17 June Monday

ഇവിഎം തിരിമറിക്ക്‌ മാർഗങ്ങൾ പലത‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

ന്യൂഡൽഹി> ഇലക‌്ട്രോണിക‌്  വോട്ടിങ‌് മെഷീനുകൾ (ഇവിഎം) സാങ്കേതികമായി തിരിമറികൾക്ക‌് അതീതമാണെന്ന‌്  കരുതാൻ കഴിയില്ലെന്ന‌് പുണെയിലെ സിംബിയോസിസ‌് ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് കംപ്യൂട്ടർ സ‌്റ്റഡീസിലെ  പ്രൊഫസറും ഇവിഎമ്മുകളെക്കുറിച്ച‌്  ദീർഘകാലമായി  പഠനം നടത്തുന്ന ഗവേഷകനുമായ അനുപം സറാപ‌്. ഇവിഎം ചിപ്പുകളിലെ പ്രോഗ്രാമിങ‌് ഇതുവരെ നിഷ‌്പക്ഷമായ ഓഡിറ്റിങ്ങിനു വിധേയമാക്കിയിട്ടില്ല. വിദേശത്തുനിന്ന‌് വാങ്ങുന്ന ചിപ്പുകൾ ഇലക‌്ട്രോണിക‌് കോർപറേഷൻ ഓഫ‌് ഇന്ത്യയും ഭാരത‌് ഇലക‌്ട്രോണിക‌്സും മെഷീനുകളിൽ ഘടിപ്പിക്കുക മാത്രമാണ‌് ചെയ്യുന്നത‌്. മോക്ക‌് വോട്ടെടുപ്പ‌് പരീക്ഷണം നടത്തുന്നതല്ലാതെ ഇവിഎമ്മിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ മറ്റ‌ു കാര്യങ്ങൾ ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന‌് തെരഞ്ഞെടുപ്പ‌ു കമീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട‌്.

ഈ ചിപ്പുകളുടെ വിശ്വാസ്യത ഉറപ്പില്ല. ചിപ്പുകൾ പല രീതിയിലുള്ള തിരിമറികൾക്ക‌് ഉപാധിയാക്കാമെന്ന‌് സാങ്കേതിക വിദഗ‌്ധർ പൊതുവെ അഭിപ്രായപ്പെടുന്നു. ദൂരത്തുനിന്ന‌് നിയന്ത്രിക്കാനുള്ള സാധ്യത ചിപ്പുകൾ ഒരുക്കുന്നു. മിസൈൽ നിയന്ത്രണ സംവിധാനങ്ങളിൽ പോലും ഇത്തരത്തിൽ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട‌്. തെരഞ്ഞെടുപ്പിനു മുമ്പ‌ുതന്നെ ഇവിഎമ്മുകൾ പ്രത്യേക രീതിയിൽ സംവിധാനം ചെയ്യാൻ കഴിയുമെന്ന‌് മിച്ചിഗൺ സർവകലാശാലയിലെ കപ്യൂട്ടർ വിദ‌ഗ‌്ധൻ അലക‌്സ‌് ഹാൽഡർമാൻ പറയുന്നു. വിവിപാറ്റ‌് സംവിധാനംവഴി ഇവിഎമ്മുകളുടെ കൃത്യത ഉറപ്പാക്കാൻ കഴിയില്ല. വോട്ടിന്റെ രസീത‌് ആധികാരികമല്ല. വോട്ടർക്ക‌് ലഭിക്കുന്ന രസീത‌് തന്നെയാണോ ഒത്തുനോക്കാൻ ഉപയോഗിക്കുന്നതെന്നും ഉറപ്പില്ലെന്ന‌് സറാപ‌് പറയുന്നു.

അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പ‌്  റഷ്യ സൈബർ ആക്രമണം വഴി  അട്ടിമറിച്ചതായി യുഎസ‌് ഫെഡറൽ അന്വേഷണ ഏജൻസി (എഫ‌്ബിഐ) നിരീക്ഷിച്ചിരുന്നു. ഇന്ത്യ, ശ്രീലങ്ക, നൈജീരിയ, അർജന്റീന എന്നിവിടങ്ങളിൽ അടക്കം ലോകമെമ്പാടുമായി 200ഓളം തെരഞ്ഞെടുപ്പുകളിൽ തിരിമറി നടത്തിയതായി കേംബ്രിഡ‌്ജ‌് അനലിറ്റിക്കയുടെ മാനേജിങ‌് ഡയറക്ടർമാർക്ക‌് ടേൺബുള്ളും ചീഫ‌് എക‌്സിക്യൂട്ടീവ‌് ഓഫീസർ അലക‌്സാണ്ടർ നിക‌്സും അവകാശപ്പെട്ടിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top