14 October Monday

പൂഞ്ചില്‍ ഭീകരാക്രമണം; ഭീകരവാദികളെ വളഞ്ഞ് സൈന്യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

ശ്രീ​ന​ഗര്‍> നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടൽ. പൂഞ്ചിലെ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഉന്നത കമാന്‍ഡര്‍ അടക്കം മൂന്ന് ഭീകരവാദികള്‍ ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗ്രാമത്തില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന തിരച്ചിൽ നടത്തുന്ന സമയത്ത്‌ ആദ്യം ഭീകരരുടെ ഭാഗത്ത്‌ നിന്നാണ്‌ വെടിവെയ്‌പ്പ്‌ ഉണ്ടായത്‌.  ഇടയ്ക്കിടെ വെടിവെയ്‌പ്പ്‌ ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ബാരാമുള്ളയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. പത്താൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടികൂടി. സൈന്യവും ജമ്മു  കശ്മീര്‍‌ പൊലീസും സംയുക്തമായി വെള്ളിയാഴ്ച രാത്രിയോടെയാണ് ഓപ്പറേഷൻ തുടങ്ങിയത്. വെള്ളിയാഴ്ച കത്വയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.  കിഷ്‌ത്വാറിലെ ചാത്രുവിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. പരിക്കേറ്റ് രണ്ട് സൈനികര്‍ ചികിത്സയിലാണ്.

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെയാണ് ആശങ്കപടര്‍ത്തി ഭീകരാക്രമണം തുടരുന്നത്.  16 മണ്ഡലങ്ങളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് 18നാണ്. ശനിയാഴ്ച ദോഡയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മോദി പങ്കെടുത്തു. ഇതിന്റെ ഭാ​ഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയത്.
 






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top