17 August Wednesday
പശ്ചാത്തലസൗകര്യ നിക്ഷേപ ട്രസ്റ്റുകളിലും 
ഇനി പിഎഫ്‌ പണം

പിഎഫ്‌ പെൻഷൻകാരോട്‌ വഞ്ചന തുടരുന്നു ; മിനിമം പെൻഷൻ വർധന പരിഗണിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021



ന്യൂഡൽഹി
രാജ്യത്തെ കോടിക്കണക്കായ പിഎഫ്‌ പെൻഷൻകാരോടുള്ള വഞ്ചനാപരമായ സമീപനം മോദി സർക്കാർ തുടരുന്നു. ശനിയാഴ്‌ച ചേർന്ന ഇപിഎഫ്‌ ട്രസ്റ്റി ബോർഡ്‌ യോഗത്തിലും മിനിമം പെൻഷൻ വർധിപ്പിക്കണമെന്ന ദീർഘനാളായുള്ള ആവശ്യം പരിഗണിച്ചില്ല.

ഉയർന്ന പെൻഷൻ വിഹിതം അടയ്‌ക്കുന്നവർക്ക്‌ കൂടുതൽ പെൻഷൻ നൽകണമെന്ന കോടതി ഉത്തരവ്‌ അട്ടിമറിക്കാനുള്ള നീക്കത്തിനൊപ്പമാണ് ഇത്‌. നടപ്പു സാമ്പത്തികവർഷത്തെ പിഎഫ്‌ പലിശയുടെ കാര്യത്തിലും തീരുമാനമായില്ല.പെൻഷൻ വിഷയമടക്കം പരിശോധിക്കാൻ നാല്‌ സബ്‌ കമ്മിറ്റികൾ രൂപീകരിക്കാൻ ശനിയാഴ്‌ച തൊഴിൽമന്ത്രി ഭൂപേന്ദർ സിങ്‌ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ്‌ യോഗം തീരുമാനിച്ചു. നിലവിൽ 1000 രൂപമാത്രമാണ്‌ മിനിമം പെൻഷൻ. മിനിമം പെൻഷൻ 6000 രൂപയാക്കണമെന്നാണ്‌ ട്രേഡ്‌ യൂണിയനുകൾ ആവശ്യപ്പെടുന്നത്‌. മിനിമം പെൻഷൻ 3000 രൂപയെങ്കിലുമാക്കണമെന്ന്‌ പാർലമെന്റിന്റെ തൊഴിൽകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു.

വിഷയം പരമാവധി നീട്ടിക്കൊണ്ടുപോകുന്നതിനായാണ്‌ സബ്‌ കമ്മിറ്റി രൂപീകരണം. ഉയർന്ന പെൻഷൻ വിഹിതം അടയ്‌ക്കുന്നവർക്ക്‌ ആനുപാതികമായി വർധിച്ച പെൻഷൻ അനുവദിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരായി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതിനു പുറമെയാണ് ഇത്‌.
 

പശ്ചാത്തലസൗകര്യ നിക്ഷേപ ട്രസ്റ്റുകളിലും 
ഇനി പിഎഫ്‌ പണം
വർഷാവർഷം ജീവനക്കാരുടെ പിഎഫ്‌ നിക്ഷേപമായി ലഭിക്കുന്ന പണത്തിൽ അഞ്ചുശതമാനംവരെ പശ്ചാത്തലസൗകര്യ നിക്ഷേപ ട്രസ്റ്റുകൾ (ഇൻവിറ്റ്‌സ്‌) അടക്കം ബദൽ നിക്ഷേപ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ട്രസ്റ്റി ബോർഡ്‌ തീരുമാനിച്ചു. പിഎഫ്‌ പണത്തിൽ 15 ശതമാനംവരെ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നുണ്ട്‌. ഇതിനു പുറമെയാണ്‌ അഞ്ച്‌ ശതമാനംകൂടി ഇൻവിറ്റ്‌സിലും മറ്റും നിക്ഷേപിക്കുന്നത്‌.

മ്യൂച്ചൽ ഫണ്ടുകൾക്കു സമാനമാണ്‌ ഇൻവിറ്റ്‌സിന്റെ പ്രവർത്തനം. ഇപിഎഫ്‌ഒയുടെ ധനനിക്ഷേപ–- ഓഡിറ്റ്‌ സമിതി പരിശോധിച്ചശേഷമാകും ഇൻവിറ്റ്‌സിലും മറ്റുമുള്ള നിക്ഷേപം. നിലവിൽ പിഎഫ് പണത്തിൽ 1.23 ലക്ഷം കോടി രൂപ ഓഹരിവിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്‌. ഇതിൽ 86,577.51 കോടി രൂപ എസ്‌ബിഐ മ്യൂച്ചൽ ഫണ്ടിലും 26,401.33 കോടി രൂപ യുടിഐ മ്യൂച്ചൽ ഫണ്ടിലുമാണ്‌. കഴിഞ്ഞ സാമ്പത്തികവർഷം വിപണിയിലെ പിഎഫ്‌ നിക്ഷേപത്തിൽനിന്ന്‌ 14.67 ശതമാനം വരുമാനം നേടാൻ കഴിഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top