18 February Monday

തെരഞ്ഞെടുപ്പ്‌ സർവേ ഫലം: ബിജെപിക്ക്‌ ആശങ്ക

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

 ന്യൂഡല്‍ഹി> ബിജെപി ക്യാമ്പിൽ പഴയ ആത്മവിശ്വാസം ഇപ്പോഴില്ല. 2018ൽ പല വലതുമാധ്യമങ്ങളും സംഘടിപ്പിച്ച അഭിപ്രായസർവേകൾ പ്രകാരം മുന്നൂറിലേറെ സീറ്റ‌് എൻഡിഎ ഉറപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന‌് പ്രധാന സംസ്ഥാനങ്ങളിൽ ഭരണം നഷ‌്ടമായതോടെ വലതുമാധ്യമങ്ങളുടെ സർവേ ഫലങ്ങളും മാറിത്തുടങ്ങി. ഇപ്പോൾ പുറത്തുവരുന്ന അഭിപ്രായ സർവേ ഫലങ്ങളെല്ലാം  തൂക്കുസഭയാണ‌് പ്രവചിക്കുന്നത‌്. നിലവിൽ എൻഡിഎയുടെയോ യുപിഎയുടെയോ ഭാഗമല്ലാത്ത പാർടികൾക്കെല്ലാമായി 180 മുതൽ 200 വരെ സീറ്റ‌് ലഭിക്കുമെന്നാണ‌് സർവേ ഫലങ്ങൾ.

2019 തെരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെതന്നെ മുന്നിൽ നിർത്തി നേരിടാനാണ‌് സംഘപരിവാർ തീരുമാനം. വികസന വാഗ‌്ദാനങ്ങളെല്ലാം പാളിയതോടെ അയോധ്യ, മുത്തലാഖ‌്, സാമ്പത്തികസംവരണം തുടങ്ങി വർഗീയ ചേരിതിരിവ‌് ഉറപ്പുവരുത്തുന്ന വിഷയങ്ങളിലേക്ക‌് തെരഞ്ഞെടുപ്പ‌് അജണ്ടയെ മാറ്റാൻ ആർഎസ‌്എസ‌് നേതൃത്വത്തിൽ കാര്യമായി ശ്രമിക്കുന്നുണ്ട‌്.

ഉത്തരേന്ത്യയിലെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളൽ വീണുവെന്ന വിലയിരുത്തലാണ‌് സംഘപരിവാറിനുള്ളത‌്. മോഡിയുടെ ഭീമാബദ്ധമായി മാറിയ നോട്ട‌് അസാധുവാക്കലും  ജിഎസ‌്ടി നടപ്പാക്കലും കർഷകർക്കും വ്യാപാര–- ബിസിനസ‌് സമൂഹത്തിനും വലിയ ആഘാതമാണ‌് ഏൽപ്പിച്ചത‌്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രതിഫലനം പ്രകടമാവുകയും ചെയ‌്തു. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക‌് സംവരണം നൽകിയും മറ്റും കറൻസി പിൻവലിക്കലിന്റെ ക്ഷീണം മറികടക്കാനാണ‌്  ശ്രമം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top