20 March Wednesday

അഭിപ്രായ സർവേ: തുടക്കം 1957ൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

ന്യൂഡല്‍ഹി> എല്ലാ തെരഞ്ഞെടുപ്പുകൾക്ക‌ുമുമ്പും അഭിപ്രായവോട്ടെടുപ്പുകളും പ്രവചനങ്ങളും ഉണ്ടാകും. രാഷ്ട്രീയകക്ഷികൾ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ മാധ്യമങ്ങൾ വിജയ പരാജയ സാധ്യതകൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അഭിപ്രായ വോട്ടെടുപ്പുകളും എക‌്സിറ്റ‌് പോളുകളും വന്നതിനുശേഷമാണ‌് പ്രവചനങ്ങൾ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത‌്. തെരഞ്ഞെടുപ്പ‌് പ്രവചനങ്ങൾ ഏറ്റവും ദുഷ‌്കരമായ രാജ്യം ഇന്ത്യയാണ‌്. രാജ്യത്തെ ബഹുസ്വരതതന്നെയാണ‌് പ്രധാന തടസ്സം. പല പ്രദേശങ്ങളിലും ദേശീയ വിഷയങ്ങളേക്കാൾ കൂടുതൽ പ്രാദേശിക വിഷയങ്ങൾക്ക‌് പ്രാധാന്യം ലഭിക്കുന്നു. ഇത‌് തെരഞ്ഞെടുപ്പ‌് ഫലത്തിൽ നിർണായകമാണ‌്.
 
1957ൽ ആയിരുന്നു ഇന്ത്യയിൽ ആദ്യ തെരഞ്ഞെടുപ്പ‌് അഭിപ്രായ സർവേ. എറിക‌് ഡാ കോസ്റ്റയുടെ നേതൃത്വത്തിൽ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട‌്  ഓഫ‌് പബ്ലിക‌് ഒപ്പീനിയനാണ‌് സർവേ നടത്തിയത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം എങ്ങനെ ആകുമെന്ന‌് അവർ പ്രവചിച്ചു.
 പ്രൊഫഷണൽ സമീപനങ്ങളോടെയുള്ള സമഗ്രവും ശാസ‌്ത്രീയവുമായ ആദ്യ സർവേ 1980ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിലാണ‌് നടന്നത‌്. ഇന്ത്യൻ മാർക്കറ്റ‌് റിസർച്ച‌് ബ്യൂറോയാണ‌്  സർവേ നടത്തിയത‌്. തെരഞ്ഞെടുപ്പ‌് വിശകലന വിദഗ‌്ധൻ അശോക‌് ലാഹിരിയുടെ നേതൃത്വത്തിലായിരുന്നു സർവേ.

എൺപതുകളിൽ സർവേകൾ കുറച്ചുകൂടി ആധികാരികമായി.  ഇന്ത്യാ ടുഡേയ‌്ക്ക‌ുവേണ്ടി പ്രണോയ‌് റോയിയുടെ നേതൃത്തിൽ മാർഗ‌് നടത്തിയ സർവേ വോട്ടർമാർക്കായി പ്രത്യേക ചോദ്യാവലി തയ്യാറാക്കിയും 77,000 വോട്ടർമാരെ നേരിൽ കണ്ടുമാണ‌് നടത്തിയത‌്. 1989ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കൃത്യമായി ഫലം പ്രവചിക്കാൻ  പ്രണോയ‌് റോയിക്ക‌് സാധിച്ചു. 1991ലെ ഒട്ടുമിക്ക പ്രവചനങ്ങളും സാങ്കേതികമായി ശരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി തെറ്റായിരുന്നുവെന്നാണ‌് വിലയിരുത്തിയത‌്.


പ്രധാന വാർത്തകൾ
 Top