Deshabhimani

സുവർണക്ഷേത്രത്തിന് കാവലിരിക്കെ അകാലിദൾ നേതാവ് സുഖ്‍ബീർ സിങ് ബാദലിന് നേരെ വധശ്രമം‌

വെബ് ഡെസ്ക്

Published on Dec 04, 2024, 10:12 AM | 0 min read

അമൃത്സർ > അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്‍ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. സുഖ്‍ബീറിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. ഖലിസ്ഥാന്‍ അനുകൂല സംഘടനാ അംഗം നാരായണ്‍ സിങ്‌ ചോര്‍ഹയാണ് ആക്രമണം നടത്തിയത്. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി.

സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു സുഖ്‍ബീർ. 2007- 2017 കാലത്തെ ഭരണത്തിലുണ്ടായ അകാലിദള്‍ സര്‍ക്കാരിന്റെയും പാര്‍ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയായിരുന്നു ശിക്ഷ.

സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, കഴുത്തില്‍ പ്ലക്കാർഡ് ധരിക്കണം, രണ്ടുദിവസം കാവല്‍ നില്‍ക്കണം, കൈയില്‍ കുന്തം കരുതണം, ഒരുമണിക്കൂര്‍ കീര്‍ത്തനം ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ചുമത്തിയത്. തെറ്റുകാരനെന്ന് വിധിച്ചതിനുപിന്നാലെ സുഖ്‍ബീർ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. സുഖ്‍ബീർ ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിട്ടുണ്ട്.

 



deshabhimani section

Related News

0 comments
Sort by

Home