18 June Tuesday

എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ സർവ്വേ ഫലങ്ങൾ; കേരളത്തിൽ എൽഡിഎഫിന‌് മുൻതൂക്കമെന്ന‌് ന്യൂസ് 18 സർവ്വേ

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019


ന്യൂഡൽഹി
പതിനേഴാം ലോക‌്സഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ‌് പൂർത്തിയായി. ഏഴുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ‌് ഞായറാഴ‌്ച നടന്ന ഏഴാം ഘട്ടത്തോടെയാണ‌് അവസാനിച്ചത‌്. അവസാന ഘട്ടത്തിൽ 61 ശതമാനം പേർ വോട്ട‌് രേഖപ്പെടുത്തി. കേന്ദ്രഭരണം എൻഡിഎ നിലനിർത്തുമെന്ന‌് വിവിധ മാധ്യമങ്ങൾ നടത്തിയ എക‌്സിറ്റ‌് പോൾ പ്രവചനങ്ങൾ അവകാശപ്പെടുന്നു.

ഏഴ‌് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലുമായി 59 മണ്ഡലങ്ങളിലായിരുന്നു ഏഴാംഘട്ട വോട്ടെടുപ്പ‌്.  പശ്ചിമബംഗാളിൽ തൃണമൂ ൽ കോൺഗ്രസും ബിജെപിയും വ്യാപകമായി അക്രമം അഴിച്ചുവിട്ടു. പഞ്ചാബിലും ബിഹാറിലും പലയിടത്തും ഏറ്റുമുട്ടലുണ്ടായി.

പഞ്ചാബിലും ഉത്തർപ്രദേശിലും 13 വീതവും പശ്ചിമബംഗാളിൽ ഒമ്പതും ബിഹാറിലും മധ്യപ്രദേശിലും എട്ട‌് വീതവും ഹിമാചൽപ്രദേശിൽ നാലും ജാർഖണ്ഡിൽ മൂന്നും മണ്ഡലങ്ങളിലാണ‌് ഞായറാഴ‌്ച വോട്ടർമാർ വിധി എഴുതിയത‌്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി(വാരാണസി, ഉത്തർപ്രദേശ‌്),  മനീഷ‌് തിവാരി (അനന്ത‌്പുർ സാഹിബ‌്), സിപിഐ എം സ്ഥാനാർഥികളായ ഡോ. ഫുവാദ‌് ഹാലിം(ഡയമണ്ട‌് ഹാർബർ, ബംഗാൾ), ബികാഷ‌് ഭട്ടാചാര്യ(ജാദവ‌്പുർ, ബംഗാൾ) എന്നിവരാണ‌് ഈ ഘട്ടത്തിലെ ശ്രദ്ധേയരായ സ്ഥാനാർഥികൾ. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ‌ും  മുൻകേന്ദ്രമന്ത്രി ശത്രുഘ‌്നൻ സിൻഹയും ഏറ്റുമുട്ടുന്ന ബിഹാറിലെ പട‌്ന സാഹിബ‌ും  ദേശീയശ്രദ്ധ നേടിയ മണ്ഡലമാണ‌്. തമിഴ‌്നാട്ടിലെ നാലും ഗോവയിലെ ഒന്നും നിയമസഭാമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.ഏഴ‌് ഘട്ടത്തിലായി  542 മണ്ഡലങ്ങളിൽ  8,000 സ്ഥാനാർഥികളാണ‌് ജനവിധി നേടിയത‌്. തമിഴ‌്നാട്ടിലെ ഒരു സീറ്റിൽ വോട്ടെടുപ്പ‌് മാറ്റിവച്ചിരിക്കയാണ‌്.

എൻഡി‌എ നിലനിർത്തുമെന്ന‌് എക‌്സിറ്റ‌് പോളുകൾ
 ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം (എൻഡി‌എ) അധികാരം നിലനിർത്തുമെന്ന‌് എക‌്സിറ്റ‌് പോൾ ഫലങ്ങൾ. 287 മുതൽ 336 വരെ സീറ്റ‌് എൻഡിഎക്ക‌് ലഭിച്ചേക്കാമെന്ന‌് വ്യത്യസ‌്ത എക‌്സിറ്റ‌് പോൾ ഫലങ്ങൾ പറയുന്നു.

