21 August Wednesday

സംഭാവന വിവരങ്ങൾ തെര. കമീഷന‌് കൈമാറണം ; ഇലക്‌ടറൽ ബോണ്ട‌ിൽ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

ന്യൂഡൽഹി
എല്ലാ രാഷ്ട്രീയപാർടികളും ഇലക്ടറൽബോണ്ട‌് മുഖേന സ്വീകരിച്ച സംഭാവനകളുടെ  വിശദാംശങ്ങൾ പൂർണമായും കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷന‌് കൈമാറണമെന്ന‌് സുപ്രീംകോടതി. മെയ‌് 15 വരെ ലഭിക്കുന്ന ബോണ്ടുകളുടെ വിശദാംശങ്ങൾ   മെയ‌് 30നുള്ളിൽ സമർപ്പിക്കണം. ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ‌് ഉത്തരവ‌്. ഒാരോ ബോണ്ടും സംഭാവന ചെയ‌്തവരുടെ പേര‌്, മൂല്യം, തുക സ്വീകരിച്ച അക്കൗണ്ട‌് നമ്പർ തുടങ്ങി മുഴുവൻ വിശദാംശങ്ങളും  നൽകണം. തെരഞ്ഞെടുപ്പ‌് കമീഷൻ കോടതിയുടെ തുടർ ഉത്തരവ‌് പ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. സിപിഐ എം, അസോസിയേഷൻ ഫോർ ഡെമൊക്രാറ്റിക്‌ റിഫോം, കോമൺകോസ‌് തുടങ്ങിയവർ സമർപ്പിച്ച ഹർജികളിലാണ‌് വിധി. കേസിൽ വിശദമായ വാദം പിന്നീട്‌ കേൾക്കും.


വൻ ആഘാതമുണ്ടാക്കും
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ‌് പ്രക്രിയയിൽ തന്നെ വൻ ആഘാതമുണ്ടാക്കാവുന്ന ഭാരിച്ച വിഷയമാണ‌് ഇലക്ടറൽ ബോണ്ടെന്ന‌് ജസ‌്റ്റിസുമാരായ ദീപക‌്ഗുപ‌്ത, സഞ‌്ജീവ‌്ഖന്ന എന്നിവർ നിരീക്ഷിച്ചു. ഇത്തരം  വിഷയങ്ങളിൽ വിശദമായി വാദംകേൾക്കേണ്ടതുണ്ട‌്. ധനമന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം ഇലക്ടറൽബോണ്ടുകൾ സ്വീകരിക്കാവുന്ന കാലാവധി മെയ‌് 15ന‌് അവസാനിക്കുന്ന സാഹചര്യത്തിലാണ‌് വിശദാംശങ്ങൾ തെരഞ്ഞെടുപ്പ‌് കമീഷനെ അറിയിക്കാൻ നിർദേശിക്കുന്നതെന്ന‌് മൂന്നംഗബെഞ്ച‌് വിധിന്യായത്തിൽ വിശദീകരിച്ചു. അതേസമയം, പൊതുതെരഞ്ഞെടുപ്പിന‌് മുമ്പ‌്  സ‌്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല. അത്തരം നടപടികൾ സന്തുലിത നിലപാട‌ിന‌് വിഘാതമാകുമെന്ന നിഗമനത്തിലാണ‌് സ‌്റ്റേ അനുവദിക്കാതിരുന്നത‌്.

സുതാര്യതക്കുറവ്‌ ഉണ്ടാക്കുമെന്ന‌് ഹർജിക്കാർ
2018 ജനുവരി രണ്ടിനാണ‌് കേന്ദ്ര ധനമന്ത്രാലയം ‘ഇലക്ടറൽബോണ്ട‌് പദ്ധതി –-2018’ ന്റെ പ്രഖ്യാപനം നടത്തിയത‌്.  2019 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച‌് മെയ‌് മാസത്തിൽ ഇലക്ടറൽ ബോണ്ട‌് വാങ്ങാവുന്ന സമയക്രമം ആറ‌ാം തിയതി മുതൽ 15ാം തിയതി വരെയാണ‌്. ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ‌് കമീഷൻ മുമ്പാകെ സമർപ്പിക്കുന്ന വാർഷിക റിപ്പോർട്ടിൽ പോലും പരാമർശിക്കേണ്ട എന്നത‌് ഉൾപ്പടെയുള്ള വ്യവസ്ഥകൾ സുതാര്യതക്കുറവുണ്ടാക്കുമെന്ന‌് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. ആരൊക്കെയാണ‌് രാഷ്ട്രീയപാർടികൾക്ക‌് സംഭാവനകൾ നൽകുന്നതെന്നും അത്തരം സംഭാവനകളുടെ സ്രോതസ് എന്താണെന്നും അറിയാനുള്ള അവകാശം പൗരൻമാർക്കുണ്ട‌്. 2013ലെ കമ്പനി നിയമത്തിന്റെ ഭേദഗതിയിലൂടെ രാഷ്ട്രീയപാർടികളുടെ സംഭാവനകളുടെ പരിധി എടുത്തുകളഞ്ഞതും   2010ലെ വിദേശസംഭാവന നിയന്ത്രണനിയമത്തിന്റെ ഭേദഗതിയിലൂടെ പാർടികൾക്കുള്ള വിദേശനിക്ഷേപത്തിനുള്ള വഴി സുഗമമാക്കിയതും ഹർജിയിൽ ചോദ്യം ചെയ‌്തു. ഇലക്ടറൽ ബോണ്ടുകളുടെ  സുതാര്യതയില്ലായ‌്മയിൽ തെരഞ്ഞെടുപ്പ‌് കമീഷനും മുന്നറിയിപ്പ‌് നൽകിയിരുന്നു.
കണക്കിൽപ്പെടാത്ത സമ്പത്തിന‌് കടിഞ്ഞാണെന്ന‌് കേന്ദ്രം

