20 January Wednesday

വോട്ടിങ്‌ യന്ത്രങ്ങൾ പുറത്തുനിന്ന്‌ കൊണ്ടുവരുന്നു; തിരിമറി ആരോപിച്ച്‌ യുപി, ബിഹാർ, ഹരിയാന എന്നിവിടങ്ങളിൽ സംഘർഷം

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

ന്യൂഡൽഹി > കുറച്ചുദിവസമായി നിലനിൽക്കുന്ന ആരോപണങ്ങൾക്ക്‌ പിന്നാലെ ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീനില്‍ തിരിമറി നടത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് സംഘര്‍ഷം. വോട്ടിങ്‌ യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്‌ റൂമിലേക്ക് പുറത്തു നിന്നുള്ള വോട്ടിങ്‌ യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചതാണ് യുപി, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ സംഘര്‍ഷത്തിന് കാരണമായത്. എന്നാല്‍ ഇവ റിസര്‍വ്ഡ് ആയി സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളാണെന്നും വോട്ടെടുപ്പിന്റെ അന്ന് മാറ്റാന്‍ കഴിയാതിരുന്നതാണ് ഇന്നലെ മാറ്റാന്‍ ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ പറയുന്നു. അപ്പോഴും വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പാലിക്കുന്നില്ലെന്ന വ്യാപകമായ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ഉത്തര്‍ പ്രദേശിലെ ചന്ദൗലിയിലും ഗാസിപ്പൂരിലും ഇന്നലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റുന്നതു സംബന്ധിച്ച് തര്‍ക്കങ്ങളും സംഘര്‍ഷവുമുണ്ടായി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ കൈകളില്‍ ബിജെപി പ്രവര്‍ത്തകര്‍ തലേ ദിവസം ഭീഷണിപ്പെടുത്തി മഷി പുരട്ടിയ വിഷയം ഏറെ വിവാദമായ ഇടമാണ് ചൗന്ദൗലി. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്ക് പുറത്ത് എസ്.പി-ബി.എസ്.പി കക്ഷികളും കോണ്‍ഗ്രസും തങ്ങളുടെ പ്രവര്‍ത്തകരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ബിജെപി ഇതില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുമെന്നും അതിനാലാണ് സുരക്ഷയ്ക്കായി ആളെ നിയോഗിച്ചിരിക്കുന്നത് എന്നുമാണ് ഇവരുടെ വാദം.

 


ഇന്നലെ വൈകിട്ട് നാലു മണിയോടെ ഒരു വാഹനത്തില്‍ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍, വോട്ടെടുപ്പ് കഴിഞ്ഞ ശേഷമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് കൊണ്ടുവന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഒടുവില്‍ ജില്ലാ വരണാധികാരി സ്ഥലത്തെത്തി കൊണ്ടുവന്നത് റിസര്‍വ് ആയി സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല. ഒടുവില്‍ വോട്ടെടുപ്പ് കഴിഞ്ഞ വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം റിസര്‍വ് ആയി കൊണ്ടുവന്നവ വയ്ക്കില്ലെന്നും മറ്റൊരിടത്തേക്ക് ഇവ മാറ്റാമെന്നുമുള്ള ഉറപ്പിലാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

ഗാസിപ്പൂരില്‍ എസ്.പി-ബി.എസ്.പി സ്ഥാനാര്‍ത്ഥി അഫ്‌സല്‍ അന്‍സാരിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ എതിര്‍പ്പുയര്‍ത്തിയത്. ഇവിടേക്കും പുറത്തു നിന്നുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കുന്നുവെന്ന് ആരോപിച്ച അന്‍സാരി സ്‌ട്രോംഗ് റൂമിനു പുറത്ത് പ്രതിഷേധ സമരവും നടത്തി. ചന്ദൗലിയില്‍ നടന്നതു പോലെയുള്ള കാര്യങ്ങളാണ് ഗാസിപ്പൂരിലും നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

ബിഹാറിലെ മഹാരാജ്ഗഞ്ചിലും സമാനമായ സ്ഥിതിയുണ്ടായതായി പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു. പല സ്ഥലത്തു നിന്നും ഈ വിധത്തില്‍ ‘കടത്തിയ’ വോട്ടിംഗ് യന്ത്രങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി പാര്‍ട്ടി പറയുന്നു. ഇതിന്റെ ചിത്രങ്ങളും പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.

മഹാരാജ്ഗഞ്ച്, സരണ്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനു സമീപം വോട്ടിംഗ് യന്ത്രങ്ങള്‍ കയറ്റിയ വാഹനങ്ങള്‍ പല തവണ കണ്ടെന്നും ആര്‍ജെഡി ആരോപിക്കുന്നു.

ഹരിയാനയിലെ ഫത്തേഹബാദിലാണ് ഇതുപോലെ വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുവന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മേയ് 12-ന് ആറാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിയതാണ് വിവാദമായത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങള്‍ അനുസരിച്ച് വോട്ടെടുപ്പ് കഴിയുന്ന ദിവസം തന്നെ വോട്ടിംഗ് യന്ത്രങ്ങളും റിസര്‍വ് ആയി സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളും സ്‌ട്രോഗ് റൂമില്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ എത്തിച്ചിരിക്കണം എന്നാണ്. ഇത് മുഴുവന്‍ സമയവും സുരക്ഷയോടു കൂടി മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നുമാണ് നിയമം. എന്നാല്‍ പലയിടത്തും യാതൊരു സുരക്ഷയുമില്ലാതെ വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടു പോകുന്നത് പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനൊപ്പമാണ് വോട്ടെടുപ്പ് കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിനു ശേഷവും വോട്ടിംഗ് യന്ത്രങ്ങളും റിസര്‍വ് ചെയ്തിട്ടുള്ളവയുമൊക്കെ എത്തിക്കുന്ന വിഷയവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മേയ് 19-ന് സമാപിച്ച എഴു ഘട്ട വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കനത്ത ഭൂരിപക്ഷമാണ് പ്രവചിച്ചിരിക്കുന്നത്. മെയ് 23-നാണ് വോട്ടെടുപ്പ്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top