17 June Monday

ഇപിഎഫ‌് പലിശനിരക്കിൽ നേരിയ വർധന

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019


ന്യൂഡൽഹി
നടപ്പുവർഷം  ഇപിഎഫ‌് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്കിൽ 0.10 ശതമാനം വർധന വരുത്താൻ ഇപിഎഫ‌്ഒ കേന്ദ്ര ട്രസ‌്റ്റ‌് ബോർഡ‌് യോഗം ശുപാർശ ചെയ‌്തു. ഇതോടെ പലിശനിരക്ക‌് 8.65 ശതമാനമായി. അതേസമയം, മുമ്പ‌് 8.8  വരെ പലിശ ലഭിച്ചിരുന്നു. പെൻഷൻ സംബന്ധിച്ച വിഷയങ്ങളൊന്നും യോഗത്തിൽ ചർച്ച ചെയ‌്തില്ല. പെൻഷൻ ഫണ്ട‌്  ആനുകൂല്യങ്ങൾ ഏകപക്ഷീയമായി നിർത്തലാക്കിയത‌് ഉൾപ്പെടെയുള്ള വിഷയങ്ങൾ   അടുത്ത യോഗത്തിൽ ചർച്ച ചെയ്യാമെന്ന‌് തൊഴിൽ മന്ത്രി സന്തോഷ‌് ഗങ‌്‌വാർ പ്രതികരിച്ചതായി സിഐടിയു പ്രതിനിധി കരുമലയൻ പറഞ്ഞു.

കഴിഞ്ഞവർഷം   ലഭിച്ചത‌് അഞ്ച‌ു വർഷക്കാലയളവിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 8.55 ആയിരുന്നു. 2013–-14, 2014–-15 വർഷങ്ങളിൽ 8.75 ആണ‌് നൽകിയത‌്. ട്രേഡ‌് യൂണിയനുകളുടെ ശക്തമായ നിലപാടിനെ തുടർന്ന‌് 2015–-16ൽ പലിശനിരക്ക‌് 8.8 ലേക്ക‌്ഉയർത്തി. എന്നാൽ, 2016–-17ൽ  8.65 ശതമാനമായും 2017–-18ൽ 8.65 ആയും വെട്ടിക്കുറയ‌്ക്കുകയായിരുന്നു.

ഇതിനിടെ, ഇപിഎഫ‌് ഫണ്ടിൽനിന്ന‌് 15 ശതമാനം തുക ഓഹരി വിപണിയിൽ നിക്ഷേപിക്കാനും തീരുമാനിച്ചു. ഇതുവരെ 50,000 കോടി രൂപയാണ‌് നിക്ഷേപിച്ചത‌്. ഇതിനെ ട്രേഡ‌് യൂണിയനുകൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ, ധനമന്ത്രാലയത്തിന്റെ കടുത്ത സമ്മർദത്തിനു തൊഴിൽ മന്ത്രാലയം വഴങ്ങി. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് സമയമായതിനാലാണ‌് നിക്ഷേപത്തിന്റെ പലിശനിരക്ക‌്  നാമമാത്രമായെങ്കിലും ഉയർത്താൻ സർക്കാർ സമ്മതം മൂളിയത‌്. 


പ്രധാന വാർത്തകൾ
 Top