രാഷ്ട്രീയസംഭാവനകളിലൂടെ രാജ്യത്തിന്റെ സമ്പദ‌്ഘടനയിലേക്ക‌് നുഴഞ്ഞുകയറുന്ന കണക്കിൽപ്പെടാത്ത സമ്പത്തിന‌് കടിഞ്ഞാണിടുകയാണ‌് ഇലക്ടറൽബോണ്ടിന്റെ ഉദ്ദേശമെന്ന വാദമാണ‌് കേന്ദ്രസർക്കാർ കോടതിയിൽ ഉന്നയിച്ചത‌്. ഇന്ത്യൻരാഷ്ട്രീയത്തിൽ കള്ളപ്പണം വലിയ അളവിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന‌് സ്ഥാപിക്കാൻ കാർണിജി എൻഡോവ‌്മെന്റ‌് ഫോർ ഇന്റർനാഷണൽ പീസിന്റെ റിപ്പോർട്ടും സർക്കാർ ഹാജരാക്കി.  നയങ്ങൾ നടപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ കോടതികൾ അനാവശ്യമായി ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെട്ടു.

എന്താണ‌് ഇലക്‌ടറൽ ബോണ്ട‌്
ന്യൂഡൽഹി
വിദേശത്തുനിന്നുൾപ്പെടെ കോർപറേറ്റ‌് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും രാഷ‌്ട്രീയ പാർടികൾ നേരിട്ട‌് സ്വീകരിക്കുന്ന സംഭാവനയാണ‌് ഇലക്ടറൽ ബോണ്ട‌്. രാഷ്ട്രീയപാർടികൾക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകയ്ക്കുള്ള ഇലക്ടറൽബോണ്ടുകൾ വാങ്ങിയാൽ മതി. ഇവ അംഗീകൃതബാങ്കുകളിലെ അവരവരുടെ അക്കൗണ്ടുകൾ മുഖേന പണമാക്കി മാറ്റാം.
ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകളും വാങ്ങാം. ബോണ്ടുകളിൽ ആരാണ് പണം നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല.  ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ കേന്ദ്രസർക്കാർ അറിയിക്കുന്ന 10 ദിവസങ്ങളിലായിരിക്കും ബോണ്ട് വിതരണം.

ഉത്തരവ‌് സ്വാഗതാർഹം: സിപിഐ എം
സ്വന്തം ലേഖകൻ
ന്യൂഡൽഹി
മോഡിസർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ടുകൾക്കെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ സിപിഐ എം പൊളിറ്റ‌്ബ്യൂറോ സ്വാഗതംചെയ‌്തു.  ജനപ്രാതിനിധ്യനിയമമടക്കമുള്ളവ തിരക്കിട്ട‌് ഭേദഗതിചെയ‌്താണ‌് മോഡി സർക്കാർ ഇലക്ടറൽ ബോണ്ട‌്  നടപ്പാക്കിയത‌്. പാർലമെന്റിൽ മതിയായ ചർച്ചയ‌്ക്കോ പരിശോധനയ‌്ക്കോ അവസരം നൽകിയില്ല. രാജ്യത്തിന്റെ സംവിധാനങ്ങളാകെ  കോർപറേറ്റുകൾക്ക‌് അടിയറവയ‌്ക്കുകയും ഇതിന്റെ പ്രത്യുപകാരം ഭരണകക്ഷിക്ക‌് ലഭ്യമാക്കുകയും ചെയ്യുന്നതിനാണ‌്  ഭേദഗതി.

കോടതി വിധിയിലൂടെ ഫണ്ടിങ‌് സംവിധാനത്തിൽ കുറെയെങ്കിലും സുതാര്യത ലഭിച്ചിരിക്കയാണ‌്.   ഏതു പാർടിക്ക‌് ആരിൽനിന്ന‌് എത്ര പണം കിട്ടിയെന്ന‌് ജനങ്ങൾ അറിയേണ്ടതുണ്ട‌്.   സിപിഐ എം ഉൾപ്പെടെ കക്ഷിയായ കേസിൽ ഇത്തരം വിധി ഉണ്ടായതിൽ പിബി തൃപ‌്തി പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ‌് ഫണ്ടിങ‌് സംവിധാനം പൂർണമായും സുതാര്യമാക്കാനും കോർപറേറ്റുകളും ഭരണകക്ഷിയും തമ്മിലുള്ള അവിശുദ്ധബന്ധം തകർക്കാനുമുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുമെന്നും പിബി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top