27 June Thursday

വരൾച്ച: മഹാരാഷ്ട്രയിൽ ദിനംപ്രതി ഏഴുകർഷകർ ആത്മഹത്യചെയ്യുന്നതായി റിപ്പോർട്ട‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

മുംബൈ> മഹാരാഷ്ട്രയിൽ ദിനംപ്രതി ഏഴുകർഷകർ ആത്മഹത്യചെയ്യുന്നതായി റിപ്പോർട്ട‌്. നാല‌ു മാസത്തിനിടെ മഹാരാഷ്ട്രയിൽ  ആത്മഹത്യചെയ‌്തത‌് 808 കർഷകരാണെന്ന‌് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. ജനുവരിമുതൽ ഏപ്രിൽവരെ കാലയളവിലുള്ള കണക്കാണ‌് ഇത‌്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‌്നാവിസിന്റെ ജന്മദേശമായ വിദർഭയിലാണ‌് ആത്മഹത്യാനിരക്ക‌് കൂടുതൽ. ഏപ്രിൽവരെ ഇവിടെയുണ്ടായ കർഷക ആത്മഹത്യ 344 ആണ‌്. കരിമ്പുകൃഷിയുടെ കേന്ദ്രമായ മറാത്ത‌്‌വാഡയിൽ 269ഉം വടക്കൻ മഹാരാഷ്ട്രയിൽ 161ഉം പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ 34ഉം കർഷകരാണ‌് ജീവനൊടുക്കിയത‌്.

2018–-19 കാലയളവിൽ സംസ്ഥാനത്തെ 42 ശതമാനം താലൂക്കും കടുത്ത വരൾച്ചയുടെ പിടിയിലായിരുന്നു. ഇത‌് നാട്ടിലെ 60 ശതമാനം കർഷകരെയും പ്രതികൂലമായി ബാധിച്ചു. ഈവർഷം മികച്ച മൺസൂൺമഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിലാണ‌് കർഷകരുടെ പ്രതീക്ഷ. 17ന‌് മൺസൂൺ എത്തുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്.

ദുരിതത്തിലായ കർഷകർ നിരവധി പ്രക്ഷേ‌ാഭങ്ങൾ നടത്തിയിരുന്നു. രണ്ടുവർഷംമുമ്പ‌് ജൂണിൽ 11 ദിവസം നീണ്ട സമരവും നടത്തി. തുടർന്ന‌് കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്ന‌് മുഖ്യമന്ത്രി ഫഡ‌്നാവിസുമായി ധാരണയായിരുന്നു. എന്നാൽ, കാര്യമായ നടപടിയായില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top