16 January Saturday

ഉപാധികളോടെ ചര്‍ച്ചയ്‌ക്കില്ല, സമരവേദി മാറ്റില്ല; അമിത്ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍

സ്വന്തം ലേഖകൻUpdated: Sunday Nov 29, 2020

Photo Credit: AIKS Facebook Page

ന്യൂഡല്‍ഹി > ഉപാധികളോടെ ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ നിലപാട്‌ കർഷകസംഘടനകൾ തള്ളി. ഡൽഹി അതിർത്തിയിലെ ബാരിക്കേഡുകൾ നീക്കാതെ സർക്കാരുമായി അനുരഞ്ജനത്തിനില്ലെന്ന്‌ സമരസമിതി. പ്രക്ഷോഭം പൂർണമായും ബുറാഡിയിലേക്ക്‌ മാറ്റിയാൽ  ചർച്ചയാകാമെന്ന്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷായും കാർഷികനിയമങ്ങളുടെ ‘ഗുണഫലങ്ങൾ വിശദീകരിക്കുന്നതിൽ’ കേന്ദ്രീകരിച്ച്‌ ചർച്ച നടത്താമെന്ന്‌ കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമറും പറഞ്ഞത്‌ അംഗീകരിക്കില്ലെന്ന്‌ കർഷകർ വ്യക്തമാക്കി. പ്രക്ഷോഭം കൂടുതൽ കരുത്താർജ്ജിക്കും. ഡൽഹിയിലേ‌ക്ക്‌ എത്തിച്ചേരാൻ കൂടുതൽ കർഷകരോട്‌ അഖിലേന്ത്യ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയും സംയുക്തസമരസമിതിയും ആഹ്വാനം ചെയ്‌തു.

ആഭ്യന്തരമന്ത്രാലയത്തെയും രഹസ്യാന്വേഷണ ഏജൻസികളെയും ഉപയോഗിച്ച്‌ ചർച്ച നടത്താനുള്ള നീക്കത്തെ കോ–-ഓർഡിനേഷൻ കമ്മിറ്റി  അപലപിച്ചു. ഉന്നത ഭരണരാഷ്ട്രീയ നേതൃത്വം ചർച്ചയ്‌ക്ക്‌ തയ്യാറാകണം. കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഉറച്ചുനിൽക്കും‌. കോർപറേറ്റ്‌ അനുകൂല മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും പിൻവലിക്കണം. രാജ്യത്തെ  കർഷകഅനുകൂല, കോർപറേറ്റ്‌ വിരുദ്ധ ചിന്താഗതിക്കാരുടെ പിന്തുണ കമ്മിറ്റി അഭ്യർഥിച്ചു. ഡിസംബർ ഒന്നുമുതൽ സംസ്ഥാനതലത്തിൽ പ്രതിഷേധം ആരംഭിക്കാൻ കോ–-ഓർഡിനേഷൻ കമ്മിറ്റി വർക്കിങ്‌ ഗ്രൂപ്പ്‌ ആഹ്വാനംചെയ്‌തു.

കേന്ദ്രസർക്കാർ തുറന്നമനസ്സോടെ ചർച്ചയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ ബികെയു പഞ്ചാബ്‌ ഘടകം അധ്യക്ഷൻ ജഗ്‌ജിത്‌ സിങ്‌ പറഞ്ഞു. ഡൽഹി–ഹരിയാന അതിർത്തിയായ നരേലയിൽ കർഷകർ പൊലീസ്‌ ബാരിക്കേഡുകൾ ഭേദിച്ചു. സിൻഘു, ടിക്രി അതിർത്തികളിൽ പഞ്ചാബ്‌, ഹരിയാന കർഷകർ തമ്പടിച്ചു. ബുറാഡിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ കേന്ദ്രീകരിച്ചു‌. ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ കർഷകരും ഡൽഹിയിൽ എത്തുന്നു.

അഖിലേന്ത്യ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി കെ കെ രാഗേഷ്‌ എംപി, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ സെക്രട്ടറി ബി വെങ്കട്‌, ജോയിന്റ്‌ സെക്രട്ടറി വിക്രംസിങ്‌ എന്നിവർ സിൻഘുവിലെത്തി സമരത്തിൽ പങ്കുചേർന്നു. അതിനിടെ, കാർഷികനിയമങ്ങൾ കർഷകർക്ക്‌ ഗുണമാണെന്ന്‌ മൻകി ബാത്‌ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top