04 December Friday

വന്ന ശക്തി പിന്നെയില്ല ; കേസെടുത്തത്‌ 2,500ൽപരം; ശിക്ഷിക്കപ്പെട്ടത്‌ 18

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


ന്യൂഡൽഹി
ഇഡി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവ തീരെ കുറവ്‌. 2005നുശേഷം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എടുത്ത 2500ൽപരം കേസിൽ ശിക്ഷിക്കപ്പെട്ടത്‌ 18 ൽ മാത്രം. ബഹുഭൂരിപക്ഷം കേസും തള്ളിപ്പോകുകയോ അനന്തമായി നീളുകയോ ചെയ്‌തു‌.

രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവും കേസുകളെ ബാധിക്കുന്നതായി വിദഗ്‌ധർ പറയുന്നു. ഇഡിക്ക്‌ സ്വന്തമായി കേസെടുക്കാൻ അധികാരമില്ല. മറ്റേതെങ്കിലും ഏജൻസികൾ എടുക്കുന്ന കേസിന്റെ തുടർച്ച എന്ന നിലയിലാണ്‌ ഇഡി അന്വേഷണം. ഇഡിക്ക്‌ നേരിട്ട്‌ പരാതി ലഭിച്ചാലും പ്രാഥമിക പരിശോധനയ്‌ക്കുശേഷം മറ്റേതെങ്കിലും ഏജൻസിക്ക്‌ കൈമാറണം. സഹഏജൻസിയുടെ കേസ്‌ പരാജയപ്പെട്ടാൽ ഇഡി കേസും ദുർബലമാകും. 2ജി കേസിൽ സിബിഐ കേസ്‌ കോടതി തള്ളിയതോടെ ഇഡി വാദങ്ങൾ അപ്രസക്തമായി.

പ്രമുഖരെത്തേടി ഇഡി ബിജെപി
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, റോബർട്ട്‌ വാധ്ര, പി ചിദംബരം, കാർത്തി ചിദംബരം, നളിനി ചിദംബരം, അഹമ്മദ്‌ പട്ടേൽ,  ഭുപീന്ദർസിങ്‌‌ ഹൂഡ, മോത്തിലാൽ വോറ, ഡി കെ ശിവകുമാർ, ശരദ്‌പവാർ, പ്രഫുൽ പട്ടേൽ, അഖിലേഷ്‌ യാദവ്‌, അസംഖാൻ, മായാവതി, ലാലുപ്രസാദ്‌ യാദവും കുടുംബവും, ഛഗൻ ഭുജ്‌പാൽ, മദൻ മിത്ര, കുനാൽ സിങ്‌, നവീൻ ജിൻഡാൽ, ഡി എൻ റാവു, ഫാറൂഖ്‌ അബ്ദുള്ള, ഋതുൽ പുരി, അശോക്‌ ഗെലോട്ട്‌, അഗ്രസെൻ ഗെലോട്ട്‌,  സച്ചിൻ പൈലറ്റ്‌, കെ ഡി സിങ്‌, വീരഭദ്ര സിങ്‌, വൈ എസ്‌ ചൗധരി, രാജ്‌ താക്കറേ,  ശങ്കർ സിങ്‌ വഗേല, ക്യാപ്‌റ്റൻ അമരീന്ദർസിങ്‌, മകൻ രണീന്ദർ സിങ്‌.

യുപിഎ സർക്കാരിന്റെ കാലത്ത്‌
മധു കോഡ, ഹരിനാരായൺ  റായി,   ജഗൻമോഹൻ റെഡ്ഡി, ജി ജനാർദന റെഡ്ഡി,  എ രാജ, കനിമൊഴി, ദയാനിധി മാരൻ, കലാനിധി മാരൻ, സുരേഷ്‌ കൽമാഡി, ബാബ രാംദേവ്‌.

തീക്കട്ടയിലും ഉറുമ്പ്‌
ഇഡി ഉദ്യോഗസ്ഥരും കേസുകളിൽ കുടുങ്ങിയിട്ടുണ്ട്‌. ഐപിഎൽ വാതുവയ്‌പ്‌ കേസിലെ പ്രതിയിൽനിന്ന്‌ കോഴ വാങ്ങിയെന്ന കേസിൽ ഇഡി മുൻ ജോയിന്റ്‌ ഡയറക്ടർ ജെ പി സിങ്ങിനെ 2018ൽ സിബിഐ അറസ്റ്റ്‌ ചെയ്‌തു.
അന്നത്തെ ഇഡി ഡയറക്ടർ കർണാൽ സിങ്‌ വാതുവയ്‌പുകാരുമായി ചേർന്ന്‌ കുടുക്കിയതാണെന്ന്‌ ജെ പി സിങ്‌ ആരോപിച്ചു. കർണാൽ സിങ്‌ ഇത്‌ നിഷേധിച്ചു. രണ്ട്‌ ഇഡി ഉദ്യോഗസ്ഥർ കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായിട്ടുണ്ട്‌.

ഇഡിയെക്കുറിച്ച്‌ കോൺഗ്രസ്‌

സർക്കാരിനുവേണ്ടി ഇഡി അധികാരം ദുർവിനിയോഗം ചെയ്യുന്നു. ‘റെയ്‌ഡ്‌ രാജ്‌’ മോഡിസർക്കാരിന്റെ ജനിതകഘടനയുടെ ഭാഗമാണ്‌. അപഹാസ്യമായ അബദ്ധങ്ങളാണ്‌ ഇഡിയുടേത്‌‌’’.                 
പി ചിദംബരം (2018, ജനുവരി)

‘‘ഇഡി, സിബിഐ, നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങൾ എന്നിവയെ ഉപയോഗിച്ച്‌ പി ചിദംബരത്തിനെ സ്വഭാവഹത്യ നടത്താൻ മോഡിസർക്കാർ ശ്രമിക്കുന്നു.’’
രാഹുൽഗാന്ധി (2019, ആഗസ്‌ത്‌)

‘‘കോവിഡ്‌ കാലത്ത്‌ അഹമ്മദ്‌ പട്ടേലിന്റെ വീട്ടിലേക്ക്‌ ഇഡിയെ അയച്ചത്‌ സർക്കാരിന്റെ മുൻഗണനകൾ എത്രത്തോളം വഴിവിട്ടതാണെന്ന്‌ വ്യക്തമാക്കുന്നു.’’
പ്രിയങ്ക ഗാന്ധി (2020 ജൂലൈ)  

‘‘കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഇഡിയുടെ നോട്ടീസ്‌ ലഭിച്ച ഒരു ബിജെപി നേതാവിന്റെ പേര്‌ പറയാമോ? പല സംസ്ഥാന സർക്കാരുകളെയും മറിച്ചിടുകയും നൂറുകണക്കിനു കോടി രൂപ ഇതിനായി ചെലവിടുകയും ചെയ്‌തു. ആദായനികുതി വകുപ്പും ഇഡിയും ഇതൊന്നും അറിയുന്നില്ലേ?’’
ദിനേശ്‌ ഗുണ്ടുറാവു, എഐസിസി സെക്രട്ടറി (ഒക്ടോബർ 25)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top