17 January Sunday

മോഡിയുടെ കോലം കത്തിച്ചു; രാജ്യം കർഷകർക്കൊപ്പം

സ്വന്തം ലേഖകൻUpdated: Sunday Dec 6, 2020

കർഷകസമരത്തിന്‌ പിന്തുണയർപ്പിച്ച്‌ ബിഹാറിൽ കർഷകസംഘടനയുടെ നേതൃത്വത്തിൽ നരേന്ദ്രമോഡിയുടെ കോലം കത്തിക്കുന്നു

ന്യൂഡൽഹി > കോർപറേറ്റുകൾക്കായി കാർഷികനിയമങ്ങളും വിവാദ വൈദ്യുതി ബില്ലും സംരക്ഷിക്കുമെന്ന മോഡി സർക്കാരിന്റെ പിടിവാശിക്കെതിരെ രാജ്യമെങ്ങും കർഷക പ്രതിഷേധം. ചൊവ്വാഴ്‌ച ആഹ്വാനം ചെയ്‌തിട്ടുള്ള ഭാരത്‌ ഹർത്താൽ‌ വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ്‌ വിവിധ സംസ്ഥാനങ്ങളിൽ കർഷകസംഘടനകളും മറ്റ്‌ വർഗബഹുജന സംഘടനകളും വിവിധ രാഷ്ട്രീയ പാർടികളും. ബിജെപി സർക്കാരിന്റെ കർഷകദ്രോഹ നിലപാടുകൾക്കെതിരായി ശനിയാഴ്‌ചയും രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കോർപറേറ്റ്‌ ഭീമന്മാരായ അംബാനിയുടെയും അദാനിയുടെയും കോലം കത്തിച്ചു.

തമിഴ്‌നാട്‌
തമിഴ്‌നാട്ടിൽ ലക്ഷക്കണക്കിനു കർഷകർ പ്രതിഷേധദിനമാചരിച്ചു. നിരവധികേന്ദ്രങ്ങളിൽ കോലം കത്തിച്ചു. ആയിരക്കണക്കിനു കർഷകർ അറസ്റ്റ്‌ വരിച്ചു. എല്ലാ ജില്ലയിലും ഡിഎംകെ പ്രവർത്തകർ പ്രകടനം നടത്തി. നൂറിലേറെ സ്ഥലത്ത്‌ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ഇടതുപക്ഷ പ്രവർത്തകർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ബിഹാർ
 കേന്ദ്ര സർക്കാരിന്റെയും സംസ്ഥാനത്തെ എൻഡിഎ സർക്കാരിന്റെയും കർഷകവിരുദ്ധ നിലപാടുകൾക്കെതിരായി പ്രതിപക്ഷ പാർടികൾ കൂട്ടത്തോടെ തെരുവിലിറങ്ങി. പട്‌നയിൽ പ്രതിപക്ഷ നേതാവ്‌ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ഗാന്ധി മൈതാനിയിൽ മഹാത്മജിയുടെ പ്രതിമയ്‌ക്കു മുന്നിലെ ധർണയ്‌ക്ക്‌ സർക്കാർ അനുമതി നിഷേധിച്ചു.
തുടർന്ന്‌ ഗാന്ധി മൈതാനത്തിനു പുറത്ത്‌ ധർണ സംഘടിപ്പിച്ചു. ചൊവ്വാഴ്‌ച കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത്‌ ബന്ദിന്‌ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു.

ബംഗാൾ
ഇടതുപക്ഷ പാർടികളുടെയും കർഷകസംഘടനകളുടെയും മറ്റ്‌ വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ബംഗാളിൽ   പ്രതിഷേധങ്ങൾ തുടരുകയാണ്‌. ആയിരക്കണക്കിനു കേന്ദ്രത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
ശനിയാഴ്‌ച കൊൽക്കത്തയടക്കം വിവിധ കേന്ദ്രങ്ങളിൽ മോഡിയുടെയും മറ്റും കോലംകത്തിച്ചു.  തൃണമൂലും കാർഷികനിയമങ്ങൾക്കെതിരായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുതുടങ്ങി.

ഛത്തീസ്‌ഗഢ്‌
 കിസാൻസഭയുടെയും ട്രൈബൽ ഏകതാ മഹാസഭയുടെയും മറ്റ്‌ കർഷകസംഘടനകളുടെയും ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ചൊവ്വാഴ്‌ചത്തെ ഭാരത്‌ ബന്ദ്‌ സംസ്ഥാനത്ത്‌ വൻ വിജയമാക്കുമെന്ന്‌ കിസാൻസഭാ നേതാവ്‌ സഞ്‌ജയ്‌ പറാട്ടെ അറിയിച്ചു. ജാർഖണ്ഡ്‌ അടക്കം മറ്റ്‌ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top