ചണ്ഡീഗഡ്> വ്യാജ കറൻസികൾ നിർമിച്ച് വിതരണം നടത്തിയ 22 കാരൻ പിടിയിൽ. പബ്ജി ഉപയോക്താവുമായുള്ള ചർച്ചകൾക്കൊടുവിൽ വ്യാജ കറൻസി നിർമിച്ച് ചൂതാട്ടക്കാർക്ക് നൽകാൻ ശ്രമിച്ച ഫിറോസ്പൂരിലെ സിറ സ്വദേശി ജസ്‌കരൻ സിങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 3.42 ലക്ഷം രൂപ മൂല്യമുള്ള 500, 200, 100 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ പിടിച്ചെടുത്തു. കളർ പ്രിന്‍ററും A4 വലുപ്പമുള്ള പേപ്പർ റിമ്മുകളും പ്രതിയുടെ വീട്ടിൽ നിന്ന് ഫിറോസ്പൂർ പൊലീസ് കണ്ടെടുത്തു. വീട്ടിൽ വച്ചാണ് ഇയാൾ കറൻസികൾ അച്ചടിച്ചിരുന്നത്.
ഐപിസി സെക്ഷൻ സെക്ഷൻ 178, 180 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ജസ്‌കരൻ സിങിന്റെ കൂട്ടാളിയായ ആകാശ്ദീപ് സിങിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജസ്‌കരും ആകാശും ചേർന്ന് 50,000 രൂപയുടെ വ്യാജ കറൻസിയാണ് ചൂതാട്ടക്കാർക്ക് നൽകിയത്.
ഒന്നരമാസം മുമ്പാണ് ജസ്‌കരൻ കള്ളനോട്ടുകൾ അച്ചടിക്കാൻ തുടങ്ങിയത്. നോട്ടുകൾ അച്ചടിക്കാൻ വേണ്ട കടലാസുകളും മറ്റും ഡൽഹിയിൽ നിന്നാണ് കൊണ്ടുവന്നിരുന്നത്. നോട്ടുകൾ അച്ചടിക്കുന്നതിന് മുമ്പ് പബ്ജി ഉപയോക്താവിന്റെയും ഇന്റർനെറ്റിന്റെയും സഹായം തേടുകയും യൂട്യൂബിൽ നിന്ന് ഇതിനായി പ്രതി വീഡിയോകൾ കാണുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..