ദേശീയതലത്തിൽ  ടൈംസ‌് നൗ സർവേ എൻഡിഎക്ക‌് 306, യുപിഎക്ക‌് 132, മറ്റുള്ളവർക്ക‌് 104 സീറ്റ‌് വീതം പ്രവചിച്ചു. എൻഡിടിവി  പോളിൽ എൻഡിഎക്ക‌് 300, യുപിഎ 127, മറ്റുള്ളവർക്ക‌് 115 സീറ്റ‌് വീതമാണ‌് പ്രവചിക്കുന്നത‌്. എൻഡിഎക്ക‌് 292 മുതൽ 336 വരെയും യുപിഎക്ക‌് 62 മുതൽ 72 വരെയുമാണ‌് ന്യൂസ‌്18 എക‌്സിറ്റ‌്  പ്രവചനം.
എബിപി–-നീൽസൺ  പോളിൽ എൻഡിഎക്ക‌് 267, യുപിഎക്ക‌് 127, മറ്റുള്ളവർക്ക‌് 148 സീറ്റ‌് വീതം പറയുന്നു. ബിജെപിക്ക‌് 218, കോൺഗ്രസിന‌് 81 സീറ്റുകളാണ‌് ഇവർ പ്രവചിക്കുന്നത‌്. ഐഎഎൻ‌എസ‌് സീവോട്ടർ പോൾ എൻഡിഎക്ക‌് 287 (ബിജെപിക്ക‌് 236), കോൺഗ്രസിന‌് 80 സീറ്റ‌്  വീതം പ്രവചിക്കുന്നു.
റിപ്പബ്ലിക് ടിവി  നടത്തിയ രണ്ട‌്‌ എക‌്സിറ്റ‌് പോൾ സർവേയിലും എൻഡിഎക്ക‌് 300ൽ കൂടുതൽ സീറ്റ‌് പ്രവചിക്കുന്നു.

കേരളത്തിൽ പ്രവചനം പലവിധം
തിരുവനന്തപുരം
കേരളത്തിൽ എക‌്സിറ്റ‌് പോ ൾ ഫലത്തിൽ പലവിധ പ്രവചനങ്ങൾ. എൽഡിഎഫിന‌് 11 മുതൽ 13വരെ സീറ്റ‌് ന്യൂസ‌് 18 ഇപ‌്സോസ‌് പ്രവചിച്ച‌ു. ന്യൂസ‌് നെക‌്സ‌്റ്റ‌ും ന്യൂസ‌് നാഷനും അഞ്ചു മുതൽ ഏഴ‌് വരെ സീറ്റാണ‌് എൽഡിഎഫിന‌് പ്രവചിക്കുന്നത‌്. എൽഡിഎഫിന‌് 13 വരെ സീറ്റ‌് പ്രവചിക്കുന്ന ന്യൂസ‌് 18 ഇപ‌്സോസ‌് എക‌്സിറ്റ‌് പോൾ ഫലം യുഡിഎഫിന‌് ഏഴുമുതൽ ഒമ്പതുവരെ സീറ്റ‌് പ്രവചിക്കുന്നു. ന്യൂസ‌് നെക‌്സ‌്റ്റ‌ും ന്യൂസ‌് നാഷണും യുഡിഎഫിന‌് 11 മുതൽ 13 വരെയും ബിജെപിക്ക‌് ഒന്നു മുതൽ മൂന്നുവരെയും സീറ്റ‌് പ്രവചിക്കുന്നു. ടൈംസ‌് നൗ യുഎംആർ എക‌്സിറ്റ‌് പോൾ നാലു സീറ്റാണ‌് എൽഡിഎഫിന‌് പ്രവചിക്കുന്നത‌്. 15 സീറ്റ‌് യുഡിഎഫിനും ഒന്ന‌് ബിജെപിക്കും പ്രവചിക്കുന്നു. ആക‌്സിസ‌് കേരള എൽഡിഎഫിന‌് അഞ്ചു സീറ്റ‌് പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ, ന്യൂസ‌് 24 ടുഡേഴസ‌് ചാണക്യ എക‌്സിറ്റ‌് പോളിലും യുഡി‌എഫിന‌് മുൻതൂക്കം. മാതൃഭൂമി എൽഡിഎഫിന‌് അഞ്ചും യുഡിഎഫിന‌് 15ഉം എൻഡിഎയ‌്ക്ക‌് ഒന്നും സീറ്റുകൾ പ്രവചിക്കുമ്പോൾ മനോരമ യുഡിഎഫിന‌് 13ഉം എൽഡിഎഫിന‌് രണ്ടും സീറ്റുകളാണ‌് പറയുന്നത‌്. അഞ്ചു സീറ്റുകളിൽ ഫോട്ടോ ഫിനിഷ‌് എന്നും മനോരമ ന്യൂസ‌് പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top