24 February Sunday

രാജ്യത്ത്‌ ഇന്ന്‌ ഔദ്യോഗിക ദുഃഖാചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

ചെന്നൈ > ദ്രാവിഡ രാഷ‌്ട്രീയത്തിലെ അതികായനും അരനൂറ്റാണ്ടായി തമിഴകത്തിന്റെ ഗതിവിഗതികളിൽ നിർണായക ശക്തിയുമായ കലൈജ്ഞർ എം കരുണാനിധി (94 ) വിട പറഞ്ഞു. ഡിഎംകെ പ്രസിഡന്റും അഞ്ചുതവണ  മുഖ്യമന്ത്രിയുമായ അദ്ദേഹം സിനിമാ﹣സാഹിത്യ മേഖലയിലും നിറസാന്നിധ്യമായിരുന്നു. കാവേരി ആശുപത്രിയിൽ  ചൊവ്വാഴ‌്ച വൈകിട്ട‌് 6.10 നായിരുന്നു അന്ത്യം.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്‌ ജൂലൈ 28 മുതൽ ആശുപത്രിയിലായിരുന്നു. തിങ്കളാഴ‌്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി മോശമായി. മരുന്നുകളോട‌് പ്രതികരിക്കാതെ ചൊവ്വാഴ‌്ച  നില അതീവ ഗുരുതരമായി.  അന്ത്യസമയത്ത‌് മകനും ഡിഎംകെ വർക്കിങ‌് പ്രസിഡന്റുമായ എം കെ സ്റ്റാലിനും കുടുംബാംഗങ്ങളും മുതിർന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു.  അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ തമിഴ‌്നാട്ടിൽ വൻസുരക്ഷാ സന്നാഹമൊരുക്കി. ബുധനാഴ‌്ച പൊതുഅവധി പ്രഖ്യാപിച്ചു.  ഒരാഴ‌്ച ദുഃഖാചരണം.  

1969 ജൂലൈ 27ന‌് ഡിഎംകെ പ്രസിഡന്റായ കരുണാനിധി  ഇക്കഴിഞ്ഞ ജൂലൈ 27ന‌് അധ്യക്ഷ സ്ഥാനത്ത‌് അമ്പതാം വർഷത്തിലേക്ക‌് കടന്നു. ഡിഎംകെ സ്ഥാപകൻ സി എൻ അണ്ണാദുരെയുടെ മരണത്തെ തുടർന്ന്‌ 1969ൽ തമിഴ‌്നാടിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായ കരുണാനിധി   1971, 1989, 1996, 2006 വർഷങ്ങളിലും മുഖ്യമന്ത്രിയായി. പ്രതിപക്ഷ ഉപനേതാവ്‌, പ്രതിപക്ഷ നേതാവ്‌ എന്നീ നിലകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു. 1957ൽ കുളിത്തലൈ മണ്ഡലത്തിൽനിന്നാണ്‌ ആദ്യമായി നിയമസഭയിലെത്തിയത‌്.

ജസ്റ്റിസ്‌ പാർടി നേതാവായിരുന്ന അഴഗിരി സാമിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായി 14‐ാം വയസ്സിലാണ്‌ കരുണാനിധി പൊതുപ്രവർത്തന രംഗത്തേക്ക്‌ ചുവട‌ുവച്ചത്.  ഗ്രാമീണ യുവാക്കളുടെ സംഘടന രൂപീകരിച്ച്‌ അതിന്റെ  പ്രചാരണാർഥം ‘മനവർ നേശൻ’ എന്ന കൈയെഴുത്ത്‌ മാസിക ആരംഭിച്ചു. 18‐ാം വയസ്സിൽ ‘തമിഴ്‌നാട്‌ തമിൾ മാനവർ മൻഡ്രം’ വിദ്യാർഥി സംഘടന രൂപീകരിച്ചു. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പേരിൽ ആദ്യമായി തുടങ്ങിയ വിദ്യാർഥി സംഘടനയായിരുന്നു അത്‌. 1942ൽ മുരശൊലി പത്രം തുടങ്ങി. ഡിഎംകെയുടെ മുഖപത്രമായി അത‌് വളർന്നു. തമിഴ്‌നാട്ടിലാകെ അലയടിച്ച ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിൽ അണിനിരന്ന്‌ പൊതുരംഗത്ത്‌ കൂടുതൽ സജീവമായി. 1953ൽ കല്ലെക്കുടിയിൽ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിലൂടെ രാഷ്‌ട്രീയരംഗത്ത്‌ ശ്രദ്ധേയനായി. പ്രക്ഷോഭത്തിൽ രണ്ടുപേർ മരിക്കുകയും കരുണാനിധിയെ അറസ്റ്റ‌് ചെയ്യുകയും ചെയ്‌തു.

