ഗൂഗിൾ മാപ് നോക്കി ഗോവയിലേക്ക് യാത്ര; കുടുംബം എത്തിയത് കർണാടകത്തിലെ വനത്തിൽ
ബംഗളൂരൂ > ഗൂഗിൾ മാപ് നോക്കി ഗോവയിലേക്ക് കാറിൽ യാത്ര തിരിച്ച കുടുംബം എത്തിയത് കർണാടകത്തിലെ കൊടും വനത്തിൽ. ബിഹാറിൽ നിന്നുള്ള കുടുംബമാണ് ഒരു രാത്രി മുഴുവൻ വനത്തിൽ അകപ്പെട്ടത്. ബിഹാറിൽനിന്ന് ഗോവയിലേക്ക് കാറിൽ യാത്ര തിരിച്ച ഇവർ കർണാടകത്തിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിലാണ് കുടുങ്ങിയത്.
കുട്ടികളടക്കം ഏഴു പേരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഗൂഗിൾ മാപ് നോക്കിയായിരുന്നു യാത്ര. ഖാൻപൂർ ടൗൺ കഴിഞ്ഞ ശേഷം ഷിരോദഗ- ഹെമ്മദഗ വില്ലേജുകൾക്ക് ഇടയിലൂടെയുള്ള വഴിയാണ് ഗൂഗിൾ മാപ് കാട്ടിയത്. എന്നാൽ ഈ വഴിയിലൂടെ സഞ്ചരിച്ച കുടുംബം എത്തിയത് ഭീംഗഡ് വനമേഖലയിലേക്കാണ്. ഏകദേശം 7 കിലോമീറ്ററോളം ഉൾക്കാട്ടിലേക്ക് ഇവർ എത്തി. നെറ്റ് വർക്ക് ലഭിക്കാത്തതിനാൽ ആരെയും സഹായത്തിന് ബന്ധപ്പെടാനും സാധിച്ചില്ല. തുടർന്ന് കുടുംബം കാറിനുള്ളിൽ തന്നെ രാത്രി മുഴുവൻ കഴിച്ചുകൂട്ടുകയായിരുന്നു.
പുലർച്ചെ 3 കിലോമീറ്ററോളം തിരികെ സഞ്ചരിച്ച കുടുംബം സിഗ്നൽ ലഭിച്ചയിടത്തുവച്ച് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പൊലീസ് ഗ്രാമവാസികളുടെ സഹായത്തോടെയാണ് ഇവരുടെ അടുത്തെത്തിയത്.
0 comments