ന്യൂഡൽഹി
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതിൽ പകച്ച് തെരഞ്ഞെടുപ്പു കമീഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്തിയെന്ന് അവകാശപ്പെടുന്ന സയ്യിദ് ഷുജക്കെതിെരെ പൊലീസിൽ പരാതി നൽകിയെങ്കിലും വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തോട് കമീഷൻ മുഖം തിരിക്കുകയാണ്.
അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിച്ചതിന് സയ്യിദ് ഷുജയ്ക്കെതിരെ കേസെടുക്കണമെന്നാണ് ഡെൽഹി പൊലീസിനോട് ആവശ്യപ്പെട്ടത്. അതേസമയം, ഷുജ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം വേണമെന്ന് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രങ്ങൾ ഉപേക്ഷിക്കണമെന്നും പേപ്പർ ബാലറ്റ് രീതിയിലേക്ക് തെരഞ്ഞെടുപ്പ് കമീഷൻ മടങ്ങണമെന്നും ബിഎസ്പി ഉൾപ്പെടെയുള്ള ചില കക്ഷികൾ ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രങ്ങൾക്ക് വിവി പാറ്റ് സംവിധാനം ഉറപ്പാക്കണമെന്ന നിലപാട് ഇടതുപാർടികൾ ആവർത്തിച്ചു.
ഷുജയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാരിന് താൽപര്യമില്ല. ലണ്ടനിലെ വാർത്താസമ്മേളനം കോൺഗ്രസ് സംഘടിപ്പിച്ചതെന്നാണ് കേന്ദ്ര നിലപാട്. വാർത്താസമ്മേളന വേദിയിൽ കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ സാന്നിധ്യമാണ് ഇതിന് തെളിവായി ഉയർത്തുന്നത്. എന്നാൽ, ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ (യൂറോപ്പ്) പ്രസിഡന്റും സുഹൃത്തുമായ ആശിഷ് റേയുടെ ക്ഷണപ്രകാരമാണ് താൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് സിബലിന്റെ വിശദീകരണം.
വോട്ടിങ് യന്ത്രങ്ങളിൽ ഒരുതരത്തിലുള്ള കൃത്രിമവും നടക്കില്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് കമീഷൻ ആവർത്തിച്ചു. ആക്ഷേപങ്ങളിൽ എന്ത് നിയമനടപടി സ്വീകരിക്കാമെന്ന് പരിശോധിച്ചുവരികയാണെന്ന് വാർത്താക്കുറിപ്പിൽ കമീഷൻ വ്യക്തമാക്കി.
സയ്യിദ് ഷുജ തങ്ങളുടെ ജീവനക്കാരനായിരുന്നില്ലെന്ന് അറിയിച്ച് ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎൽ) തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. തെരഞ്ഞെടുപ്പ് കമീഷനായി വോട്ടിങ് യന്ത്രങ്ങൾ നിർമിക്കുന്ന രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ഇസിഐഎൽ. അതിൽ ജീവനക്കാരനായി പ്രവർത്തിക്കവെയാണ് 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കുന്നതായി ബോധ്യപ്പെട്ടതെന്നാണ് ഷുജയുടെ അവകാശവാദം. തെരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ച് മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെക്ക് അറിവുണ്ടായിരുന്നു. മോഡി മന്ത്രിസഭയിൽ അർഹമായ സ്ഥാനം ലഭിക്കാതെ വന്നപ്പോൾ തട്ടിപ്പ് വിവരം പുറത്തുവിടുമെന്ന് മുണ്ടെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ കൊലപ്പെടുത്തി. 2014ലെ വോട്ടിങ് കൃത്രിമം വാർത്തയാക്കുമെന്ന ഭയമാണ് മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ കാരണമെന്നും ഷുജ ആരോപിച്ചു.