25 June Tuesday

എക‌്സിറ്റ‌് പോളിൽ കുരുങ്ങി, കർണാടകത്തിൽ തമ്മിലടി

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

ബംഗളൂരു> ബിജെപിക്ക‌് ഭൂരിപക്ഷം കിട്ടുമെന്ന എക‌്സിറ്റ‌് പോളിനെ തുടർന്ന‌് കർണാടകത്തിലെ സഖ്യസർക്കാരിന‌് വീണ്ടും ഭീഷണി. കോൺഗ്രസും ജനതാദൾ എസും തമ്മിലും കോൺഗ്രസിനുള്ളിലും വീണ്ടും തർക്കങ്ങൾ ഉടലെടുത്തു. സാഹചര്യം മുതലെടുത്ത‌് സർക്കാരിനെ താഴെയിറക്കാനുള്ള അണിയറ നീക്കങ്ങൾ ബിജെപി വീണ്ടും സജീവമാക്കി. ദളിൽനിന്നും കോൺഗ്രസിൽനിന്നും എംഎൽഎമാരെ അടർത്തിമാറ്റി സർക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ‌് ബിജെപി.

കർണാടകത്തിൽ ഫലം മോശമായാൽ ജെഡിഎസ് സഖ്യം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാന്റിനോട് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള വിഭാഗം ആവശ്യപ്പെട്ടു. ജെഡിഎസ‌് സഖ്യം പാർട്ടിയുടെ അടിത്തറയിളക്കിയെന്ന വാദമുയർത്തി സമ്മർദം ശക്തമാക്കാനാണ് നീക്കം.  ചൊവ്വാഴ‌്ച ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ പാർടി യോഗത്തിന‌് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ‌എത്തിയില്ല. ഇത‌് കോൺഗ്രസ്–- -ജെഡിഎസ്‌  സഖ്യത്തിന്റെ ഉലച്ചിലിന്റെ സൂചനയാണ്. തെരഞ്ഞെടുപ്പ് ഫലം മറിച്ചായാൽ കോൺഗ്രസ്–- - ജെഡിഎസ്‌  സഖ്യസർക്കാരിന്റെ ഭാവിയെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്ന് കർണാടകയിലെ ജെഡിഎസ് വക്താവ് ചില ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, കോൺഗ്രസിനകത്ത് തന്നെ സിദ്ധരാമയ്യക്കെതിരെ അതൃപ്തി പുകയുകയാണ്. സിദ്ധരാമയ്യക്കെതിരെ കോൺഗ്രസ് എംഎൽഎയായ റോഷൻ ബെയ്‍ഗ് രംഗത്തെത്തി.
എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റില്ലെന്ന സൂചനയാണ് തനിക്ക് കിട്ടുന്നതെന്നും ഇതിന് ഉത്തരവാദി സിദ്ധരാമയ്യയാണെന്നും റോഷൻ ബെയ്‍ഗ് പറഞ്ഞു. സഖ്യസർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് സിദ്ധരാമയ്യ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൈസൂരു മേഖലയിലടക്കം ജെഡിഎസ് സഖ്യം കൊണ്ട് കാര്യമുണ്ടായില്ലെങ്കിൽ തുടരുന്നതിൽ അർഥമില്ലെന്ന് സിദ്ധരാമയ്യ വിഭാഗം കോൺഗ്രസ് ഹൈക്കമാൻഡിനോട് വ്യക്തമാക്കി.

സഖ്യം തുടരുന്നുണ്ടെങ്കിൽ തന്നെ മുഖ്യമന്ത്രി പദം വിട്ടുകിട്ടാൻ സമ്മർദം ചെലുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇതിൽ കടുത്ത അതൃപ്തിയുണ്ട്. മാണ്ഡ്യയിൽ തന്റെ മകനെ തോൽപ്പിക്കാൻ കോൺഗ്രസ‌് ശ്രമിച്ചുവെന്നാണ‌് കുമാരസ്വാമിയുടെ ആരോപണം.
എന്നാൽ എന്ത് വില കൊടുത്തും സഖ്യം തുടരണമെന്ന കർശന നിർദേശം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സിദ്ധരാമയ്യക്ക് നൽകിയെന്നാണ് സൂചന.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top