21 February Thursday

തെരഞ്ഞെടുപ്പ‌് സഹകരണം: കോൺഗ്രസിലും എഎപിയിലും പൊട്ടിത്തെറി

സ്വന്തം ലേഖകൻUpdated: Sunday Jan 6, 2019

ന്യൂഡൽഹി > ലോക‌്സഭാതെരഞ്ഞെടുപ്പിൽ ഡൽഹിയിലും പഞ്ചാബിലും  കോൺഗ്രസും ആംആദ‌്മിയും സഹകരിക്കുമെന്ന റിപ്പോർട്ടുകൾക്ക‌് പിന്നാലെ ഇരുപാർടികളിലും പൊട്ടിത്തെറി. ഡൽഹി കോൺഗ്രസ‌് അധ്യക്ഷസ്ഥാനത്തുനിന്ന‌് അജയ‌്മാക്കൻ രാജിവച്ചതിന‌് പിന്നാലെ എഎപിയുടെ പഞ്ചാബിലെ  നേതാവും മുതിർന്ന അഭിഭാഷകനുമായ ഹർവിന്ദർസിങ‌് ഫൂൽക്കയും പാർടി വിട്ടു. ഡൽഹിയിൽ എഎപിയുമായി സഹകരിക്കുന്നതിനോട് അജയ‌്മാക്കന്‍ ശക്തമായി എതിര്‍പ്പറിയിച്ചിരുന്നു. എഎപിക്കുള്ള ജനപിന്തുണ ഇടിയുകയാണെന്നും ഒന്നിച്ച് മത്സ‌രിക്കുന്നതില്‍ കാര്യമായ നേട്ടമില്ലെന്നുമാണ് കോൺഗ്രസ‌് ഡൽഹി ഘടകം ഹൈക്കമാൻഡിന‌് നൽകിയ റിപ്പോർട്ട‌്.

എന്നാലിത് കോണ്‍​ഗ്രസ് നേതൃത്വം മുഖവിലയ‌്ക്ക‌് എടുത്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് അജയ‌്മാക്കൻ അധ്യക്ഷസ്ഥാനമൊഴിഞ്ഞത്. തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ടുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ‌് രാജിവച്ചതെന്ന‌ാണ‌് ഔദ്യോഗിക വിശദീകരണം. രാജിയോടെ ഡൽഹിയിൽ കോൺഗ്രസ‌്–-എഎപിസഹകരണത്തിനുള്ള പ്രതിബന്ധം നീങ്ങിയെന്നും ചില നേതാക്കൾക്ക‌് അഭിപ്രായമുണ്ട‌്.

സിഖ‌് വിരുദ്ധകലാപത്തിലെ ഇരകൾക്ക‌് നീതി ലഭിക്കാനുള്ള പോരാട്ടങ്ങൾക്ക‌് ജീവിതം ഉഴിഞ്ഞുവച്ച തനിക്ക് കോണ്‍​ഗ്രസുമായുള്ള സഹകരണം അം​ഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചാബിലെ എഎപി നേതാവ‌് എച്ച‌് എസ‌് ഫൂൽക്കെ രാജിവച്ചത്. 2011ൽ തുടങ്ങിയ അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ രാഷ്ട്രീയപാർടിയായി മാറ്റിയത‌് തെറ്റായിപ്പോയെന്ന‌് ഫൂൽക്കെ ഡൽഹിയിൽ പറഞ്ഞു.  കോണ്‍​ഗ്രസിനൊപ്പം മത്സരിക്കാന്‍ അരവിന്ദ് കെജ‌്‌രിവാള്‍ ശ്രമം തുടങ്ങിയെന്ന് എഎപി മുൻ നേതാവ‌് അശുതോഷാണ‌് ആദ്യം വെളിപ്പെടുത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top