20 October Tuesday
പ്രതിപക്ഷമില്ലാതെ രാജ്യസഭയിൽ ഒറ്റദിനം എട്ട്‌ ബിൽ പാസാക്കി

പ്രതിഷേധമിരമ്പി ; കർഷക ദ്രോഹബില്ലുകൾ തിരിച്ചയക്കണമെന്ന് രാഷ്‌ട്രപതിയോട്‌ പ്രതിപക്ഷം

എം പ്രശാന്ത‌്Updated: Thursday Sep 24, 2020

പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്പിൽ ഇടതുപക്ഷ എംപിമാരായ കെ സോമപ്രസാദ്‌, എളമരം കരീം, എ എം ആരിഫ്‌, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവരും കേരള കോൺഗ്രസ്‌ എം എംപി ജോസ്‌ കെ മാണിയും ധർണ നടത്തുന്നു


ന്യൂഡൽഹി
കർഷക, തൊഴിലാളി ദ്രോഹ ബില്ലുകൾക്കെതിരെ പാർലമെന്റിൽ ബുധനാഴ്‌ചയും പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. കർഷകദ്രോഹ ബില്ലുകൾ രാജ്യസഭയിൽ ചട്ടവിരുദ്ധമായി പാസാക്കിയതിലും എട്ട്‌ എംപിമാരെ സസ്‌പെൻഡ്‌ ചെയ്തതിലും പ്രതിഷേധിച്ച്‌ ഇരുസഭയും ബഹിഷ്‌കരിച്ച പ്രതിപക്ഷാംഗങ്ങൾ പാർലമെന്റ്‌ മന്ദിരത്തിനു പുറത്ത്‌ പ്രകടനം നടത്തി. പ്രതിപക്ഷത്തെ പ്രതിനിധാനംചെയ്‌ത്‌ രാജ്യസഭയിലെ പ്രതിപക്ഷനേതാവ്‌ ഗുലാംനബി ആസാദ്‌ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ കണ്ട്‌ കർഷകദ്രോഹ ബില്ലുകൾ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടു.

രാജ്യസഭയിൽ ബഹിഷ്‌കരണം തുടർന്ന പ്രതിപക്ഷ എംപിമാർ പാർലമെന്റ്‌ മന്ദിരത്തിനു ചുറ്റും പ്രതിഷേധ മാർച്ചും‌ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ ധർണയും നടത്തി. കർഷകരെ രക്ഷിക്കുക, തൊഴിലാളികളെ രക്ഷിക്കുക, ജനാധിപത്യത്തെ രക്ഷിക്കുക എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി. പകൽ മൂന്നിന്‌ ലോക്‌സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷം ബഹിഷ്‌കരണം തുടർന്നു. ലോക്‌സഭയിലെ പ്രതിപക്ഷാംഗങ്ങളും പാർലമെന്റ്‌ മന്ദിരത്തിനു ചുറ്റുമായി പ്രതിഷേധപ്രകടനം നടത്തി. കേരളത്തിൽനിന്നുള്ള എംപിമാർ മോഡി സർക്കാരിനെതിരെ മലയാളത്തിൽ മുദ്രാവാക്യമുയര്‍ത്തി.

ലോക്‌സഭ പാസാക്കിയ മൂന്ന്‌ തൊഴിൽചട്ടവും ബുധനാഴ്‌ച സപ്ലിമെന്ററി ലിസ്റ്റായി രാജ്യസഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയതിനോടും പ്രതിപക്ഷം വിയോജിച്ചു. കോടിക്കണക്കിനു തൊഴിലാളികളെ ബാധിക്കുന്ന ബില്ലുകൾ പ്രതിപക്ഷ അഭാവത്തിൽ പരിഗണിക്കരുതെന്ന്‌ ‌സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിന്‌ 12 പ്രതിപക്ഷകക്ഷി നേതാക്കൾ ഒപ്പിട്ട്‌ കത്തുനൽകി. എന്നാല്‍, ആവശ്യം നിരാകരിച്ചു. പ്രതിപക്ഷമില്ലാത്ത സഭയില്‍ മൂന്ന്‌ ബില്ലും ഒന്നിച്ച്‌ പാസാക്കി. പാർലമെന്റ്‌ നേരത്തേ പാസാക്കിയ വേതനചട്ടത്തെ കോൺഗ്രസ്‌ പിന്തുണച്ചിരുന്നു.‌ എന്നാൽ, ശേഷിക്കുന്ന മൂന്ന്‌ തൊഴിൽചട്ടത്തിന്റെ കാര്യത്തിൽ ഇടതുപക്ഷമടക്കമുള്ള മറ്റ്‌ പ്രതിപക്ഷ പാർടികളുടെ നിലപാടിലേക്ക്‌ കോൺഗ്രസ്‌ എത്തി.

കർഷകബില്ലുകളുടെ കാര്യത്തിൽ രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍‌ പ്രതിപക്ഷത്തെ അഞ്ചുപേർക്കാണ്‌ അനുമതി ലഭിച്ചത്‌. എല്ലാവർക്കും കാണാൻ അവസരമില്ലാത്തതിനാൽ പ്രതിപക്ഷനേതാവ്‌ മാത്രമായി കാണാൻ തീരുമാനമെടുത്തു. മറ്റ്‌ നേതാക്കള്‍ അനുഗമിച്ചു. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ എളമരം കരീം, ബിനോയ്‌ വിശ്വം, ജോസ്‌ കെ മാണി എന്നിവർ പ്രതിപക്ഷ സംഘത്തിലുണ്ടായിരുന്നു.കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ പാർലമെന്റിന്റെ വർഷകാല സമ്മേളനം നിശ്ചയിച്ചതിലും എട്ടുദിവസംമുമ്പേ‌ പിരിഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top