19 November Tuesday

മഹാരാഷ്ട്രയിൽ ഫഡ്‌നാവിസ്‌ ഒഴിഞ്ഞു ; ശിവസേന വീണ്ടും എൻസിപിയെ സമീപിച്ചു ; ബിജെപിയെ ഒഴിവാക്കി ചർച്ച

സാജൻ എവുജിൻUpdated: Saturday Nov 9, 2019


ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക്‌ ഭൂരിപക്ഷം ലഭിച്ചിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ കഴിയാതെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ രാജിവച്ചു. ശനിയാഴ്‌ച വൈകിട്ട്‌ നിയമസഭയുടെ കാലാവധി തീരാനിരിക്കെയാണ്‌ രാജി.  രാഷ്ട്രീയ കുതിരക്കച്ചവടം വഴിയും കേന്ദ്രഭരണം ദുരുപയോഗിച്ചും വിവിധ സംസ്ഥാനങ്ങളിൽ അധികാരം പിടിച്ച ബിജെപിക്ക്‌ മഹാരാഷ്ട്രയിലെ തിരിച്ചടി നാണക്കേടായി. കൂട്ടക്കൂറുമാറ്റത്തിന്‌ ശ്രമിച്ചെങ്കിലും ശിവസേനയുടെ പ്രതികരണം ഭയന്ന്‌  പിന്മാറി. ഇതിനിടെ, ശിവസേന വീണ്ടും എൻസിപിയെ സമീപിച്ചു. കോൺഗ്രസ്‌, എൻസിപി ചർച്ചകളും സജീവമായി.

രാജി സ്വീകരിച്ച ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി, പകരം സംവിധാനം വരുന്നതുവരെ കാവൽമുഖ്യമന്ത്രിയായി തുടരാൻ ഫഡ്‌നാവിസിനോട്‌ നിർദേശിച്ചു. ബിജെപി മന്ത്രിമാർക്കൊപ്പമാണ്‌ ഫഡ്‌നാവിസ്‌ വൈകിട്ട്‌ രാജ്‌ഭവനിൽ എത്തിയത്‌. സർക്കാർ രൂപീകരിക്കാൻ ശ്രമം തുടരുമെന്ന്‌  രാജി നൽകിയശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ശിവസേനയ്‌ക്ക്‌ വാക്കുനൽകിയിട്ടില്ല. രണ്ടരവർഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ഉദ്ധവ്‌ താക്കറേയുടെ ആവശ്യം ജനങ്ങളെ ഞെട്ടിച്ചെന്നും ഫഡ്‌നാവിസ്‌ പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ഉറപ്പുലഭിച്ചിരുന്നതായി ആവർത്തിച്ച ശിവസേന വക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌, സംസ്ഥാനത്ത്‌ സ്വന്തം മുഖ്യമന്ത്രിയെ കൊണ്ടുവരുമെന്നും പറഞ്ഞു. റാവത്ത്‌ എൻസിപി അധ്യക്ഷൻ ശരദ്‌ പവാറുമായി കൂടിക്കാഴ്‌ച നടത്തി. കോൺഗ്രസ്‌ നേതാക്കളും പവാറുമായി ചർച്ച നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക്‌ പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ ശിവസേന സെക്രട്ടറി മിലിന്ദ്‌ നർവേക്കർ മുംബൈ പൊലീസ്‌ കമീഷണർക്ക്‌ കത്തുനൽകി. ശിവസേനയുടെ 56 എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൊലീസ്‌ കാവൽ ശക്തിപ്പെടുത്തി. കോൺഗ്രസ്‌ 44 എംഎൽഎമാരെയും ജെയ്‌പുരിലെ റിസോർട്ടിലേക്ക്‌ മാറ്റി.

സത്യം പറയുംവരെ സംസാരിക്കില്ല: ഉദ്ധവ്‌
ദേവേന്ദ്ര ഫഡ്‌നാവിസ്‌  സത്യം പറയുന്നതുവരെ അദ്ദേഹത്തോട്‌ സംസാരിക്കില്ലെന്ന്‌ ശിവസേന തലവൻ ഉദ്ധവ്‌ താക്കറേ. മുഖ്യമന്ത്രിസ്ഥാനം തുല്യ കാലാവധിയിൽ പങ്കിടാമെന്ന്‌ വാക്കുനൽകിയത്‌ ബിജെപി അധ്യക്ഷൻ അമിത്‌ ഷായാണ്‌.  ശിവസേനയ്‌ക്ക്‌  മുഖ്യമന്ത്രിസ്ഥാനം ലഭിക്കാൻ അമിത്‌ ഷായുടെയോ ഫഡ്‌നാവിസിന്റെയോ സഹായം ആവശ്യമില്ല. ബിജെപിക്ക്‌ കഴിഞ്ഞില്ലെങ്കിൽ സർക്കാർ രൂപീകരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്‌. ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിക്കുകയാണെന്നും താക്കറേ ആവർത്തിച്ചു.

വേദനിപ്പിച്ചു: ഫഡ്‌നാവിസ്‌
പ്രധാനമന്ത്രിക്കെതിരെയടക്കം ശിവസേന നേതാക്കൾ നടത്തിവരുന്ന പ്രസ്‌താവനകൾ സഹിക്കാവുന്നതിലും അപ്പുറമാണെന്ന്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ പറഞ്ഞു. കുതിരക്കച്ചവടം വഴി സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമിക്കുന്നില്ല.  ഉദ്ധവ്‌ താക്കറേ ചർച്ചയ്‌ക്ക്‌ സന്നദ്ധനായില്ല. ബിജെപിയുമായി ചർച്ച നടത്തുന്നതിനു പകരം എൻസിപിയുമായും കോൺഗ്രസുമായും സംസാരിക്കുകയായിരുന്നു ശിവസേന നേതാക്കൾ. ഇത്‌ വേദനിപ്പിച്ചു–-ഫഡ്‌നാവിസ്‌ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top