20 November Wednesday

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: കോൺഗ്രസ്‌ തകര്‍ന്നടിയുമെന്ന് സർവേ

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019

ന്യൂഡൽഹി >  തിങ്കളാഴ്‌ച നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസ്‌ തകർന്നടിയുമെന്ന്‌ സർവേ. സമീപകാലംവരെ ശക്തികേന്ദ്രമായ ഹരിയാനയിൽ കോൺഗ്രസ്‌ മൂന്ന്‌ സീറ്റിലേക്ക്‌ ഒതുങ്ങുമെന്ന്‌ എബിപി ന്യൂസ്‌–- സീ വോട്ടർ സർവേ പ്രവചിക്കുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസ്‌–- എൻസിപി സഖ്യത്തിന്‌ 86 സീറ്റ് പ്രവചിക്കുന്നു. ബിജെപിക്ക്‌ ഹരിയാനയിൽ 83 സീറ്റും മഹാരാഷ്ട്രയിൽ ബിജെപി–- ശിവസേനാ സഖ്യത്തിന്‌ 194 സീറ്റും പറയുന്നു.

റിപ്പബ്ലിക്‌ ടിവിയുടെ സർവേയിൽ 12 മുതൽ 15 വരെ സീറ്റാണ്‌ ഹരിയാനയിൽ കോൺഗ്രസിന്‌ പ്രവചിക്കുന്നത്‌. ദുഷ്യന്ത്‌ ചൗത്താലയുടെ ജെജെപിക്ക്‌ അഞ്ചുമുതൽ എട്ടുവരെ സീറ്റും ബിജെപിക്ക്‌ 58 മുതൽ 70 വരെ സീറ്റും പ്രവചിക്കുന്നു. മഹാരാഷ്ട്രയിൽ 225 മുതൽ 232 വരെ സീറ്റുകൾ ബിജെപി–- ശിവസേനാസഖ്യത്തിന്‌ ലഭിക്കും. 48 മുതൽ 52 വരെ സീറ്റുകൾ കോൺഗ്രസ്‌–- എൻസിപി സഖ്യത്തിന്‌ കിട്ടും. മറ്റുള്ളവർക്ക്‌ എട്ടുമുതൽ 11 വരെ സീറ്റുകളും സർവേ പ്രവചിക്കുന്നു.

മഹാരാഷ്ട്രയിലും ഹരിയാനയിലും പരസ്യപ്രചാരണം ശനിയാഴ്‌ച വൈകിട്ട്‌ അവസാനിക്കും. മഹാരാഷ്ട്രയിൽ 288 സീറ്റിലേക്കും ഹരിയാനയിൽ 90 സീറ്റിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്. 2014 ൽ ബിജെപിയും ശിവസേനയും കോൺഗ്രസും എൻസിപിയും സഖ്യമില്ലാതെയാണ്‌ മഹാരാഷ്ട്രയിൽ മത്സരിച്ചത്‌. ബിജെപി 122 സീറ്റും ശിവസേന 63 സീറ്റും നേടി. കോൺഗ്രസിന്‌ 42 ഉം എൻസിപിക്ക്‌ 41 ഉം സീറ്റും ലഭിച്ചു. ഹരിയാനയിൽ 47 സീറ്റ്‌ നേടിയാണ്‌ 2014 ൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്‌. ഐഎൻഎൽഡി 19 സീറ്റോടെ മുഖ്യപ്രതിപക്ഷമായപ്പോൾ കോൺഗ്രസ്‌ 15 സീറ്റിൽ ഒതുങ്ങി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top