04 November Monday

തെരഞ്ഞെടുപ്പ്‌ കമീഷൻ ഈയാഴ്‌ച മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും

പ്രത്യേക ലേഖകൻUpdated: Monday Sep 23, 2024



ന്യൂഡൽഹി
നിയമസഭ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ്‌ കമീഷൻ ഈയാഴ്‌ച ജാർഖണ്ഡും മഹാരാഷ്‌ട്രയും സന്ദർശിക്കും. 23, 24 തീയതികളിൽ ജാർഖണ്ഡും 27, 28 തീയതികളിൽ മഹാരാഷ്‌ട്രയും സന്ദർശിക്കാനാണ്‌ പരിപാടി. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ രാജീവ്‌കുമാർ, കമീഷണർമാരായ ഗ്യാനേഷ്‌കുമാർ, സുഖ്‌ബീർ സിങ്‌ സന്ധു എന്നിവരാണ്‌ എത്തുന്നത്‌. തുടർന്ന്‌, രണ്ട്‌ സംസ്ഥാനത്തും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും. വയനാട്‌ ലോക്‌സഭ സീറ്റിൽ അടക്കം ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും.

മഹാരാഷ്‌ട്രയിലെ 288 അംഗ നിയമസഭയുടെ കാലാവധി ഇക്കൊല്ലം നവംബർ 26 വരെയാണ്‌. 82 അംഗ ജാർഖണ്ഡ്‌ നിയമസഭയ്‌ക്ക്‌ അടുത്ത വർഷം ജനുവരി അഞ്ച്‌ വരെ കാലാവധിയുണ്ട്‌. കഴിഞ്ഞ മൂന്ന്‌ തവണയും ഹരിയാന, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുകൾ ഒരേസമയമാണ്‌ നടത്തിയത്‌. ഇത്തവണ ഹരിയാന, ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചപ്പോൾ മഹാരാഷ്‌ട്രയെ ഒഴിവാക്കി. ജമ്മു കശ്‌മീരിൽ കൂടുതൽ സുരക്ഷാസേനയെ നിയോഗിക്കേണ്ടതും മഹാരാഷ്‌ട്രയിലെ മഴയും ഉത്സവങ്ങളുമാണ്‌ ഇതിനു കാരണമായി മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ പറഞ്ഞത്‌. എന്നാൽ മഹാരാഷ്‌ട്രയിലെ എൻഡിഎ സർക്കാർ കടുത്ത ഭരണവിരുദ്ധവികാരം നേരിടുകയാണ്‌. ഇത്‌ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില പദ്ധതികൾ കൊണ്ടുവരാൻ സമയം നൽകുകയാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ചെയ്‌തതെന്ന്‌ ആരോപണം ഉയർന്നിരുന്നു.

ജമ്മു -കശ്‌മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ്‌ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഹരിയാനയിൽ 90 മണ്ഡലത്തിലും ഒക്ടോബർ അഞ്ചിനാണ്‌ വോട്ടെടുപ്പ്‌. രണ്ടിടത്തെയും വോട്ടെണ്ണൽ ഒക്ടോബർ എട്ടിന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top