വിദ്യാർഥിയായിരിക്കെ നാടകരംഗത്ത്‌ സജീവമായ അദ്ദേഹം ഇരുപതുവയസ്സ‌് തികയുംമുമ്പേ  ആദ്യ സിനിമയ്‌ക്ക്‌ തിരക്കഥയൊരുക്കി. 1947ൽ പുറത്തിറങ്ങിയ രാജകുമാരിയാണ്‌ ആദ്യ സിനിമ. എം ജി ആർ എന്ന നായകന്റെ വളർച്ചതുടങ്ങിയതും രാജകുമാരിയിലൂടെയായിരുന്നു. എം ജി ആറിന്‌ സൂപ്പർതാരപദവി നേടിക്കൊടുത്ത മലൈക്കള്ളന്റെ തിരക്കഥയും കരുണാനിധിയുടേതായിരുന്നു. ശിവാജി ഗണേശനെയും താരമാക്കി വളർത്തിയതിൽ കരുണാനിധിയ്ക്ക്‌ നിർണായകപങ്കുണ്ടായിരുന്നു. തമിഴ്‌ സാഹിത്യത്തിനും അദ്ദേഹം ശ്രദ്ധേയ സംഭാവന നൽകി. കവിത, പത്രപംക്തി, തിരക്കഥ, നോവൽ, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ടുകൾ തുടങ്ങി കലൈജ്ഞറുടെ കരസ്പർശമേൽക്കാത്ത സാഹിത്യമേഖലയില്ല. ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം  കൃതികൾ അദ്ദേഹം രചിച്ചു.

നാഗപട്ടണം ജില്ലയിലെ തിരുക്കുവലൈയിൽ മുത്തുവേലന്റെയും തിരുമതി അഞ്ജുകം അമ്മിയാരുടെയും മകനായി 1924 ജൂൺ മൂന്നിനാണ്‌ മുത്തുവേൽ കുരുണാനിധി ജനിച്ചത്‌. ദക്ഷിണാമൂർത്തി എന്നായിരുന്നു അദ്ദേഹത്തിന‌് മാതാപിതാക്കൾ നൽകിയ പേര‌്. പെരിയാർ ഇ വി രാമസ്വാമിയുടെ ശിഷ്യനാണ‌്. ഭാര്യമാർ: പത്മാവതി, ദയാലു അമ്മാൾ, രാജാത്തി. മക്കൾ: എം കെ മുത്തു, എം കെ അഴഗിരി, എം കെ സ്റ്റാലിൻ, എം കെ തമിഴരശ്‌, എം കെ സെൽവി, എം കെ കനിമൊഴി.

മറീന ബീച്ചിൽ സ്ഥലം നിഷേധിച്ച‌ു ; അന്ത്യവിശ്രമം ഗാന്ധിമണ്ഡപത്തിന‌് സമീപം
ചെന്നൈ
കരുണാധിനിയുടെ മൃതദേഹം ബുധനാഴ‌്ച ചൈന്നെ സർദാർ പട്ടേൽ റോഡിലെ ഗിണ്ടി ഗാന്ധിമണ്ഡപത്തിന‌് സമീപം സംസ‌്കരിക്കും. ഏറെക്കാലം തമിഴ‌്നാട‌് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ സംഭാവനകൾ പരിഗണിച്ച‌് സംസ‌്കാരച്ചടങ്ങുകൾക്ക‌് മറീന ബീച്ചിൽ സി എൻ അണ്ണാദുരൈയുടെ സമാധിക്കടുത്തായി സ്ഥലം അനുവദിക്കണമെന്ന‌് ഡിഎംകെ വർക്കിങ‌് പ്രസിഡന്റ‌് എം കെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട‌് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിയമപ്രശ‌്നങ്ങൾ ഉള്ളതിനാൽ മറീന ബീച്ചിൽ സ്ഥലം അനുവദിക്കാനാകില്ലെന്നാണ‌് സർക്കാർ വിശദീകരണം. പകരം ഗാന്ധിമണ്ഡപത്തിന‌് സമീപം രണ്ട‌് ഏക്കറാണ‌് അനുവദിച്ചത‌്. രാജാജി, കാമരാജ‌് സമാധികളുടെ അടുത്തായാണ‌് ഇത‌്. എന്നാൽ, നിലവിൽ മുഖ്യമന്ത്രി അല്ലാത്തതുകൊണ്ടാണ‌് കരുണാനിധിക്ക‌് മറീനയിൽ സ്ഥലം അനുവദിക്കാത്തതെന്നും റിപ്പോർട്ടുകളുണ്ട‌്. മുൻ മുഖ്യമന്ത്രിമാരായ എം ജി രാമചന്ദ്രൻ, ജെ ജയലളിത എന്നിവരുടെ സമാധി മറീന ബീച്ചിലാണ‌്.

 

പ്രധാന വാർത്തകൾ
 Top