25 June Tuesday

തർക്കങ്ങൾ രമ്യമായി പരിഹരിക്കണം; തെരഞ്ഞെടുപ്പ‌് കമീഷനിൽ അനുനയശ്രമം

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

ന്യൂഡൽഹി> തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ സഹകരിക്കണമെന്ന‌് അഭ്യർഥിച്ച‌് മുഖ്യതെരഞ്ഞെടുപ്പ‌് കമീഷണർ സുനിൽ അറോറ കമീഷണർ അശോക‌്‌ ലവാസയ‌്ക്ക‌് കത്തെഴുതി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി  അധ്യക്ഷൻ അമിത‌് ഷായ‌്ക്കും എതിരായ പെരുമാറ്റച്ചട്ടലംഘന പരാതികളിൽ തന്റെ ഭിന്നനിലപാട‌് ഉൾപ്പെടുത്താതെ ക്ലീൻചിറ്റ‌് പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച‌് അശോക‌്‌ ലവാസ കമീഷൻ യോഗങ്ങളിൽനിന്ന‌് വിട്ടുനിൽക്കുകയാണ‌്. അദ്ദേഹത്തെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണർ രണ്ട‌് കത്ത‌് നൽകിയത‌്. തെരഞ്ഞെടുപ്പ‌് പ്രക്രിയ പുരോഗമിക്കുകയാണെന്നും അതിനെ ആദരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കത്തുകളോട‌് ലവാസ പ്രതികരിച്ചിട്ടില്ല.

മോഡിക്കെതിരായ നാല‌് പരാതിയിലും അമിത‌് ഷാക്കെതിരായ ഒരു പരാതിയിലും ക്ലീൻചിറ്റ‌് നൽകിയ കമീഷൻ തീരുമാനത്തോട‌് അശോക‌് ലവാസ വിയോജിപ്പ‌് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണറും മറ്റൊരു  കമീഷണറായ സുശീൽ ചന്ദ്രയും ക്ലീൻചിറ്റ‌് നൽകണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഭൂരിപക്ഷ തീരുമാനപ്രകാരം പരാതികൾ തള്ളുകയാണെന്ന‌് കമീഷൻ ഉത്തരവ‌് പുറപ്പെടുവിച്ചു. തന്റെ ഭിന്നനിലപാട‌് പ്രധാന ഉത്തരവിന്റെ ഭാഗമാക്കണമെന്ന‌് ആവശ്യപ്പെട്ട‌് അശോക‌്‌ ലവാസ കത്ത‌് നൽകിയിട്ടും കാര്യമുണ്ടായില്ല. ഈ സാഹചര്യത്തിൽ കമീഷൻ യോഗങ്ങൾ ബഹിഷ്കരിക്കുകയാണെന്ന‌് ലവാസ മുഖ്യതെരഞ്ഞെടുപ്പ‌് കമീഷണറെ അറിയിച്ചു. അശോക‌്‌ ലവാസയുടെ വിയോജിപ്പ‌് പ്രധാന ഉത്തരവിന്റെ ഭാഗമാക്കുന്നത‌് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ ചൊവ്വാഴ‌്ച യോഗം ചേരുമെന്ന‌് കമീഷൻ അറിയിച്ചിട്ടുണ്ട‌്.  കമീഷൻ ഉത്തരവുകൾക്ക‌് ഭരണനിർവഹണ സ്വഭാവമാണുള്ളതെന്നും അതിനാൽ ഭിന്നനിലപാട‌് പ്രധാന ഉത്തരവിന്റെ ഭാഗമാക്കേണ്ടതില്ലെന്നുമാണ‌്  നിയമവിഭാഗത്തിന്റെ ഉപദേശം.

ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ലവാസയുടെ ആവശ്യം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ‌് മുഖ്യതെരഞ്ഞെടുപ്പ‌് കമീഷണറുടെ വിശദീകരണം. പെരുമാറ്റച്ചട്ട ലംഘനം തെളിയുന്ന സാഹചര്യത്തിൽ നേതാക്കൾക്ക‌് പ്രചാരണവിലക്കേർപ്പെടുത്തുന്നത‌് പോലുള്ള കടുത്ത നടപടികൾ കമീഷൻ സ്വീകരിക്കാറുണ്ടെന്നും അതിനാൽ കമീഷന‌് അർധജുഡീഷ്യൽ സ്വഭാവമാണുള്ളതെന്നും ലവാസ വാദിക്കുന്നു. ഭിന്നനിലപാടുകൾ പ്രധാന ഉത്തരവിന്റെ ഭാഗമാക്കേണ്ടത‌് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മോഡിക്കും അമിത‌് ഷായ‌്ക്കും എതിരായ പരാതികളിൽ കമീഷൻ മൃദുസമീപനമാണ‌് പുലർത്തിയതെന്ന ആക്ഷേപം ശക്തമായിരുന്ന സാഹചര്യത്തിലാണ‌് ലവാസയുടെ വിയോജിപ്പ‌് സംബന്ധിച്ച റിപ്പോർട്ടുകൾ.


പ്രധാന വാർത്തകൾ
 Top