19 April Friday

ഉജ്വല പ്രക്ഷോഭത്തിന് തുടക്കമിട്ട് കര്‍ഷക പോരാളികള്‍; പതിനായിരങ്ങള്‍ അറസ്റ്റ് വരിച്ചു -വീഡിയോ

പി ആര്‍ ചന്തുകിരണ്‍Updated: Thursday Aug 9, 2018

ന്യൂഡല്‍ഹി > കര്‍ഷകജനവിരുദ്ധ നയങ്ങള്‍ മുഖമുദ്രയാക്കിയ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന രാജ്യവ്യാപക പ്രക്ഷോഭത്തില്‍ ലക്ഷങ്ങള്‍ അണിനിരന്നു. നേതാക്കളും പ്രവര്‍ത്തകരുമടക്കം പതിനായിരങ്ങള്‍ അറസ്റ്റുവരിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാര്‍ഷിക ദിനത്തില്‍ മോഡി സര്‍ക്കാര്‍ അധികാരം ഒഴിയണം എന്ന മുദ്രാവാക്യമുയര്‍ത്തി നഗരഗ്രാമ വ്യത്യാസമില്ലാതെ ജനകീയ പ്രക്ഷോഭം നടന്നത്. സിഐടിയുവിന്റെ പിന്തുണയുമായി തൊഴിലാളികളും വിമുക്തഭടന്‍മ്മാരും ദളിത് സംഘടനകളും പ്രക്ഷോഭത്തില്‍ അണിനിരന്നു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെത്തി പ്രക്ഷോഭത്തെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിവാദ്യം ചെയ്‌തു.കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ഇരട്ടിപ്പിച്ച തീരുമാനങ്ങളിലൂടെ നരേന്ദ്രമോഡി ജനവിരോധിയായി മാറിയെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള ഡല്‍ഹിയില്‍ പറഞ്ഞു. മിനിമം താങ്ങുവില ഉറപ്പാക്കി കര്‍ഷകരുടെ ദുരിതത്തിന് അറുതിവരുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ എത്തിയവര്‍ കര്‍ഷകരെ ഒന്നടങ്കം കബളിപ്പിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മിനിമം താങ്ങുവില നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. കാര്‍ഷിക കടം എഴുതിതള്ളാന്‍ തയാറാകാത്തവര്‍ കാര്‍ഷിക മേഖലയില്‍ കുത്തകകളുടെ കരാര്‍വല്‍ക്കരണത്തിന് വഴിയൊരുക്കി. വിദേശ നിക്ഷേപവും വിദേശ കമ്പനികളെയും സ്വീകരിക്കുന്ന നയങ്ങള്‍ കര്‍ഷകരെ കാണാന്‍ തയാറാകുന്നില്ലെന്ന് ഹനന്‍മൊള്ള പറഞ്ഞു. തൊഴിലാളികളും കര്‍ഷകരും ദളിതരും ജവാന്‍മ്മാരും ഒരുമിച്ച പ്രക്ഷോഭങ്ങളുടെ ജയില്‍ നിറയ്ക്കല്‍ സമരത്തില്‍നിന്ന് തുടങ്ങുകയാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു.ഹനന്‍മൊള്ള, തപന്‍സെന്‍, സിഐടിയു പ്രസിഡന്റ് കെ ഹേമലത, സെക്രട്ടറി എ ആര്‍ സിന്ധു, കിസാന്‍സഭ ജോയിന്റ് സെക്രട്ടറി കെ കെ രാകേഷ് എംപി, സിപിഐ എം സംസ്ഥാന സെക്രട്ടറി കെ എം തിവാരി തുടങ്ങിയവര്‍ അറസ്റ്റ് വരിച്ചു. ഇതിനിടെ കുഴഞ്ഞുവീണ ഹനന്‍മൊള്ളയെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ അംബേദ്ക്കര്‍ മഹാസഭ ചെയന്‍മാന്‍ അശോക്ഭാരതി, ഇന്ത്യന്‍ എക്‌സ്സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് ചെയര്‍മാന്‍ മുന്‍ മേജര്‍ ജനറല്‍ സത്ബിര്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. കിസാന്‍സഭ പ്രസിഡന്റ് അശോക് ദാവ്‌ള മഹാരാഷ്ട്രയിലും ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് ഹരിയാനയിലും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി.നാഗാലാന്റ്, മിസോറം തുടങ്ങിയ ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ എല്ലായിടങ്ങളിലും പ്രക്ഷോഭം നടന്നു. ത്രിപുരയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭകര്‍ അറസ്റ്റുവരിച്ചു. അഗര്‍ത്തലയില്‍ നടന്ന പ്രക്ഷോഭത്തിനെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ഉദയ്പൂരില്‍ 2000ത്തിലേറെ ആദിവാസികള്‍ ഉള്‍പ്പെടെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഗോത്ര മേഖല കമ്മീഷ്ണര്‍ ഓഫീസിനു മുന്നില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭകര്‍ അറസ്റ്റ് വരിച്ചു.കിസാന്‍സഭയുടെ നേതൃത്വത്തില്‍ 13 ദിവസം നീണ്ടുനിന്ന ഉപരോധ സമരം നടന്ന സീക്കര്‍, ഹനുമാന്‍ഗഢ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രക്ഷോഭം നടന്നു. പശ്ചിമ ബംഗാളില്‍ ബംഗുര, പശ്ചിമ മേദ്‌നിപൂര്‍, മാല്‍ഡ, ജല്‍പയ്ഗുരി, കൂച്ച് ബിഹാര്‍, നോര്‍ത്ത് 24 പര്‍ഗാന തുടങ്ങി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം നടന്നു. ഹിമാചല്‍പ്രദേശില്‍ ഷിംല മുന്‍ മേയര്‍ സഞ്ജയ് ചൗഹാന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ അറസ്റ്റ് വരിച്ചു. കനത്ത മഴയെ അവഗണിച്ചാണ് കര്‍ഷകരും തൊഴിലാളികളും പ്രഷോഭത്തില്‍ അണിനിരന്നത്. കര്‍ണാടകയില്‍ ബംഗലൂരു, കോലാര്‍, മൈസൂര്‍, ഗുല്‍ബര്‍ഗ, മണ്ഡ്യ, ധരാവര്‍, യാദ്ഗിര്‍, ഉത്തര കന്നഡ ജില്ലകള്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബീഹാര്‍, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top