്പ്‌ നടക്കുന്ന എല്ലാ സംസ്ഥാനത്തും കർഷകർ ബിജെപിക്ക്‌ വോട്ടുചെയ്യരുതെന്ന പ്രചാരണം ശക്തമാക്കും. ഇതിനായി സംയുക്ത കിസാൻമോർച്ചയുടെ മുതിർന്ന നേതാക്കൾ സംസ്ഥാനപര്യടനം നടത്തും.

കർഷകവോട്ട്‌  ബിജെപിക്ക്‌ പോകരുതെന്ന്‌ ഉറപ്പാക്കുമെന്ന് മുതിർന്ന കർഷകനേതാവ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. മഹാരാഷ്ട്രയിലും മറ്റും സംഘടിപ്പിച്ച ലോങ്‌മാർച്ചുകൾ മറ്റ്‌ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കും. ഇതിനിടെ കർഷകരുമായി വീണ്ടും ചർച്ചയാരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി.

സമരകേന്ദ്രത്തിലേക്ക്: നവ്‌ദീപ്‌ കൗർ
കഴിഞ്ഞ ദിവസം പഞ്ചാബ്‌–- ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ച ദളിത്‌ ട്രേഡ്‌യൂണിയൻ പ്രവർത്തക നവ്‌ദീപ്‌ കൗർ ശനിയാഴ്‌ച ജയിൽമോചിതയായി. കർഷകർക്ക്‌ ഒപ്പമാണെന്നും സിൻഘുവിലെ സമരകേന്ദ്രത്തിലേക്ക്‌ വൈകാതെ പോകുമെന്നും നവ്‌ദീപ്‌ കൗർ മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top